21 Dec 2022 5:23 PM IST
Summary
- ചൈനയില്‍ രോഗം വ്യാപിക്കുകയാണെന്നും മരണ നിരക്ക് മുകളിലേക്കാണെന്നും കഴിഞ്ഞ ഏതാനും ദിവസമായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഡെല്‍ഹി: കോവിഡ് പൂര്‍ണമായും നീങ്ങിയിട്ടില്ലെന്നും പൊതു സ്ഥലങ്ങളില്‍ ആളുകള്‍ മാസ്‌ക് ധരിക്കണമെന്നും അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. കോവിഡുമായി ബന്ധപ്പെട്ട ഏത് സാഹചര്യവും നേരിടാന്‍ തയാറാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.
രോഗവ്യാപനം ചെറുക്കുന്നതിനായി വിമാനത്താവളങ്ങളിലുള്‍പ്പടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് നിലവിലുള്ള രോഗ വ്യാപനവും പ്രതിരോധ പ്രവര്‍ത്തനവും വിലയിരുത്തുന്നതിനുള്ള നിര്‍ദ്ദേശം ഇന്ന് ചേര്‍ന്ന അടിയന്തര യോഗത്തില്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.
ചൈനയില്‍ രോഗം വ്യാപിക്കുകയാണെന്നും മരണ നിരക്ക് മുകളിലേക്കാണെന്നും കഴിഞ്ഞ ഏതാനും ദിവസമായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മാത്രമല്ല ചൈനയിലെ ആശുപത്രികളില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെയും കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ മൃതദ്ദേഹങ്ങള്‍ കിടത്തിയിരിക്കുന്നതും വീഡിയോ സമൂഹ മാധ്യമങ്ങളിലുള്‍പ്പടെ പ്രചരിക്കുകയാണ്.
ഇതിനിടയിലാണ് യുഎസില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 10 കോടി കവിഞ്ഞുവെന്ന് റിപ്പോര്‍ട്ട് വന്നത്. സീറോ കോവിഡ് നയത്തില്‍ ചൈന ഇളവ് വരുത്തിയതിന് പിന്നാലെയാണ് അവിടെ കോവിഡ് വ്യാപനം വര്‍ധിച്ചതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.
നിലവില്‍ ഇന്ത്യയില്‍ സ്ഥിതി വിലയിരുത്തിയാല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും വ്യാപനം താരമത്യേന കുറവാണ്. മുംബൈ ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഉണ്ടായിരുന്ന കോവിഡ് വ്യാപനത്തേക്കാള്‍ കുറവാണ് ഇപ്പോഴുള്ളത്. അതിനാല്‍ തന്നെ കോവിഡ് നിയന്ത്രണങ്ങള്‍ രാജ്യത്തിപ്പോള്‍ കാര്യമായി ഇല്ല. എന്നാല്‍ വരും ദിവസങ്ങളില്‍ കോവിഡ് വ്യാപനം വര്‍ധിച്ചാല്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും.
ജനങ്ങള്‍ മാസ്‌ക് ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നുവെങ്കിലും മിക്കവരും ഇതിനെ ഗൗരവമായി കാണുന്നുണ്ടായിരുന്നില്ല. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ വന്നതോടെ തൊഴില്‍ സ്ഥലം ഉള്‍പ്പടെ എല്ലാ പൊതു ഇടങ്ങളിലും മാസ്‌ക് ഉപയോഗം വര്‍ധിക്കും.