1 Jan 2023 9:37 PM IST
Summary
- 2022 ല്‍ വിനോദസഞ്ചാരം വികസനക്കുതിപ്പിലേക്ക്
കോഴിക്കോട്: കാഴ്ചയുടെയും രുചിയുടെയും നാടായ കോഴിക്കോടിന്റെ 2022 ലെ വിനോദ സഞ്ചാര വികസനക്കുതിപ്പിലേക്ക് എത്തിനോക്കുമ്പോള്‍ കഴിഞ്ഞ ദിനങ്ങള്‍ ഒട്ടേറെ കാഴ്ചകളും അനുഭവങ്ങളും കൊണ്ട് സമ്പന്നമായിരുന്നു.
കോവിഡിന്റെ പ്രതിസന്ധി തീര്‍ത്ത രണ്ടു വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ടൂറിസം മേഖലയില്‍ വന്‍നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞതായി കാണാം.
കോഴിക്കോട് താമരശ്ശേരിക്കടുത്തു തുഷാരഗിരിയില്‍ ഓഗസ്റ്റ് മാസത്തില്‍ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന ഇന്റര്‍നാഷണല്‍ കയാക്കിങ് കോമ്പറ്റിഷന്‍ വേറിട്ടതായിരുന്നു.
ആവേശത്തിരയിളക്കി ബേപ്പൂരില്‍ ജലമഹോത്സവം നടത്തിയപ്പോള്‍ ജലസാഹസികത തീര്‍ത്ത കലാദൃശ്യ വിസ്മയം കാണാന്‍ ആയിരക്കണക്കിന് പേരാണ് എത്തിയത്.
തിരമാലകള്‍ക്കൊപ്പം ഇളകിയാടുന്ന ബേപ്പൂരിലെ ഫ്‌ലോട്ടിങ് ബ്രിഡ്ജ് ഇവിടെ വിസ്മയം തീര്‍ത്തു. ഒരു കൂട്ടം ചെറുപ്പക്കാരുടെ സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ ഭാഗമായി നിര്‍മ്മിക്കപ്പെട്ട കേരളത്തിലെ ആദ്യത്തെ ഫ്‌ലോട്ടിങ് ബ്രിഡ്ജ് ജനശ്രദ്ധ പിടിച്ചു പറ്റി
18 ല്‍ പരം രാജ്യങ്ങളില്‍ നിന്നുള്ള പതിനായിരത്തിലേറെ മത്സ്യങ്ങളും, കടല്‍ജീവികളും അവയ്ക്കായി സമുദ്രവും, ലഗൂണുകളും ഒരുക്കുന്ന ആവാസവ്യവസ്ഥയും പരിസ്ഥിതിയും പുനരാവിഷ്‌കരിച്ചുകൊണ്ട് നഗരത്തിന്റെ ഹൃദയഭാഗത്ത് സാഗര വിസ്മയമൊരുക്കി ചലിക്കുന്ന അണ്ടര്‍ വാട്ടര്‍ ടണല്‍ അക്വെറിയം ഒട്ടേറെ ടൂറിസ്റ്റുകളെ കോഴിക്കോട്ടെത്തിച്ചു.
കൊയിലാണ്ടിയിലെ പയ്യോളിക്കടുത്തു 'കോഴിക്കോടിന്റെ കുട്ടനാട്' എന്നറിപ്പെടുന്ന അകലാപ്പുഴയില്‍ ജലയാത്രയുടെ വസന്തം തീര്‍ത്ത് കൊണ്ടാരംഭിച്ച ശിക്കാരി ബോട്ടിങ് സര്‍വീസ്,മലബാറിലെ ടൂറിസം മേഖലക്ക് ഉണര്‍വ്വേകി.
വിവിധ സംസ്ഥാനങ്ങളിലെ കരകൗശല വിദഗ്ധരെയും പരമ്പരാഗത കലാകാരന്മാരെയും ഒന്നിപ്പിച്ചുകൊണ്ട്, കോഴിക്കോട് സ്വപ്ന നഗരിയില്‍ വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന മലബാര്‍ ക്രാഫ്റ്റ് മേള, കേരളത്തിന്റെ കരകൗശല മേഖലയുടെ കുതിപ്പിന് ആക്കം കൂട്ടി.
കേരളത്തിന്റ പ്രശസ്ഥി ലോകം മുഴുവന്‍ എത്തിച്ചുകൊണ്ട്, കരകൗശല വിദഗ്ധരും മരപ്പണിക്കാരും ചേര്‍ന്ന് നിര്‍മ്മിച്ചെടുക്കുന്നതാണ് ബേപ്പൂര്‍ ഉരു. കോവിഡിന്റെ അടച്ചുപൂട്ടലിനു ശേഷം 2022 ല്‍ മൂന്നോളം ഉരു നീറ്റിലിറക്കിക്കൊണ്ട്
ഗള്‍ഫ് രാജ്യങ്ങളുമായുള്ള കേരളത്തിന്റെ വ്യാപാര ബന്ധത്തിന്റെയും സൗഹൃദത്തിന്റെയുംപഴയ പ്രതാപം വീണ്ടെടുക്കാനായതും 2022 ന്റെ നേട്ടമായി കണക്കാക്കാം.
എല്ലാ വര്‍ഷവും കലയെ സ്‌നേഹിക്കുന്നവരെ കോഴിക്കോടേക്ക് ആകര്‍ഷിക്കുന്ന ഒന്നാണ് പ്രശസ്തമായ ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കരകൗശല വിദഗ്ദര്‍ 2022 ന്റെ അവസാന നാളുകളില്‍ ഇവിടെ വിസ്മയം തീര്‍ത്തുകൊണ്ടിരിക്കുന്നു
ബജറ്റ് ടൂറിസത്തിന്റെ ചുവടുപിടിച്ചുകൊണ്ട് കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ കോഴിക്കോടിന്റെ വിനോദസഞ്ചാര മേഖല വലിയ ഉണര്‍വ് നേടിയെടുത്തതോടൊപ്പം തന്നെ ടൂറിസം മേഖലയില്‍ വന്‍ സാമ്പത്തിക നേട്ടം സൃഷ്ടിച്ചെടുക്കുന്നതിനും സാക്ഷ്യം വഹിച്ചു കൊണ്ടാണ് 2022 അവസാനിച്ചത്