image

27 Dec 2022 6:32 PM IST

Kerala

ഏഴ് വര്‍ഷത്തിനിടെ സ്‌കൂളുകളില്‍ നടത്തിയത് മൂവായിരം കോടിയുടെ വികസനം: മന്ത്രി വി. ശിവന്‍കുട്ടി

Bureau

V Shivankutty
X


തിരുവനന്തപുരം: ഏഴ് വര്‍ഷത്തിനിടെ സ്‌കൂളുകളില്‍ നടത്തിയത് മൂവായിരം കോടിയുടെ വികസനമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. വെഞ്ഞാറമൂട് ഗവണ്മെന്റ് യു.പി എസ്, പേരുമല ഗവണ്മെന്റ് എല്‍.പി.എസ് എന്നിവിടങ്ങളിലെ ബഹുനില മന്ദിരങ്ങളും പേരുമലയിലെ പ്രീപ്രൈമറി വിഭാഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനം വിദ്യാഭ്യാസ മേഖലയിലെ ആകെ വികസനപ്രവര്‍ത്തനത്തിനും അക്കാദമിക രംഗത്തുണ്ടായ മുന്നേറ്റത്തിനും കാരണമായിട്ടുണ്ട് മന്ത്രി വ്യക്തമാക്കി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പെര്‍ഫോമന്‍സ് ഗ്രേഡിംഗ് ഇന്‍ഡക്‌സില്‍ കേരളത്തിന് പ്രഥമ സ്ഥാനമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മൂന്ന് കോടി പത്ത് ലക്ഷം രൂപ ചെലവഴിച്ചാണ് വെഞ്ഞാറമൂട് യു.പി.എസ്സിലെ ബഹുനില മന്ദിരം പണിതത്. മൂന്ന് നിലകളുള്ള മന്ദിരത്തിന്റെ നിര്‍മ്മാണം അന്താരാഷ്ട്ര നിലവാരത്തിലാണ്. പേരുമല ഗവണ്മെന്റ് എല്‍.പി എസ്സിലെ ഇരുനില കെട്ടിടത്തിന് 75 ലക്ഷം രൂപ വിനിയോഗിച്ചു. മഴവില്‍ക്കൂടാരം എന്നാണ് കെട്ടിടത്തിന് പേര് നല്‍കിയത്. ഇവിടെ എസ്.എസ്.കെ സ്റ്റാര്‍സ് പദ്ധതി പ്രകാരം നിര്‍മ്മിച്ച പ്രീപ്രൈമറി വിഭാഗവും പുതുതായി ആരംഭിച്ചു.

ഡി.കെ മുരളി എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങുകളില്‍ അടൂര്‍ പ്രകാശ് എം.പി, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം, നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ രാജേന്ദ്രന്‍, പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ് പി.വി, മറ്റ് ജനപ്രതിനിധികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.