image

25 Jun 2022 12:06 PM IST

Business

വൈദ്യുതി നിരക്ക് വര്‍ദ്ധന ഇന്ന് അര്‍ദ്ധരാത്രി മുതല്‍

MyFin Desk

വൈദ്യുതി നിരക്ക് വര്‍ദ്ധന ഇന്ന് അര്‍ദ്ധരാത്രി മുതല്‍
X

Summary

തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അടുത്ത ഒരു വര്‍ഷത്തേക്കുള്ള പുതുക്കിയ വൈദ്യുത നിരക്ക് പ്രഖ്യാപിച്ചു. വൈദ്യുത നിരക്കില്‍ സംസ്ഥാനത്ത് 6.6 ശതമാനം വര്‍ദ്ധനവാണ് വരുത്തിയിട്ടുള്ളത്. പുതുക്കിയ നിരക്കുകള്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. 100 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 25 പൈസയുടെ വര്‍ദ്ധനവാണുണ്ടായിട്ടുള്ളത്. നിലവിലെ നിരക്കായ 3.70 രൂപയില്‍ നിന്നും 3.95 രൂപയായി ഇത് ഉയരും. 101 യൂണിറ്റുമുതല്‍ 150 യൂണിറ്റ് വരെയുള്ള ഉപഭോക്താക്കള്‍ക്ക് 4.80 രൂപയില്‍ നിന്നും അഞ്ച് രൂപയായി […]


തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അടുത്ത ഒരു വര്‍ഷത്തേക്കുള്ള പുതുക്കിയ വൈദ്യുത നിരക്ക് പ്രഖ്യാപിച്ചു. വൈദ്യുത നിരക്കില്‍ സംസ്ഥാനത്ത് 6.6 ശതമാനം വര്‍ദ്ധനവാണ് വരുത്തിയിട്ടുള്ളത്. പുതുക്കിയ നിരക്കുകള്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.
100 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 25 പൈസയുടെ വര്‍ദ്ധനവാണുണ്ടായിട്ടുള്ളത്. നിലവിലെ നിരക്കായ 3.70 രൂപയില്‍ നിന്നും 3.95 രൂപയായി ഇത് ഉയരും.
101 യൂണിറ്റുമുതല്‍ 150 യൂണിറ്റ് വരെയുള്ള ഉപഭോക്താക്കള്‍ക്ക് 4.80 രൂപയില്‍ നിന്നും അഞ്ച് രൂപയായി നിരക്കുയരും. 151 മുതല്‍ 200 യൂണിറ്റ് വരെയുള്ള ഉപഭോക്താക്കള്‍ക്ക് 6.40 രൂപയില്‍ നിന്നും 6.80 രൂപയായും, 201 മുതല്‍ 250 രൂപ വരെയുള്ള യൂണിറ്റിന് 7.60 രൂപയില്‍ നിന്നും 8 രൂപയാകും. 300 യൂണിറ്റിന്റേത് 5.80 രൂപയില്‍ നിന്നും 6.20 രൂപയാകും. 350യൂണിറ്റിന് ഇനി 6.60 രൂപയില്‍ നിന്നും 7 രൂപ നല്‍കേണ്ടി വരും.
400 യൂണിറ്റിന് 6.90 രൂപയില്‍ നിന്നും 7.35 രൂപയും, 500 യൂണിറ്റിന്
7.10
രൂപയില്‍ നിന്നും 7.60 രൂപയും നല്‍കണം. 500 യൂണിറ്റിനു മുകളില്‍ 7.90 രൂപയില്‍ നിന്നും ഇനി 8.50 രൂപ നല്‍കണം.
നിരക്ക് വര്‍ദ്ധന ബാധിക്കാത്തവര്‍
1000 വാട്ട് വരെ കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവരുമായ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് താരിഫ് വര്‍ദ്ധനയില്ല. നിലവില്‍ 1.50 രൂപയാണ് നിരക്ക്.
പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും താരിഫ് വര്‍ദ്ധനയില്ല. സംസ്ഥാനത്ത് ഏകദേശം 25 ലക്ഷം ഉപഭോക്താക്കളാണ് ഈ വിഭാത്തിലുള്ളത്. ഇവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. ഈ വിഭാഗത്തിലെ നിലവിലെ നിരക്ക് 3.15 രൂപയാണ്.
അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍, അംഗന്‍വാടികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് താരിഫ് വര്‍ദ്ധനയില്ല. ഏകദേശം 35,200 ഉപഭോക്താക്കളാണ് ഈ വിഭാഗത്തിലുള്ളത്.
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 1000 വാട്ട് വരെ കണ്ക്ടഡ് ലോഡുള്ള കുടുംബങ്ങളില്‍ ക്യാന്‍സര്‍ രോഗികളോ സ്ഥിരമായി അംഗവൈകല്യം ബാധിച്ചവരോ ഉണ്ടെങ്കില്‍ താരിഫ് വര്‍ദ്ധനയില്ല. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സൗജന്യ നിരക്ക് അതേപടി നിലനിര്‍ത്തിയിട്ടുണ്ട്.
ചെറിയ പെട്ടിക്കടകള്‍,ബാങ്കുകള്‍,തട്ടുകടകള്‍ തുടങ്ങിയ വിഭാഗത്തിനുള്ള കുറഞ്ഞ നിരക്കിലുള്ള താരിഫിന്റെ ആനുകൂല്യം 1000 വാട്ടില്‍ നിന്നും 2000 വാട്ടായി വര്‍ദ്ധിപ്പിച്ചു.ഏകദേശം 5.5 ലക്ഷം ഉപഭോക്താക്കള്‍ക്ക് ഈ നേട്ടം ലഭിക്കും.
കാര്‍ഷിക ഉപഭോക്താക്കള്‍ക്കുള്ള എനര്‍ജി ചാര്‍ജും വര്‍ദ്ധിപ്പിച്ചിട്ടില്ല. പത്ത് കിലോവാട്ടുവരെ കണക്ടഡ് ലോഡും ചെറുകിട വ്യവസായങ്ങളായ അരിപൊടിക്കുന്ന മില്ലുകള്‍, തയ്യല്‍ ജോലി ചെയ്യുന്നവര്‍, തുണി തേച്ചു കൊടുക്കുന്നവര്‍ തുടങ്ങിയവർക്കും, ചെറുകിട സംരംഭകര്‍ക്കുള്ള വൈദ്യുതി നിരക്ക് ആനുകൂല്യം തുടരും. ഈ വിഭാഗങ്ങള്‍ക്ക് ശരാശരി യൂണിറ്റിന് 15 പൈസയുടെ താരിഫ് വര്‍ദ്ധനവ് വരും.
സംസ്ഥാനത്ത് നിലവില്‍ ഏകദേശം 133 ലക്ഷത്തോളം വൈദ്യുതി ഉപഭോക്താക്കളാണുള്ളത്. ഇതില്‍ 103.6 ലക്ഷത്തോളം പേര്‍ ഗാര്‍ഹിക ഉപഭോക്താക്കളും, അതില്‍ 97 ലക്ഷത്തിലധികം പേര്‍ സിംഗിള്‍ ഫേസ് ഉപഭോക്താക്കളുമാണ്.