image

23 Aug 2023 6:03 PM IST

Latest News

ഇന്ത്യയ്ക്ക് ചരിത്രനേട്ടം; ചന്ദ്രനില്‍ ചന്ദ്രയാന്‍-3ന്റെ തൂവല്‍സ്പര്‍ശം

MyFin Desk

mission chandriyaan
X

Summary

  • ചന്ദ്രോപരിതലത്തിലെ വിവരങ്ങള്‍ ശേഖരിക്കാനുള്ള ഉപകരണം റോവറിലുണ്ട്
  • ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്ന് ജുലൈ 14നാണു ചന്ദ്രയാന്‍-3 വിക്ഷേപിച്ചത്


ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇന്ത്യയുടെ അഭിമാന പേടകമായ ചന്ദ്രയാന്‍-3 സോഫ്റ്റ് ലാന്‍ഡ് ചെയ്തു. ആദ്യമായാണ് ഒരു ചാന്ദ്രദൗത്യം ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്ന് ജുലൈ 14നാണു ചന്ദ്രയാന്‍-3 വിക്ഷേപിച്ചത്.

ഓഗസ്റ്റ് 23ന് വൈകുന്നേരം 6.04ന് ചന്ദ്രയാന്‍-3ലെ വിക്രം എന്ന ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്തതോടെ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. യുഎസ്, സോവിയറ്റ് യൂണിയന്‍, ചൈന എന്നീ രാജ്യങ്ങളാണ് ഈ നേട്ടം ഇന്ത്യയ്ക്കു മുന്‍പു കൈവരിച്ചത്.

2019-ലാണ് ചന്ദ്രയാന്‍ 2 വിക്ഷേപിച്ചത്. എന്നാല്‍ ചന്ദ്രനില്‍ ഇറങ്ങുന്നതിനു തൊട്ടുമുന്‍പ് നിയന്ത്രണം നഷ്ടമായ ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങുകയായിരുന്നു.

ദക്ഷിണധ്രുവം

ബഹിരാകാശ ഏജന്‍സികള്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തെ കാണുന്നത് ' അക്ഷയ ഖനി ' ആയിട്ടാണ്. സൗരയൂഥത്തെ കുറിച്ചും ചന്ദ്രനെ കുറിച്ചും ഇതുവരെ അറിയപ്പെടാത്ത രഹസ്യങ്ങള്‍ ദക്ഷിണധ്രുവത്തില്‍ നിന്നും ലഭിക്കുമെന്നാണ് ബഹിരാകാശ ഏജന്‍സികള്‍ വിശ്വസിക്കുന്നത്. സൂര്യപ്രകാശം അധികം കടന്നുചെല്ലാത്ത മേഖലയാണിത്. അതേസമയം ഇവിടെ ജലസാന്നിധ്യമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അത് എത്രത്തോളമുണ്ടെന്നത് ഇതുവരെ കണ്ടെത്തിയിട്ടില്ല. അതിനു വേണ്ടിയുള്ള പഠനം പുരോഗമിക്കുകയാണ്.

സൂക്ഷ്മ ജീവികള്‍, ലോഹങ്ങള്‍, മൂലകങ്ങള്‍ തുടങ്ങിയവയുടെ സാന്നിധ്യത്തെ കുറിച്ചും പഠനം നടക്കുന്നുണ്ട്.

19 മിനിറ്റില്‍ ലാന്‍ഡിങ്

ഓഗസ്റ്റ് 23 ബുധനാഴ്ച വൈകുന്നേരം 5.45-ന് ആരംഭിച്ച് 19 മിനിറ്റു കൊണ്ടാണ് ലാന്‍ഡിങ് പൂര്‍ത്തിയാക്കിയത്.

ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയതോടെ ലാന്‍ഡറിന്റെ ഒരുവശത്തുള്ള പാനല്‍ തുറന്ന് പ്രഗ്യാന്‍ റോവറിനു പുറത്തേക്കിറങ്ങാനുള്ള റാമ്പ് വിടര്‍ന്നു. ആറ് ചക്രമുള്ളതാണ് റോവര്‍. സോഫ്റ്റ് ലാന്‍ഡ് ചെയ്ത് ഏകദേശം നാല് മണിക്കൂറിനു ശേഷം റോവര്‍ പുറത്തേക്ക് ഇറങ്ങും.

ചന്ദ്രോപരിതലത്തിലെ വിവരങ്ങള്‍ ശേഖരിക്കാനുള്ള ഉപകരണം റോവറിലുണ്ട്.

ചന്ദ്രയാന്‍ 3 ലക്ഷ്യങ്ങള്‍

ചന്ദ്രയാന്‍-3ന്റെ വിക്ഷേപണ ലക്ഷ്യങ്ങള്‍ അനവധിയാണ്. ലാന്‍ഡറടക്കമുള്ള ഉപകരണങ്ങളെ സുരക്ഷിതമായി ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യിക്കാനുള്ള കഴിവ് നേടുക, ചന്ദ്രോപരിതലത്തില്‍ സഞ്ചരിക്കാനും വിവരങ്ങള്‍ ശേഖരിക്കാനും അതിനു ശേഷം ഭൂമിയിലേക്ക് അയക്കാനുമുള്ള റോവറിന്റെ കഴിവ് പരിശോധിക്കുക, ആശയവിനിമയ സംവിധാനങ്ങളുടെ പരിശോധന തുടങ്ങിയവയാണു വിക്ഷേപണ ലക്ഷ്യങ്ങളില്‍ ചിലത്.

അതോടൊപ്പം ചന്ദ്രനിലെ ജലസാന്നിധ്യം, മണ്ണിന്റെ ഘടന, സ്വാഭാവിക മൂലകങ്ങളുടെ അളവും വിന്യാസം എന്നിവയും പരിശോധിക്കും.