14 July 2023 4:49 PM IST
Summary
- ഓഗസ്റ്റ് 23ന് പേടകം ചന്ദ്രനിലിറങ്ങും
- വിക്ഷേപിച്ച് 22-ാം മിനിറ്റില്‍ പേടകം ഭൂമിയുടെ ഭ്രമണപഥത്തിലെത്തി
- 2019-ലായിരുന്നു ചന്ദ്രയാന്‍ 2 ദൗത്യം
ഇന്ത്യയുടെ അഭിമാനദൗത്യമായ ചന്ദ്രയാന്‍ 3 ജുലൈ 14ന് ഉച്ചയ്ക്ക് 2.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍ നിന്ന് വിക്ഷേപിച്ചു. ചന്ദ്രയാന്‍ 3ുമായി കുതിച്ചുയര്‍ന്നത് ഐഎസ്ആര്‍ഒയുടെ ഏറ്റവും കരുത്തുറ്റ എല്‍വിഎം 3 റോക്കറ്റാണ്.
ചന്ദ്രോപരിതലത്തിലെത്താന്‍ വേണ്ടത് 40 ദിവസമാണ്. വിക്ഷേപിച്ച് 22-ാം മിനിറ്റില്‍ പേടകം ഭൂമിയുടെ ഭ്രമണപഥത്തിലെത്തി.
ഓഗസ്റ്റ് 23ന് പേടകം ചന്ദ്രനിലിറങ്ങും.ലാൻഡർ, റോവർ, പ്രൊപ്പൽഷൻ മൊഡ്യൂൾ എന്നിവയാണ് ചന്ദ്രയാൻ-3ൽ സജ്ജീകരിച്ചിരിക്കുന്നത്. അതിന്റെ ഭാരം ഏകദേശം 3,900 കിലോഗ്രാം ആണ്.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാണ് ചന്ദ്രയാന്‍ 3 ലാന്‍ഡര്‍ ഇറക്കുക. ചന്ദ്രനില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിയ ശേഷമാകും പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്നും ചന്ദ്രയാന്‍ 3 ലാന്‍ഡര്‍ വേര്‍പ്പെടുക.
ദൗത്യം വിജയിച്ചാല്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. യുഎസ്, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. ചന്ദ്രയാന്‍ 2 സോഫ്റ്റ് ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായിരുന്നു.
2019-ലായിരുന്നു ചന്ദ്രയാന്‍ 2 ദൗത്യം.
ചന്ദ്രയാന്‍ 2ന് സംഭവിച്ച പോരായ്മ ചന്ദ്രയാന്‍ 3ന് സംഭവിക്കാതിരിക്കാന്‍ പ്രത്യേക സജ്ജീകരണങ്ങളാണ് നടത്തിയിരിക്കുന്നത്.
സുഗമമായി ലാന്‍ഡ് ചെയ്യാന്‍ ലാന്‍ഡറിന്റെ കാല്‍ കൂടുതല്‍ ശക്തിപ്പെടുത്തി.
കൂടുതല്‍ സൗരോര്‍ജ പാനലുകളും പേടകത്തിലുണ്ട്.