25 April 2022 11:50 AM IST
Summary
കേരളത്തിലെ മനോഹരമായ വെള്ളച്ചാട്ടം ഏതെന്ന് ചോദിച്ചാൽ കണ്ണും പൂട്ടി എല്ലാവരും അതിരപള്ളിയുടെ പേര് പറയും.ചാലക്കുടിയിൽ നിന്നും ഈ വിസ്മയത്തിലേക്കുള്ള ദൂരം വെറും പതിമൂന്നു കിലോമീറ്ററാണ്. ഇടതൂർന്ന മഴക്കാടുകൾ നിറഞ്ഞ അതിരപ്പള്ളി-ചാലക്കുടി റോഡ്, ഏക്കറുകളോളം നീണ്ടു കിടക്കുന്ന എണ്ണപനകൾ,വിസ്മയങ്ങൾക്കെല്ലാം സാക്ഷിയായി ഒഴുകുന്ന ചാലക്കുടിപുഴ.ഇങ്ങനെ,ഏറെ മനോഹാരിത നിറഞ്ഞതാണ്, അതിരപ്പള്ളിയിലേക്കുള്ള വഴികളും കാഴ്ചകളും. പ്രവേശന പാസ് എടുത്ത് വേണം അകത്ത് കടക്കാൻ.പിന്നെ പടവുകൾ കയറിയും ഇറങ്ങിയുമുള്ള നടത്തമാണ്.കല്ല് പാകിയ നടവഴികളോട് ചേർന്ന് മുള വേലികൾ കെട്ടിയിട്ടുണ്ട്.മരങ്ങളിലും മുളകളിലും വേലികളിലുമെല്ലാം കിളികളും മലയണ്ണാനും […]
കേരളത്തിലെ മനോഹരമായ വെള്ളച്ചാട്ടം ഏതെന്ന് ചോദിച്ചാൽ കണ്ണും പൂട്ടി എല്ലാവരും അതിരപള്ളിയുടെ പേര് പറയും.ചാലക്കുടിയിൽ നിന്നും ഈ വിസ്മയത്തിലേക്കുള്ള ദൂരം വെറും പതിമൂന്നു കിലോമീറ്ററാണ്. ഇടതൂർന്ന മഴക്കാടുകൾ നിറഞ്ഞ അതിരപ്പള്ളി-ചാലക്കുടി റോഡ്, ഏക്കറുകളോളം നീണ്ടു കിടക്കുന്ന എണ്ണപനകൾ,വിസ്മയങ്ങൾക്കെല്ലാം സാക്ഷിയായി ഒഴുകുന്ന ചാലക്കുടിപുഴ.ഇങ്ങനെ,ഏറെ മനോഹാരിത നിറഞ്ഞതാണ്, അതിരപ്പള്ളിയിലേക്കുള്ള വഴികളും കാഴ്ചകളും.
പ്രവേശന പാസ് എടുത്ത് വേണം അകത്ത് കടക്കാൻ.പിന്നെ പടവുകൾ കയറിയും ഇറങ്ങിയുമുള്ള നടത്തമാണ്.കല്ല് പാകിയ നടവഴികളോട് ചേർന്ന് മുള വേലികൾ കെട്ടിയിട്ടുണ്ട്.മരങ്ങളിലും മുളകളിലും വേലികളിലുമെല്ലാം കിളികളും മലയണ്ണാനും കേരളത്തിന്റെ ദേശീയ പക്ഷിയായ വേഴാമ്പലുമൊക്കെ സഞ്ചാരികളെ സ്വാഗതം ചെയ്യും.
കൽപടവുകൾ പിന്നിട്ട് മുന്നിലേക്ക് നടക്കുമ്പോൾ മുളം കാടുകളിലെ കാറ്റ് ഉടലാകെ തണുപ്പ് കൊണ്ട് പൊതിയും.ഇടയ്ക്കിടയ്ക്ക് എത്തുന്ന ചാറ്റൽ മഴയിൽ ശരീരവും മനസ്സും ഒരുപോലെ കുളിരുമ്പോൾ ദൂരെ കാണാനാകും സൗത്ത് ഇന്ത്യൻ നയാഗ്രയുടെ വശ്യ സൗന്ദര്യം.
മഴക്കാലത്തും വേനൽ കാലത്തും അതിരപ്പള്ളിയുടെ സൗന്ദര്യത്തിന് വ്യത്യസ്ഥ ഭാവമാണ്. വേനലിൽ മെലിഞ്ഞ് ശാന്തമായി താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം,മഴക്കാലത്ത് പാറക്കൂട്ടങ്ങളിൽ തട്ടി നിറഞ്ഞൊഴുകും.എൺപതടി ഉയരത്തിൽ നിന്ന് കുത്തനെ താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം മഴക്കാലത്ത് കാട്ടിത്തരുന്നത് രൗദ്രതയുടെ വശ്യതയാണ്.
വെള്ളച്ചാട്ടത്തിനു താഴേക്ക് സന്ദർശകർക്ക് പ്രവേശനമില്ല.അപകട സാധ്യതകളെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും മുന്നറിയിപ്പ് നൽകുന്ന ധാരാളം ബോർഡുകളും അപായ സൂചനകളും യാത്ര മദ്ധ്യേ കാണാനാകും.ചാലക്കുടി പുഴയും ആവേശത്തോടെ താഴേയ്ക്ക് പതിക്കുന്ന വെള്ളച്ചാട്ടവും കാടിന്റെ ഹരിതാഭയും സഞ്ചാരികൾക്ക് സമ്മാനിക്കുക നവ്യാനുഭൂതി തന്നെയാണ്.
വന്യമൃഗങ്ങളും കിളികളും ചീവിടുകളും നിറഞ്ഞ മഴക്കാടിനൊപ്പമുള്ള യാത്ര ഏറ്റവും മനോഹരമായ കാടനുഭവം തന്നെയാകുമെന്ന് ഉറപ്പ്.ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ നിന്നും 30 കിലോ മീറ്ററും തൃശ്ശൂരിൽ നിന്ന് 53 കിലോമീറ്ററും സഞ്ചരിച്ചാൽ റോഡ് മാർഗം ഇവിടെ എത്താം.കണ്ണും മനസ്സും കുളിർപ്പിക്കാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്ക് രണ്ടാമതൊന്നു ആലോചിക്കാതെ പുറപ്പെടാൻ പറ്റിയ ഇടം കൂടിയാണ് അതിരപ്പള്ളി.