2 July 2023 8:00 PM IST
Summary
- ആഭ്യന്തര യാത്രാ ബുക്കിംഗുകള്‍ കൊറോണയ്ക്ക് മുമ്പുള്ള തലത്തെ മറികടന്നു
- ആദ്യപാദത്തില്‍ സോളോ യാത്രകളില്‍ 250 % ഉയര്‍ച്ച
- ആഗോള തലത്തിലെ പ്രിയ ഡെസ്റ്റിനേഷന്‍ ഹനോയ്
രാജ്യത്ത് ഒറ്റയ്ക്കുള്ള യാത്രകള്‍ നടത്തുന്നവരുടെ എണ്ണം ഉയരുകയാണെന്നും ജമ്മു കശ്മീർ, മണാലി, ഷിംല എന്നിവിടങ്ങളാണ് സോളോ യാത്രികര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളെന്നും സര്‍വെ റിപ്പോര്‍ട്ട്. സ്വന്തം സമയത്തിന്‍റെയും മുന്‍ഗണനകളുടെയും അടിസ്ഥാനത്തില്‍ സ്ഥലങ്ങൾ പര്യവേക്ഷണം ചെയ്യാൻ കഴിയുമെന്നതാണ് പലരേയും ഇപ്പോള്‍ ഒറ്റയ്ക്കുള്ള യാത്രയിലേക്ക് ആകര്‍ഷിക്കുന്നതെന്ന് അടുത്തിടെ പുറത്തിറങ്ങിയ ട്രാവൽ ട്രെൻഡ് റിപ്പോർട്ട് പറയുന്നു. പ്രമുഖ ട്രാവൽ ഫിൻടെക് ആയ സാൻകാഷ് ആണ് ഈ സര്‍വേ റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്.
"35 ശതമാനം" ഏകാന്ത യാത്രികര്‍ തങ്ങളുടെ അവധിക്കാലം ആഘോഷിക്കാൻ ആഗ്രഹിക്കുന്നത് ജമ്മു കാശ്മീരിലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 25 ശതമാനം പേര്‍ തെരഞ്ഞെടുത്ത മണാലിയാണ് രണ്ടാം സ്ഥാനത്ത് ഷിംല (14 ശതമാനം) എന്നിവയുണ്ട്. മുസ്സൂറി, സിക്കിം, ഗോവ എന്നീ നഗഗങ്ങള്‍ക്ക് യഥാക്രമം 9 ശതമാനം, 7 ശതമാനം, 5 ശതമാനം എന്നിങ്ങനെ ബുക്കിംഗുകൾ സോളോ യാത്രികരില്‍ നിന്ന് ലഭിച്ചിട്ടുണ്ട്..
"പ്രകൃതി സൗന്ദര്യത്തിനും സാംസ്കാരിക സമൃദ്ധിക്കും പേരുകേട്ട ഡെസ്‍റ്റിനേഷനുകള്‍ സഞ്ചാരികളുടെ ഹൃദയം കവർന്നുകൊണ്ട് ജനപ്രീതി ഉയരുകയാണ്. 2023 മാർച്ചിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്താനാകുന്നത് ആഭ്യന്തര യാത്രകൾ കൂടുതൽ ജനപ്രിയമാവുന്നു എന്നാണ്. ആഭ്യന്തര ശേഷി വിനിയോഗം ഇതിനകം തന്നെ പകർച്ചവ്യാധിക്ക് മുമ്പുള്ള നിലവാരത്തെ മറികടന്നു. ആഭ്യന്തര യാത്രയ്ക്കുള്ള ബുക്കിംഗുകള്‍ മഹാമാരിക്ക് മുമ്പുണ്ടായിരുന്ന തലത്തിലേക്ക് 100 ശതമാനവും എത്തിക്കഴിഞ്ഞു," സാൻകാഷിന്റെ സഹസ്ഥാപകനും സിഇഒയുമായ ആകാശ് ദാഹിയ പറഞ്ഞു.
സ്വയം പര്യവേക്ഷണം, സാഹസികത, പ്രകൃതിയുമായി ഇഴുകിച്ചേരൽ എന്നിവയ്ക്ക് സഞ്ചാരികൾ കൂടുതല്‍ പ്രാധാന്യം നല്‍കുന്ന തരത്തില്‍, യാത്രാ രീതികളിൽ ശ്രദ്ധേയമായ മാറ്റം സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ മുന്‍ വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് 250 ശതമാനം വര്‍ധന ഏകാന്ത യാത്രകളില്‍ ഉണ്ടായെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
"ഏറ്റവും മുൻഗണനയുള്ള ട്രെൻഡായി സോളോ യാത്ര ചാർട്ടിൽ ഒന്നാമതെത്തിയിരിക്കുന്നു, യാത്രക്കാർ തങ്ങളെ മാത്രമല്ല ലോകത്തെയും അവരുടെ വേഗത്തിലും മുൻഗണനയിലും പര്യവേക്ഷണം ചെയ്യാൻ ആഗ്രഹിക്കുന്നു. സ്വാതന്ത്ര്യത്തിന്‍റെയും അനായാസതയുടെയും വികാരം യാത്രികരില്‍ നിറയുന്നതാണ് ഈ പ്രവണതയ്ക്ക് ആക്കം കൂട്ടുന്ന പ്രധാന ഘടകങ്ങൾ. സ്വയം കംഫർട്ട് സോണിൽ നിന്ന് പുറത്തുകടക്കാനും സഹയാത്രികരുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് വഴങ്ങാതിരിക്കാനും സാധിക്കുമെന്നതാണ് യാത്രികര്‍ കണക്കാക്കുന്നത് ," റിപ്പോര്‍ട്ടില്‍ പറയുന്നു.
പൊതു ഗതാഗത സംവിധാനങ്ങളും ഇരുചക്ര വാഹനങ്ങളുമാണ് സോളോ യാത്രികര്‍ കൂടുതലായും തങ്ങളുടെ യാത്രകള്‍ക്കായി തെരഞ്ഞെടുക്കുന്നത്. യൂട്യൂബിലും മറ്റുമുള്ള നിരവധി ട്രാവല്‍ വ്ലോഗുകളിലൂടെ ഒട്ടേറേ ഡെസ്റ്റിനേഷനുകളും അവയെ സംബന്ധിച്ച വിവരങ്ങളും യാത്രികരിലേക്ക് എത്തുന്നതും സോളോ യാത്രകള്‍ക്ക് പ്രചോദനമായി മാറുന്നുണ്ട്.
ആഗോള തലത്തില്‍ സോളോ യാത്രികര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നഗരം വിയറ്റ്നാമിലെ ഹനോയ് ആണെന്നാണ് 2 വര്‍ഷത്തെ ഗൂഗിള്‍ ഡാറ്റയുടെ അടിസ്ഥാനത്തില്‍ അടുത്തിടെ പുറത്തുവന്ന ഒരു ഡാറ്റ വ്യക്തമാക്കുന്നത്. ഒറ്റയ്ക്കുള്ള പര്യവേക്ഷണങ്ങള്‍ക്ക് യാത്രികര്‍ ഏറെ സെര്‍ച്ച് ചെയ്തത് ഈ വിയറ്റ്നാം തലസ്ഥാനത്തെ ആണെന്ന് IOL.co.za എന്ന വെബ്സൈറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
തായ്ലാന്‍ഡിലെ ബാങ്കോക്ക്, തായ്വാനിലെ തായ്പേയ്, ദക്ഷിണ കൊറിയയിലെ സിയോൾ, കംബോഡിയയിലെ നോം പെൻ, വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റി, മലേഷ്യയിലെ ക്വാലാലംപുർ, ഓസ്ട്രേലിയയിലെ പെർത്ത്, സിംഗപ്പൂർ, ഓസ്ട്രേലിയയിലെ സിഡ്നി എന്നിവിടങ്ങളാണ് ആഗോള തലത്തില്‍ സോളോ ട്രിപ്പുകള്‍ക്കായി യാത്രികര്‍ ഏറെ താല്‍പ്പര്യം പ്രകടമാക്കുന്ന ഡെസ്റ്റിനേഷനുകള്‍.