29 Sept 2025 11:52 AM IST
Summary
ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഏഴെണ്ണം കശ്മീരിലും അഞ്ചെണ്ണം ജമ്മുവിലുമാണ്
പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം അടച്ചിട്ട കാശ്മീരിലെ 12 വിനോദ സഞ്ചാര കേന്ദ്രങ്ങള്‍കൂടി തുറക്കുന്നു. ഭീകരാക്രമത്തെതുടര്‍ന്ന് കാശ്മീരിലെ 48ഓളം ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് അടച്ചുപൂട്ടിയിരുന്നത്.ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ഒരു പ്രധാന സുരക്ഷാ യോഗത്തിന് ശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടത്. തുറക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഏഴെണ്ണം കശ്മീരിലും അഞ്ചെണ്ണം ജമ്മുവിലുമാണ്.
അരു വാലി, റാഫ്റ്റിംഗ് പോയിന്റ് യാനര്‍, അക്കാദ് പാര്‍ക്ക്, പാദ്ഷാഹി പാര്‍ക്ക്, ബിജ്‌ബെഹാര, ദാര ഷിക്കോ ഗാര്‍ഡന്‍ എന്നിവയുള്‍പ്പെടെ പഹല്‍ഗാമിലും പരിസരത്തുമുള്ള പാര്‍ക്കുകളും ഉദ്യാനങ്ങളും ടൂറിസ്റ്റുകള്‍ക്കായി വീണ്ടും തുറന്നു. ജമ്മു ഡിവിഷനില്‍ വീണ്ടും തുറന്നവയില്‍ റംബാനിലെ ഡാഗന്‍ ടോപ്പ്, കതുവയിലെ ധഗ്ഗര്‍, റിയാസിയിലെ ചിങ്ക, സലാലിലെ ശിവ് ഗുഹ, റിയാസി, ദോഡയിലെ പാദ്രി എന്നിവയാണ്. എന്നാല്‍ ഭീകരാക്രമണം നടന്ന ബൈസരന്‍ താഴ്വര സുരക്ഷാ കാരണങ്ങളാല്‍ ഇപ്പോള്‍ തുറക്കില്ല. ദൂത്പത്രി, അഹര്‍ബല്‍ എന്നിവയുള്‍പ്പെടെ നിരവധി ജനപ്രിയ സ്ഥലങ്ങള്‍ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്.
ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ശ്രീനഗറിലെ 'യൂണിഫൈഡ് കമാന്‍ഡ്' ആസ്ഥാനത്താണ്് ഉന്നതതല യോഗം നടന്നത്. യോഗത്തിനുശേഷമാണ് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കാനുള്ള തീരുമാനം സ്വീകരിച്ചത്.ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ക്ക് പുറമേ, പ്രാദേശിക പോലീസ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരും ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു.
കാശ്മീരിലെ ജനങ്ങളുടെ പ്രധാന വരുമാന സ്രോതസാണ് വിനോദ സഞ്ചാരം. അതിനാല്‍ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തടുര്‍ച്ചയായി അടച്ചിടുന്നത് ജനങ്ങളുടെ വരുമാനത്തെ ബാധിക്കും. ഇപ്പോള്‍ രാജ്യം ഉത്സവാഘോഷവേളയിലൂടെ കടന്നുപോകുകയാണ്. ഈ സാഹചര്യത്തില്‍ കാശ്മീരിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നത് ജമ്മു കാശ്മീരിലെ ടൂറിസത്തെ ഉത്തേജിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.