image

20 May 2025 4:01 PM IST

Travel & Tourism

തുര്‍ക്കിയെയും അസര്‍ബൈജാനെയും കൈവിട്ട് ഇന്ത്യന്‍ സഞ്ചാരികള്‍

MyFin Desk

തുര്‍ക്കിയെയും അസര്‍ബൈജാനെയും   കൈവിട്ട് ഇന്ത്യന്‍ സഞ്ചാരികള്‍
X

Summary

  • ഈ മാറ്റം ഇന്ത്യാ-പാക് സംഘര്‍ഷത്തിനുശേഷം
  • ഈ രണ്ടു രാജ്യങ്ങളിലേക്കുമുള്ള ബുക്കിംഗ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ സ്വീകരിക്കുന്നില്ല


ഇന്ത്യാ-പാക് സംഘര്‍ഷത്തിനുശേഷം രാജ്യത്തെ ജനങ്ങളുടെ യാത്രാ താല്‍പ്പര്യങ്ങളില്‍ മാറ്റമുണ്ടായതായി റിപ്പോര്‍ട്ട്. സംഘര്‍ഷത്തില്‍ പാക്കിസ്ഥാനെ പരസ്യമായി പിന്തുണച്ച തുര്‍ക്കിയെയും അസര്‍ബൈജാനെയും ഇപ്പോള്‍ ഇന്ത്യാക്കാര്‍ ഒഴിവാക്കുന്നു. ഈ രണ്ടു രാജ്യങ്ങളിലേക്കുമുള്ള വിസ അപേക്ഷകളില്‍ 42 ശതമാനം ഇടിവുണ്ടായതായി വിസ പ്രോസസ്സിംഗ് പ്ലാറ്റ്ഫോമായ അറ്റ്‌ലിസ് പറയുന്നു.

സംഘര്‍ഷം രൂക്ഷമായി 36 മണിക്കൂറിനുള്ളില്‍, 60 ശതമാനം ഉപയോക്താക്കളും ഈ രണ്ട് രാജ്യങ്ങളിലേക്കുള്ള വിസ അപേക്ഷാ പ്രക്രിയയില്‍ നിന്ന് പിന്മാറയതായി അറ്റ്‌ലിസിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ മോഹക് നഹ്ത പറഞ്ഞു. വിവരങ്ങളുടെയും ലഭ്യമായ ബദലുകളുടെയും അടിസ്ഥാനത്തില്‍ യാത്രക്കാര്‍ പദ്ധതികള്‍ മാറ്റിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

തുര്‍ക്കി, അസര്‍ബൈജാന്‍ എന്നിവയ്ക്കുള്ള എല്ലാ മാര്‍ക്കറ്റിംഗ് ശ്രമങ്ങളും അറ്റ്‌ലിസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു. ട്രാവല്‍ പോര്‍ട്ടലുകളും ടൂര്‍ ഓപ്പറേറ്റര്‍മാരും ഈ രാജ്യങ്ങളിലേക്കുള്ള ബുക്കിംഗുകള്‍ എടുക്കുന്നത് നിര്‍ത്തിവച്ചതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. മുന്‍ യാത്രാ പദ്ധതികളുടെ റദ്ദാക്കലുകള്‍ 260 ശതമാനം വര്‍ധിച്ചു.

2024 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2025 ലെ ആദ്യ പാദത്തില്‍ തുര്‍ക്കിയിലേക്കും അസര്‍ബൈജാനിലേക്കും ഉള്ള അപേക്ഷകളില്‍ 64 ശതമാനം വര്‍ധനവ് ഉണ്ടായിരുന്നു. ഇസ്താംബുള്‍, കപ്പഡോഷ്യ, ബാക്കു എന്നിവ ഇന്ത്യന്‍ യാത്രക്കാര്‍ക്ക് പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളായിരുന്നു.

ഡല്‍ഹി, മുംബൈ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള തുര്‍ക്കി യാത്രാ അപേക്ഷകളില്‍ മെട്രോ നഗരങ്ങളില്‍ 53 ശതമാനം കുറവ് രേഖപ്പെടുത്തിയപ്പോള്‍, ഇന്‍ഡോര്‍, ജയ്പൂര്‍ ഉള്‍പ്പെടെയുള്ള രണ്ടാം നിര നഗരങ്ങളില്‍ 20 ശതമാനം കുറവ് രേഖപ്പെടുത്തി.

കുടുംബ യാത്രകള്‍ ഉള്‍പ്പെടെയുള്ള ഗ്രൂപ്പ് വിസ അപേക്ഷകള്‍ 49 ശതമാനം കുറഞ്ഞു. ഒറ്റയ്ക്കും ദമ്പതികള്‍ക്കുമുള്ള അപേക്ഷകളില്‍ 27 ശതമാനം കുറവുണ്ടായി. ഇത് സൂചിപ്പിക്കുന്നത് വലിയ യാത്രാ ഗ്രൂപ്പുകള്‍, പലപ്പോഴും മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്നവര്‍, വ്യക്തിഗത യാത്രക്കാരേക്കാള്‍ വേഗത്തില്‍ പ്രതികരിച്ചു എന്നാണ്.

തുര്‍ക്കിയില്‍ അപേക്ഷകള്‍ ഉപേക്ഷിക്കുന്നതില്‍ 70 ശതമാനത്തിലധികവും 25 നും 34 നും ഇടയില്‍ പ്രായമുള്ള യാത്രക്കാരാണെന്ന് അറ്റ്‌ലിസ് ഡാറ്റ വ്യക്തമാക്കുന്നു.

തുര്‍ക്കി, അസര്‍ബൈജാന്‍ എന്നിവിടങ്ങളിലേക്ക് വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞതോടെ മറ്റ് സ്ഥലങ്ങളിലേക്കുള്ള സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചു. വിയറ്റ്‌നാം, ഇന്തോനേഷ്യ, ഈജിപ്ത് എന്നിവിടങ്ങളിലേക്കുള്ള യാത്രാ അപേക്ഷകളില്‍ 31 ശതമാനം വരെ വര്‍ധനവുണ്ടായി റിപ്പോര്‍ട്ട് പറയുന്നു.