16 April 2025 3:12 PM IST
Summary
- ഇന്ത്യയില്‍ 1 മുതല്‍ 2 ശതമാനം വരെ മാത്രമാണ് സുസ്ഥിര ടൂറിസം വിപണി
- ആഗോളതലത്തില്‍ സുസ്ഥിര വിനോദസഞ്ചാരം പത്ത് വര്‍ഷത്തിനുള്ളില്‍ 11.4 ട്രില്യണ്‍ ഡോളറാകും
ഇന്ത്യയുടെ സുസ്ഥിര ടൂറിസം വിപണി നിലവിലെ 37 മില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് ഒരു ദശാബ്ദത്തിനുള്ളില്‍ 216 മില്യണ്‍ യുഎസ് ഡോളറായി വളരുമെന്ന് മേക്ക് മൈ ട്രിപ്പ് സ്ഥാപകനും ചെയര്‍മാനുമായ ദീപ് കല്‍റ.മെയ്ക്ക് മൈ ട്രിപ്പ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ഒരു യാത്രാ കോണ്‍ക്ലേവിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുസ്ഥിരതയുടെ കാര്യത്തില്‍, ഇന്ന് ഇന്ത്യയിലെ മൊത്തം ടൂറിസത്തിന്റെ 1 മുതല്‍ 2 ശതമാനം വരെ മാത്രമേ സുസ്ഥിരമെന്ന് വിളിക്കാന്‍ കഴിയൂ.
ആഗോളതലത്തില്‍ സുസ്ഥിര വിനോദസഞ്ചാരം പത്ത് വര്‍ഷത്തിനുള്ളില്‍ 11.4 ട്രില്യണ്‍ യുഎസ് ഡോളറായി വളരുമെന്ന് അദ്ദേഹം അറിയിച്ചു. നടപ്പു സാമ്പത്തിക വര്‍ഷം ഇത് ഏകദേശം 3.12 ട്രില്യണ്‍ യുഎസ് ഡോളറാണ്.
'കഴിഞ്ഞ വര്‍ഷം ഡോളര്‍ അടിസ്ഥാനത്തില്‍ ഇത് 2.73 ട്രില്യണ്‍ ഡോളറായിരുന്നു. ഇപ്പോള്‍ സാമ്പത്തിക വര്‍ഷം ആകുമ്പോഴേക്കും ഇത് 3.12 ട്രില്യണ്‍ ആയി. എന്നാല്‍ 10 വര്‍ഷത്തിനുള്ളില്‍ ഇത് 11.4 ട്രില്യണ്‍ ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് എല്ലാ സുസ്ഥിര യാത്രകളുടെയും ഏകദേശം 10 ശതമാനമായിരിക്കും,' ആഗോള സുസ്ഥിര ടൂറിസം വളര്‍ച്ചാ സാഹചര്യത്തെക്കുറിച്ച് കല്‍റ പറഞ്ഞു.
ഇന്ത്യയില്‍, ടൂറിസം മന്ത്രാലയം സുസ്ഥിര വിനോദസഞ്ചാരത്തിനായുള്ള ഒരു ദേശീയ നയം രൂപപ്പെടുത്തിയിട്ടുണ്ട്. അതില്‍ പരിസ്ഥിതി, ജൈവവൈവിധ്യ സംരക്ഷണം, സാമ്പത്തിക സുസ്ഥിരത , സാമൂഹിക-സാംസ്‌കാരിക സുസ്ഥിരത, സുസ്ഥിര ടൂറിസത്തിന്റെ സര്‍ട്ടിഫിക്കേഷന്‍ പദ്ധതി എന്നിവ ഉള്‍പ്പെടുന്നു.
രാജ്യത്ത് വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും വിനോദസഞ്ചാരികളെയും ടൂറിസം ബിസിനസുകളെയും സുസ്ഥിര ടൂറിസം രീതികള്‍ സ്വീകരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി മന്ത്രാലയം ട്രാവല്‍ ഫോര്‍ ലൈഫ് സംരംഭവും ആരംഭിച്ചു.