image

28 Jun 2023 7:12 PM IST

Latest News

ദേശീയ നേട്ടവുമായി എന്‍.ഐ.ടി കാലിക്കറ്റ്

MyFin Desk

nit calicut
X

Summary

  • 2015 മുതല്‍ തന്നെ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും കണ്ടെത്തലുകളെ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതികള്‍ തുടങ്ങിയിരുന്നു
  • എന്‍.ഐ.ടി.സി 32ലധികം ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചിട്ടുണ്ട്
  • 31 എന്‍.ഐ.ടികളില്‍ ഇന്നൊവേഷന്‍ റാങ്കിംഗില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം നേടിയ ഏക എന്‍.ഐ.ടിയാണ് എന്‍.ഐ.ടി കാലിക്കറ്റ്


കോഴിക്കോട്: ദേശീയ ഇന്നോവേഷന്‍ റാങ്കിങ്ങില്‍ മികച്ച നേട്ടം കൈവരിച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കോഴിക്കോട്. നാഷണല്‍ ഇന്‍സ്റ്റിറ്റിയുഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക് (എന്‍.ഐ.ആര്‍.എഫ്.) നടത്തിയ ദേശീയ തെരഞ്ഞെടുപ്പിലാണ് എന്‍.ഐ.ടി കോഴിക്കോട് എട്ടാം സ്ഥാനം കൈവരിച്ചത്. രാജ്യത്തെ 31 എന്‍.ഐ.ടികളില്‍ ഇന്നൊവേഷന്‍ റാങ്കിംഗില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം നേടിയ ഏക എന്‍.ഐ.ടിയാണ് എന്‍.ഐ.ടി കാലിക്കറ്റ്.

25 പേറ്റന്റുകള്‍, അഞ്ച് ട്രേഡ്മാര്‍ക്കുകള്‍

കണ്ടുപിടിത്തങ്ങളെ പ്രോത്സാഹിപ്പിക്കുന്ന എന്‍.ഐ.ടി.സി, അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും നൂതന കണ്ടുപിടിത്തങ്ങള്‍ക്കുള്ള 25 പേറ്റന്റുകളും അഞ്ച് ട്രേഡ്മാര്‍ക്കുകളും പകര്‍പ്പവകാശ സര്‍ട്ടിഫിക്കേഷനുകളും നേടിയിട്ടുണ്ടെന്ന് എന്‍.ഐ.ടി.സി ഡയരക്ടര്‍ ഡോ.പ്രസാദ് കൃഷ്ണ പറയുന്നു.

വിദ്യാര്‍ഥികളുടെ ഇന്നൊവേഷന്‍ പ്രോജക്ടുകള്‍, അധ്യാപകരുടെ കണ്ടുപിടിത്തങ്ങള്‍, ഗവേഷണ സംരംഭങ്ങള്‍, സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍, കാമ്പസിലെ ടെക്നോളജി ബിസിനസ് ഇന്‍ക്യൂബേഷന്‍ (ടി.ബി.ഐ) സൗകര്യം എന്നിവ പരിഗണിച്ചാണ് എന്‍.ഐ.ടി.സി.ക്കു എട്ടാം റാങ്ക് നല്‍കിയത്.

വ്യവസായങ്ങളുമായും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായി എന്‍.ഐ.ടി.സി 32ലധികം ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചിട്ടുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്നൊവേഷന്‍ കൗണ്‍സില്‍, പേറ്റന്റ് സെല്‍, ഡിസൈന്‍ ഇന്നൊവേഷന്‍ സെന്റര്‍, ടി.ബി.ഐ എന്നിവയുമായി സഹകരിച്ച് വിദ്യാര്‍ഥികള്‍, അധ്യാപകര്‍, അനധ്യാപകര്‍, പൂര്‍വവിദ്യാര്‍ഥികള്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് എട്ടാം റാങ്ക് നേട്ടം കൈപ്പിടിയിലാക്കാന്‍ എന്‍.ഐ.ടി കോഴിക്കോടിന് സാധിച്ചത്.

ധനസഹായത്തിനും പിന്തുണയ്ക്കുമായി 2022-23ല്‍ മാത്രം ഫാക്കല്‍റ്റി മാര്‍ഗനിര്‍ദേശം നല്‍കിയ വിദ്യാര്‍ഥികളുടെ 43 നൂതന പ്രോജക്ടുകള്‍ എന്‍.ഐ.ടി.സി തിരഞ്ഞെടുത്തു. വിദ്യാര്‍ഥികളുടെ ഉല്‍പ്പന്നങ്ങളും പ്രോട്ടോടൈപ്പുകളും പ്രോത്സാഹിപ്പിക്കാനും അവര്‍ക്ക് അവസരങ്ങള്‍ ഉറപ്പുവരുത്താനും കണ്ടുപിടിത്തങ്ങളുടെ എക്സ്പോയും നടത്താറുണ്ട്.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണ

വിദ്യാര്‍ഥികളുടെ നൂതന ആശയങ്ങള്‍ കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ 12 പ്രസിദ്ധീകരണങ്ങള്‍ക്കും മൂന്ന് സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്കും കാരണമായി. സ്റ്റാര്‍ട്ടപ്പുകള്‍ ആസൂത്രണം ചെയ്യുന്ന സ്റ്റുഡന്റ് ഇന്നൊവേറ്റര്‍മാര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങളും പ്രോട്ടോടൈപ്പുകളും വികസിപ്പിക്കുന്നതിന് കാമ്പസിലെ ടെക്നോളജി ബിസിനസ് ഇന്‍കുബേറ്റര്‍ സൗകര്യം ഉപയോഗപ്പെടുത്താം.

സ്റ്റാര്‍ട്ടപ്പ് ആയി തുടങ്ങിയ 64 കമ്പനികള്‍ ഇതിനകം ടി.ബി.ഐയില്‍ നിന്ന് ഉല്‍പ്പന്നങ്ങളും പ്രോട്ടോടൈപ്പുകളും വികസിപ്പിച്ച് സ്വതന്ത്ര കമ്പനികളായി പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. നിലവില്‍ 23 സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ ടി.ബി.ഐയില്‍ ഉണ്ട്.

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മന്ത്രാലയം, ശാസ്ത്ര സാങ്കേതിക വകുപ്പ്, നിധി പ്രൊമോഷന്‍ ആന്‍ഡ് ആക്സിലറേഷന്‍ ഓഫ് യംഗ് ആന്‍ഡ് ആസ്പയറിങ് ടെക്നോളജി സംരംഭകര്‍ (നിധി പ്രയാസ്), ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം എന്നിവയുടെ പിന്തുണയോടെയാണ് നവീകരണ പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നത്. കൂടാതെ അധ്യാപകര്‍, സംരംഭകര്‍, വ്യവസായികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരില്‍ സംരംഭകത്വം വളര്‍ത്താനും ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനും നൈപുണ്യ വികസനത്തിനുമായി ഇന്‍സ്റ്റിറ്റ്യൂട്ട് 37 പരിശീലന പരിപാടികളും നടത്തിയിട്ടുണ്ട്.

പരിശ്രമം 2015 മുതല്‍

എന്‍.ഐ.ടി.സി 2015 മുതല്‍ തന്നെ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും കണ്ടെത്തലുകളെ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതികള്‍ തുടങ്ങിയിരുന്നു. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ഇടയില്‍ കണ്ടുപിടിത്തങ്ങളോട് ആഭിമുഖ്യം വളര്‍ത്താന്‍ സ്ഥാപനത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനുള്ള സൗകര്യങ്ങള്‍, പേറ്റന്റ സെല്‍ പ്രവര്‍ത്തനം എന്നിവ ഉറപ്പുവരുത്തുന്നുണ്ട്. നവീന ആശയങ്ങളുടെ വാണിജ്യവല്‍ക്കരണം, മറ്റ് ഇന്‍ക്യൂബേഷന്‍ യൂണിറ്റുകളുമായുള്ള സഹകരണം, സംരംഭകത്വവും ഇന്നൊവേഷനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കോഴ്സുകള്‍ അവതരിപ്പിക്കല്‍ എന്നിവയിലുള്ള നിരന്തര പരിശ്രമവും ഇന്നോവേഷന്‍ റാങ്കിങ്ങില്‍ മികച്ച സ്ഥാനം നേടാന്‍ സഹായകമായി.