20 May 2025 4:25 PM IST
Summary
- ഇന്ത്യയുടെ ഷെങ്കന്‍ വിസ നിരസിക്കല്‍ നിരക്ക് 15ശതമാനം
- ഇന്ത്യയില്‍നിന്നുള്ള അപേക്ഷകളില്‍ അനുവദിക്കപ്പെട്ടത് 9,36,748 എണ്ണം
കഴിഞ്ഞ വര്‍ഷം നല്‍കിയ ഇന്ത്യയില്‍നിന്നുള്ള ഷെങ്കന്‍ വിസ അപേക്ഷകളില്‍ ആറില്‍ ഒന്ന് നിരസിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. 9,36,748 വിസാ അപേക്ഷകള്‍ അംഗീകരിച്ചു.
കഴിഞ്ഞ വര്‍ഷം ഷെങ്കന്‍ വിസ അപേക്ഷകളുടെ കാര്യത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. 1.1 ദശലക്ഷം അപേക്ഷകള്‍ സമര്‍പ്പിച്ചതായി യൂറോപ്യന്‍ കമ്മീഷന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 9,36,748 വിസകള്‍ അനുവദിച്ചു. 1,65,266 എണ്ണം നിരസിച്ചു. ഇത് ഇന്ത്യയുടെ ഷെങ്കന്‍ വിസാ നിരസിക്കല്‍ നിരക്ക് 15% ആയി സൂചിപ്പിക്കുന്നു.
അംഗീകാര നിരക്ക് 84.5% ആയിരുന്നു. അംഗീകരിച്ചവരില്‍, ഏകദേശം 63% പേര്‍ക്ക് മള്‍ട്ടിപ്പിള്‍-എന്‍ട്രി വിസകള്‍ ലഭിച്ചു. ഇത് വിസയുടെ സാധുതയ്ക്കുള്ളില്‍ ഒന്നിലധികം തവണ ഷെങ്കന്‍ പ്രദേശത്തേക്ക് പ്രവേശിക്കാനും പുറത്തേക്ക് പോകാനും അനുവദിക്കുന്നു.
2024 ല്‍ ഏറ്റവും കൂടുതല്‍ ഷെങ്കന്‍ വിസ അപേക്ഷകള്‍ സമര്‍പ്പിച്ചത് ചൈനയാണ്. 1.69 ദശലക്ഷം അംഗീകാരങ്ങള്‍ അവര്‍ക്ക് ലഭിച്ചു. 1.17 ദശലക്ഷം അപേക്ഷകളുമായി തുര്‍ക്കി രണ്ടാം സ്ഥാനത്താണ്. ഇതില്‍ 9,93,875 എണ്ണം അംഗീകരിക്കുകയും 170,129 എണ്ണം നിരസിക്കുകയും ചെയ്തു.
ഷെങ്കന്‍ ഏരിയ അംഗരാജ്യങ്ങള്‍ നല്‍കുന്ന ഒരു എന്‍ട്രി പെര്‍മിറ്റാണ് ഷെങ്കന്‍ വിസ. ഇത് യൂറോപ്യന്‍ യൂണിയന്‍ ഇതര പൗരന്മാര്‍ക്ക് ഷെങ്കന്‍ ഏരിയയിലേക്ക് ഒരു ഹ്രസ്വകാലത്തേക്ക് യാത്ര ചെയ്യാനും അവിടെ താമസിക്കാനും ഈ വിസ അനുവദിക്കുന്നു. സാധാരണയായി 90 ദിവസം വരെ ഷെങ്കന്‍ വിസ ലഭിക്കും. ടൂറിസം, ബിസിനസ്, കുടുംബ സന്ദര്‍ശനം, ചികിത്സ, ഹ്രസ്വകാല പഠനം എന്നിവയ്ക്ക് ഇത് സഹായകമാണ്.