19 Aug 2023 3:42 PM IST
Summary
- 119 വാണിജ്യ സൈറ്റുകളാണ് അതോറിറ്റിയെ ഏല്‍പ്പിച്ചിരിക്കുന്നത്
- സൈറ്റുകള്‍ പാട്ടത്തിന് നല്‍കുന്ന പ്രക്രിയ ത്വരിതപ്പെടുത്താനാണു തീരുമാനം
അടുത്ത 18 മാസത്തിനുള്ളില്‍ 84 മിച്ച പ്ലോട്ടുകള്‍ പാട്ടത്തിന് നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ പദ്ധതിയിടുന്നു. ഇതിലൂടെ 7,500 കോടി രൂപ സ്വരൂപിക്കാനാണു റെയില്‍വേ ഉദ്ദേശിക്കുന്നത്.
ഇതിനായി സ്വകാര്യ കമ്പനികളില്‍ നിന്ന് ഉടന്‍ ലേലം ക്ഷണിക്കാനും തീരുമാനിച്ചു.
ഭൂവിനിയോഗത്തിലൂടെ ധനം സമ്പാദിക്കുക എന്ന പദ്ധതിയുടെ ഭാഗമായി റെയില്‍ ലാന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിയാണ് (ആര്‍എല്‍ഡിഎ) ഈ പദ്ധതി നടപ്പിലാക്കുന്നത്. മിച്ചഭൂമിയുടെ വാണിജ്യതലത്തിലെ വികസനം ഉറപ്പാക്കുന്നതിനായി റെയില്‍വേ മന്ത്രാലയം രൂപീകരിച്ചതാണ് റെയില്‍ ലാന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി.
119 വാണിജ്യ സൈറ്റുകളാണ് അതോറിറ്റിയെ ഏല്‍പ്പിച്ചിരിക്കുന്നത്. 2,835 കോടി രൂപ പാട്ടത്തുക വരുന്ന 35 വാണിജ്യ സൈറ്റുകളുടെ ലേലം ഇതിനോടകം നടന്നു.
ബാക്കിയുള്ള സൈറ്റുകള്‍ പാട്ടത്തിന് നല്‍കുന്ന പ്രക്രിയ ത്വരിതപ്പെടുത്താനാണു തീരുമാനം. 2024-2025 സാമ്പത്തിക വര്‍ഷത്തില്‍ പ്രക്രിയ പൂര്‍ത്തിയാക്കും.
ഈ സൈറ്റുകളില്‍ ചിലത് മെട്രോകളിലും, വന്‍നഗരങ്ങളിലും, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കു സമീപമുള്ള സ്ഥലങ്ങളിലുമാണ്.
2021-22-ല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നാഷണല്‍ മോണിറ്റൈസേഷന്‍ പദ്ധതി നിര്‍ദേശിക്കുന്നത് സാമ്പത്തിക വര്‍ഷം 2024-2025-ല്‍ അവസാനിക്കുന്ന നാല് വര്‍ഷ കാലയളവില്‍ സര്‍ക്കാര്‍ ആസ്തികളില്‍ നിന്ന് 6 ലക്ഷം കോടി രൂപ സമാഹരിക്കണമെന്നാണ്.
റെയില്‍വേയെ സംബന്ധിച്ചിടത്തോളം, ധനസമാഹരണ ലക്ഷ്യം 1.5 ലക്ഷം കോടി രൂപയാണ്. എന്നാല്‍, റെയില്‍വേയ്ക്ക് ഇക്കാര്യത്തില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.