17 Aug 2023 4:22 PM IST
Summary
- ഇന്ത്യയ്ക്ക് 3 മുതല്‍ 4 ദശലക്ഷം മെട്രിക് ടണ്‍ ഗോതമ്പ് മാത്രമേ ആവശ്യമുള്ളൂ
- ഇന്ത്യ അവസാനമായി ഗണ്യമായ അളവില്‍ ഗോതമ്പ് ഇറക്കുമതി ചെയ്തത് 2017ലായിരുന്നു
- സര്‍ക്കാര്‍ ഗോഡൗണുകളിലെ ഗോതമ്പ് സ്റ്റോക്ക് 28.3 ദശലക്ഷം ടണ്ണാണ്
അടുത്ത വര്‍ഷം പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കവേ, ഭക്ഷ്യ വിലക്കയറ്റം തടയാനും, സപ്ലൈ വര്‍ധിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി റഷ്യയില്‍ നിന്നും ഇന്ത്യ ഗോതമ്പ് ഇറക്കുമതി ചെയ്യാനൊരുങ്ങുന്നു.
ജുലൈയില്‍ പണപ്പെരുപ്പം 15 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തുന്നതിന് ഗോതമ്പ് ഒരു കാരണമായിരുന്നു. ഈ പശ്ചാത്തലത്തില്‍ ഗോതമ്പിന്റെ വില കുറയ്ക്കുന്നതിനു റഷ്യയില്‍ നിന്നുള്ള ഇറക്കുമതി സഹായിക്കുമെന്നും അതിലൂടെ വിപണിയില്‍ കൂടുതല്‍ ഫലപ്രദമായി ഇടപെടാന്‍ സാധിക്കുമെന്നും ന്യൂഡല്‍ഹി കരുതുന്നുണ്ട്.
വര്‍ഷങ്ങളായി ഡിപ്ലോമാറ്റിക് സംവിധാനം വഴി ഇന്ത്യ ഗോതമ്പ് ഇറക്കുമതി ചെയ്തിട്ടില്ല. ഇന്ത്യ അവസാനമായി ഗണ്യമായ അളവില്‍ ഗോതമ്പ് ഇറക്കുമതി ചെയ്തത് 2017ലായിരുന്നു.
ഇന്ധനം, ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍ തുടങ്ങിയ പ്രധാന ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കുന്നതിനു ഗവണ്‍മെന്റ് സ്വീകരിക്കുന്ന നടപടികളിലൊന്നായിട്ടാണ് റഷ്യയില്‍ നിന്നും ഗോതമ്പ് ഇറക്കുമതി ചെയ്യാനുള്ള തീരുമാനത്തെ കണക്കാക്കുന്നത്.
കുറവ് നികത്താന്‍ ഇന്ത്യയ്ക്ക് 3 മുതല്‍ 4 ദശലക്ഷം മെട്രിക് ടണ്‍ ഗോതമ്പ് മാത്രമേ ആവശ്യമുള്ളൂവെങ്കിലും, വിലയില്‍ വലിയ സ്വാധീനം ചെലുത്താന്‍ റഷ്യയില്‍ നിന്ന് 8 ദശലക്ഷം മുതല്‍ 9 ദശലക്ഷം ടണ്‍ വരെ ഗോതമ്പ് ഇറക്കുമതി ചെയ്യുന്നതിലൂടെ സാധിക്കുമെന്നാണു കണക്കുകൂട്ടുന്നത്.
2022 ഫെബ്രുവരിയില്‍ ഉക്രെയ്‌നുമായി റഷ്യയുടെ യുദ്ധം ആരംഭിച്ചതിനു ശേഷം യുഎസ്സും പാശ്ചാത്യ രാജ്യങ്ങളും റഷ്യയ്ക്കു മേല്‍ ഉപരോധമേര്‍പ്പെടുത്തി. ഇതോടെ റഷ്യയുടെ എണ്ണയുള്‍പ്പെടെയുള്ള സാധനങ്ങള്‍ വാങ്ങുന്ന രണ്ടാമത്തെ വലിയ രാജ്യമായി ഇന്ത്യ മാറി. റഷ്യയില്‍നിന്നും കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഇന്ത്യ ഇറക്കുമതി ചെയ്തു വരികയാണ്. ഇനി ഗോതമ്പും ഇറക്കുമതി ചെയ്യാന്‍ പോകുന്നു.
ഇന്ത്യയിലെ മൊത്ത ഗോതമ്പ് വില രണ്ട് മാസത്തിനിടെ 10 ശതമാനമാണ് ഉയര്‍ന്നത്. ഓഗസ്റ്റിലാകട്ടെ, ഏഴ് മാസത്തെ ഉയര്‍ന്ന നിലയിലുമെത്തി.
ഓഗസ്റ്റ് ഒന്ന് വരെയുള്ള കണക്ക്പ്രകാരം, സര്‍ക്കാര്‍ ഗോഡൗണുകളിലെ ഗോതമ്പ് സ്റ്റോക്ക് 28.3 ദശലക്ഷം ടണ്ണാണ്.
ഇത് 10 വര്‍ഷത്തെ ശരാശരിയേക്കാള്‍ 20 ശതമാനം താഴെയുമാണ്.
കഴിഞ്ഞ വര്‍ഷം, ഉല്‍പ്പാദനം കുറഞ്ഞതിനാല്‍ ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിച്ചിരുന്നു. ഈ വര്‍ഷത്തെ വിളവെടുപ്പും ഗവണ്‍മെന്റിന്റെ എസ്റ്റിമേറ്റിനെക്കാള്‍ 10 ശതമാനത്തോളം കുറവായിരിക്കുമെന്നാണു കണക്കാക്കുന്നത്.