20 Oct 2023 5:29 PM IST
Summary
- വന്ദേ ഭാരതിനേക്കാൾ വേഗം
- ഡൽഹിയിൽ നിന്ന് ഒരു മണിക്കൂർ കൊണ്ട് മീററ്റിലെത്താം
രാജ്യത്തെ ആദ്യ സെമി ഹൈസ്പീഡ് റീജിയണൽ റയിൽ സർവീസായ റാപിഡ് എക്സ് പ്രധാന മന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഉത്തര്‍പ്രദേശിലെ സാഹിബാദിനേയും ദുഹായും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പുതിയ ട്രെയിൻ സർവീസ്. ``നമോ ഭാരത്'' എന്നാണ് നാമകരണം ചെയ്തിരിക്കുന്നത് .
രാജ്യത്തിന് ഇതൊരു ചരിത്ര ദിനമാണെന്നും ദില്ലിയിലും യുപിയിലും ഹരിയാനയിലും രാജസ്ഥാനിലും നമോ ട്രെയിനുകളുടെ സർവീസുകൾ തുടങ്ങുമെന്ന് പ്രധാനമന്ത്രി പറഞ്ഞു..
നഗര പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനായുള്ള അതിവേഗ ട്രെയിനാണ് നമോ ഭാരത്. ഒരു മണിക്കൂറിനുള്ളിൽ ഡൽഹിയിൽ നിന്ന് മീററ്റിലെത്താൻ ജനങ്ങൾക്ക് കഴിയുക എന്നതാണ് പദ്ധതിയുടെ ലക്‌ഷ്യം. ദൽഹി-ഗാസിയാബാദ്-മീററ്റിലാണ് റീജിയണൽ റെയിൽ സർവീസ് ഇടനാഴിയുള്ളത്. ഈ കോറിഡോറിലെ 17 കിലോമീറ്റർ ട്രാമാണ് ഇപ്പോൾ തുറന്നിരിക്കുന്നത്. നാളെ മുതൽ ട്രെയിൻ സർവീസ് തുടങ്ങും.
160 മുതൽ 180 കിലോമീറ്ററാണ് പരമാവധി വേഗം. ശരാശരി വേഗത 100 കിലോമീറ്ററാവും. പരീക്ഷണ ഓട്ടത്തിൽ മണിക്കൂറിൽ 146 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ സഞ്ചരിച്ചിരുന്നു. രാവിലെ 6 മണിമുതൽ രാത്രി 11 വരെയാണ് ട്രെയിൻ സർവീസ് നടത്തുന്നത്. ആദ്യ ഘട്ടത്തിൽ ഓരോ 15 മിനിട്ടു ഇടവിട്ടു സർവീസ് ഉണ്ടായിരിക്കും പിന്നീട് 5 മിനിറ്റ് ഇടവിട്ടായിരിക്കും സർവീസ്. ഓരോ സ്റ്റേഷനിലും 30 സെക്കന്റ് മാത്രമാകും സ്റ്റോപ്പ്. ഓരോ റേക്കിലും ആറു കോച്ചുകളാമുണ്ടായിരിക്കുക.
നാഷണൽ കാപ്പിറ്റൽ റീജിയൻ ട്രാൻസ്‌പോർട് കോര്പറേഷനാണ് റാപ്പിഡ് റയിൽ പദ്ധതിക്കായി ഇടനാഴി നിർമ്മിക്കുന്നത്. 30,274 കോടി രൂപയാണ് പദ്ധതിച്ചെലവ്.