23 Aug 2023 4:48 PM IST
Summary
- ആഗോള ബഹിരാകാശ പര്യവേക്ഷണ വിപണിയുടെ മൂല്യം 2022-ല്‍ 486 ബില്യന്‍ ഡോളറായിരുന്നു
- രാജ്യത്തിന്റെ അസാധാരണ നേട്ടങ്ങള്‍ പ്രകടമാക്കുന്നതാണു ചന്ദ്രയാന്‍ 3
ബഹിരാകാശ പര്യവേക്ഷണത്തിലും സാങ്കേതികവിദ്യയിലും രാജ്യത്തിന്റെ അസാധാരണ നേട്ടങ്ങള്‍ പ്രകടമാക്കുന്നതാണു ചന്ദ്രയാന്‍ 3. ഇന്ത്യന്‍ സ്വകാര്യ ബഹിരാകാശ സംരംഭങ്ങള്‍ക്കു വിശാലമായ സാധ്യതകള്‍ തുറക്കുന്നതാണ് ചന്ദ്രയാന്റെ 3 ന്റെ സോഫ്റ്റ് ലാന്‍ഡിംഗ്.
ചന്ദ്രയാന്‍ 3ന്റെ ലാന്‍ഡിംഗോടെ ബഹിരാകാശ പര്യവേക്ഷണത്തിനു കൂടുതല്‍ പ്രാധാന്യം കൈവന്നിരിക്കുകയാണ്.
ആഗോള ബഹിരാകാശ പര്യവേക്ഷണ വിപണിയുടെ മൂല്യം 2022-ല്‍ 486 ബില്യന്‍ ഡോളറായിരുന്നു. ഇത് 2032-ാടെ 1,879 ബില്യന്‍ ഡോളറിലെത്തുമെന്ന് പ്രവചിക്കപ്പെടുകയും ചെയ്യുന്നു.
ഈ നിക്ഷേപങ്ങള്‍ ഇന്ത്യന്‍ കമ്പനികള്‍ക്കും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കും വലിയ ഉത്തേജനം നല്‍കുമെന്നു കണക്കാക്കുന്നു.
ചന്ദ്രയാന്‍ 3 വിക്ഷേപണത്തിന് സംഭാവന നല്‍കിയ ലിസ്റ്റഡ് കമ്പനികള്‍
ലാര്‍സന്‍ ആന്‍ഡ് ടൂബ്‌റോ (എല്‍ ആന്‍ഡ് ടി)
ചന്ദ്രയാന്‍ 3ന് നിരവധി നിര്‍ണായക ഘടകങ്ങള്‍ നിര്‍മിച്ചു നല്‍കിയ കമ്പനിയാണ് എല്‍ ആന്‍ഡ് ടി. ഗ്രൗണ്ട്, ഫ്‌ളൈറ്റ് എംബിലിക്കല്‍ പ്ലേറ്റുകളുടെ വിതരണം മുതല്‍ നിര്‍ണായക ബൂസ്റ്റര്‍ സെഗ്മെന്റുകളുടെ നിര്‍മാണവും പ്രൂഫ് പ്രഷര്‍ ടെസ്റ്റിംഗും വരെ എല്‍ ആന്‍ഡ് ടിയുടെ പേരിലുള്ളതാണ്.
ലോഞ്ച് വെഹിക്കിളിന്റെ സിസ്റ്റം ഇന്റഗ്രേഷനും കമ്പനി നിര്‍ണായക പങ്ക് വഹിച്ചു.
ഓഗസ്റ്റ് 23ന് അവസാനിച്ച വ്യാപാരത്തില്‍ എല്‍ ആന്‍ഡ് ടിയുടെ ഓഹരി വില എന്‍എസ്ഇയില്‍ 1.47 ശതമാനം ഉയര്‍ന്ന് 2,718.10 രൂപയിലാണു ക്ലോസ് ചെയ്തത്.
ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ്
ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) ഓഹരി വില എന്‍എസ്ഇയില്‍ ഓഗസ്റ്റ് 23ന് വ്യാപാരം അവസാനിച്ചപ്പോള്‍ 3.57 ശതമാനം ഉയര്‍ന്ന് 4,030 രൂപയിലാണു ക്ലോസ് ചെയ്തത്.
സെന്റം ഇലക്ട്രോണിക്‌സ് ലിമിറ്റഡ്
ഇലക്ട്രോണിക്‌സ് സിസ്റ്റം ഡിസൈന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് കമ്പനിയാണ് സെന്റം ഇലക്ട്രോണിക്‌സ്. ഇന്ത്യന്‍ ബഹിരാകാശ ദൗത്യങ്ങള്‍ക്കായി ഏകദേശം 300 മുതല്‍ 500 വരെ ഘടകങ്ങള്‍ കമ്പനി നിര്‍മിച്ചിട്ടുണ്ട്. ഓഗസ്റ്റ് 23ന് എന്‍എസ്ഇയില്‍ 14.51 ശതമാനം ഉയര്‍ന്ന് 1,648 രൂപയ്ക്കാണു ഓഹരി ക്ലോസ് ചെയ്തത്.
ഭാരത് ഹെവി ഇലക്ട്രിക്കല്‍സ്
ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡിന്റെ ഓഹരി എന്‍എസ്ഇയില്‍ ഓഗസ്റ്റ് 23ന് ക്ലോസ് ചെയ്തത് 1.53 ശതമാനം ഇടിഞ്ഞ് 109.35 രൂപയിലാണ്.
വാല്‍ചന്ദ് നഗര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്
വാല്‍ചന്ദ് നഗര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 1993-ല്‍ പിഎസ്എല്‍വി-ഡി1 ന്റെ ആദ്യ വിക്ഷേപണം മുതല്‍ ഇതുവരെയുള്ള 48 വിക്ഷേപണങ്ങളുടെ ഘടകങ്ങളുടെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
ഓഗസ്റ്റ് 23ന് എന്‍എസ്ഇയില്‍ വ്യാപാരം ക്ലോസ് ചെയ്തപ്പോള്‍ കമ്പനിയുടെ ഓഹരി വില 1.34 ശതമാനം ഉയര്‍ന്ന് 101.95 രൂപയിലെത്തി.