image

12 Aug 2025 12:28 PM IST

Textiles

യുഎസ് താരിഫ്; തിരുപ്പൂരിന്റെ തുണിക്കട പൂട്ടുമോ?

MyFin Desk

യുഎസ് താരിഫ്; തിരുപ്പൂരിന്റെ തുണിക്കട പൂട്ടുമോ?
X

Summary

തിരുപ്പൂരിലെ 30 ശതമാനം കയറ്റുമതിക്കാരുടെ വ്യാപാരം യുഎസുമായി മാത്രം


യുഎസ് താരിഫ് ഇന്ത്യയുടെ നിറ്റ്വെയര്‍ തലസ്ഥാനമായ തിരുപ്പൂരിന് കനത്ത തിരിച്ചടിയാകും. നിലവിലുള്ള ഓര്‍ഡറുകള്‍ കമ്പനികള്‍ മറ്റ് രാജ്യങ്ങളിലേക്ക് മാറ്റുകയാണ്. ഈ ജില്ലയില്‍ നിന്ന് യുഎസിലേക്കുള്ള പ്രതിമാസ നിറ്റ്വെയര്‍ കയറ്റുമതി മാത്രം 2,000 കോടിയുടേതാണ് എന്നത് തിരിച്ചടിയുടെ വ്യാപ്തി വ്യക്തമാക്കുന്നു. ഈ സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രം ശരിയായ നടപടി സ്വീകരിക്കുമെന്നാണ് തിരുപ്പൂരിലെ കയറ്റുമതിക്കാര്‍ വിശ്വാസം.

ഇന്ത്യയില്‍ നിന്നുള്ള ഓര്‍ഡറുകള്‍ തല്‍ക്കാലം കുറഞ്ഞ താരിഫ് ഉള്ള ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, വിയറ്റ്‌നാം, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് യുഎസ് കമ്പനികള്‍ വഴിതിരിച്ചുവിടുകയാണ്. ഈ രാജ്യങ്ങള്‍ വസ്ത്ര കയറ്റുമതിയില്‍ ഇന്ത്യയുടെ എതിരാളികളുമാണ്.

തിരുപ്പൂര്‍ ജില്ലയിലെ ഏകദേശം 30 ശതമാനം പേര്‍ യുഎസുമായി മാത്രമാണ് വ്യാപാരം നടത്തുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം തിരുപ്പൂര്‍ 44,747 കോടി രൂപയുടെ നിറ്റ്വെയറാണ് കയറ്റുമതി ചെയ്തത്. ഇതില്‍ കുട്ടികളുടെ വസ്ത്രങ്ങള്‍, പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വേണ്ടിയുള്ള ഫോര്‍മല്‍ വസ്ത്രങ്ങള്‍, കാഷ്വല്‍ വസ്ത്രങ്ങള്‍ എന്നിങ്ങനെ വിവിധ തരം വസ്ത്രങ്ങള്‍ ഉള്‍പ്പെടുന്നു.

അടിസ്ഥാന താരിഫുകളും മറ്റ് തീരുവകളും ചില നെയ്ത വസ്ത്രങ്ങളുടെ നിരക്കുകള്‍ 64% വരെ ഉയര്‍ത്തുന്നുണ്ട്. ഇത് എതിരാളികളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളെ അപേക്ഷിച്ച് 35% വരെ വില വര്‍ദ്ധിപ്പിക്കുന്നു.തമിഴ്നാടിന്റെ ടെക്സ്‌റ്റൈല്‍ ബെല്‍റ്റ് യുഎസ് ഓര്‍ഡറുകള്‍വഴി തിരിച്ചുവരവിന് തയ്യാറെടുക്കുന്ന സമയത്താണ് ഈ തിരിച്ചടി.

രാജ്യത്തെ ടെക്‌സ്റ്റൈല്‍ മേഖലക്ക് കനത്ത തിരിച്ചടിയാണ് യുഎസ് താരിഫ് മൂലം സംഭവിക്കുക. 50 ശതമാനം നികുതി നടപ്പിലാക്കുന്നതിനുമുമ്പുതന്നെ യുഎസ് കമ്പനികള്‍ വ്യാപാരത്തില്‍ നിന്ന് പിന്മാറിയതും ഓര്‍ഡറുകള്‍ ക്യാന്‍സല്‍ ചെയ്യുന്നതും ഇതിന്റെ സൂചനകളാണ്.

യുഎസ് നല്‍കിയ സമയ പരിധിക്കുള്ളില്‍ ഒരു കരാറിലെത്താന്‍ കഴിയില്ല എന്നതും മേഖലയുടെ നെഞ്ചിടിപ്പേറ്റുന്നു.