28 Aug 2023 3:47 PM IST
Summary
അരക്ക് താഴെ ഭാഗികമായി തളര്‍ന്ന് വീല്‍ചെയറില്‍ കഴിയുന്നവര്‍ക്ക് ചികിത്സ നിരക്കില്‍ ഇളവ് നല്‍കുന്നതാണ് പദ്ധതി
ഭിന്നശേഷിക്കാര്‍ക്ക് കൈത്താങ്ങുമായി കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി. അരക്ക് താഴെ ഭാഗികമായി തളര്‍ന്ന് വീല്‍ചെയറില്‍ കഴിയുന്നവര്‍ക്ക് ചികിത്സ നിരക്കില്‍ ഇളവ് നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. ചോറ്റാനിക്കര ശോഭ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആസ്റ്റര്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ഫര്‍ഹാന്‍ യാസീന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
നട്ടെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്ന് വീല്‍ചെയറില്‍ കഴിയുന്ന ഭിന്നശേഷിക്കാരുടെ സംഘടനയായ ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷനുമായി (എ.കെ.ഡബ്ല്യു.ആര്‍.എഫ്) ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. സംഘടനയിലെ 100 പേര്‍ക്ക് ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ഇന്‍ പേഷ്യന്റ്, ഔട്ട് പേഷ്യന്റ് കണ്‍സള്‍ട്ടേഷന്‍ ഉള്‍പ്പെടെയുള്ള ചികിത്സക്ക് 30 ശതമാനം നിരക്കിളവ് നല്‍കുന്നതാണ് പദ്ധതി. ഇതോടൊപ്പം ചികിത്സക്ക് ശേഷമുള്ള പോസ്റ്റ് ഓപ്പറേറ്റീവ് റീഹാബിലിറ്റേഷന്‍ സേവനങ്ങള്‍ക്ക് കോതമംഗലം പീസ് വാലി ഫൗണ്ടേണ്ടേഷനില്‍ സൗകര്യമൊരുക്കാനും പദ്ധതി വിഭാവനം ചെയ്യുന്നു.
ചടങ്ങില്‍ ഇളവ് ലഭിക്കുന്നതിനുള്ള 'ആസ്റ്റര്‍ എബിലിറ്റി കാര്‍ഡുകള്‍' വിതരണം ചെയ്തു. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ഭാഗമായി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആസ്റ്റര്‍ വോളണ്ടിയേഴ്‌സിന്റെ ഭിന്നശേഷിക്കാര്‍ക്കുള്ള ശാക്തീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നടപ്പാക്കുന്നത്. ഭിന്നശേഷിക്കാര്‍ക്ക് ഏത് സാഹചര്യത്തിലും ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചതെന്നും എ.കെ.ഡബ്ല്യു.ആര്‍.എഫുമായി സഹകരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഫര്‍ഹാന്‍ യാസീന്‍ പറഞ്ഞു.