16 Jun 2023 3:59 PM IST
Summary
- ഇംഗ്ലീഷ് ഹിന്ദി ഭാഷകളിലുള്ള ഗാനം മില്ലറ്റിന്റെ ശക്തി ഉയര്‍ത്തിക്കാട്ടുന്നതാണ്
- ഫാലു എന്ന ഫാല്‍ഗുനി ഷാ ഭര്‍ത്താവ് ഗൗരവ് ഷാ എന്നിവരാണ് ഗാനം ആലപിച്ചത്
- മില്ലറ്റ് ആരോഗ്യവും പോഷകമൂല്യവുമുള്ള ഒരു ധാന്യമാണ്
മില്ലറ്റിന്റെ ഗുണങ്ങളും, ലോകത്തിന്റെ വിശപ്പ് ലഘൂകരിക്കാനുള്ള മില്ലറ്റിന്റെ കഴിവിനെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ഗാനം രചിച്ചു. ഗ്രാമ അവാര്‍ഡ് ജേതാവും ഇന്തോ-അമേരിക്കന്‍ ഗായികയുമായ ഫാലു എന്ന ഫാല്‍ഗുനി ഷാ ഭര്‍ത്താവ് ഗൗരവ് ഷാ എന്നിവരാണ് ഗാനം ആലപിച്ചത്. ജൂണ്‍ 16 വെള്ളിയാഴ്ച സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമില്‍ ഗാനം റിലീസ് ചെയ്യും.
' മില്ലറ്റില്‍ സമൃദ്ധി ' (Abundance in Millets) എന്നാണ് ഗാനത്തിന്റെ പേര്.
ഇംഗ്ലീഷ് ഹിന്ദി ഭാഷകളിലുള്ള ഗാനം മില്ലറ്റിന്റെ ശക്തി ഉയര്‍ത്തിക്കാട്ടുന്നതാണ്. ഗാനത്തിന് വ്യാപകമായ പ്രചാരം ഉറപ്പാക്കാന്‍ മറ്റ് പ്രാദേശിക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യും.
എ കളര്‍ഫുള്‍ വേള്‍ഡ് എന്ന ആല്‍ബത്തിന് 2022-ല്‍ മികച്ച കുട്ടികളുടെ ആല്‍ബത്തിനുള്ള ഗ്രാമി അവാര്‍ഡ് ലഭിച്ച ഫാലു, ഗ്രാമി വിജയത്തിന് ശേഷം ന്യൂഡല്‍ഹിയില്‍ വച്ച് പ്രധാനമന്ത്രിയെ കണ്ടിരുന്നു. അപ്പോഴാണ് മില്ലറ്റിനെക്കുറിച്ച് ഒരു ഗാനം എഴുതണമെന്ന ആഗ്രഹം ഉണ്ടായതെന്ന് ഫാലു പറഞ്ഞു.
സംഗീതത്തിന്റെ ശക്തിയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ആഗോളതലത്തില്‍ പട്ടിണി അവസാനിപ്പിക്കാനുള്ള സന്ദേശം ഉള്‍ക്കൊള്ളുന്ന ഒരു ഗാനം എഴുതണമെന്ന് പ്രധാനമന്ത്രി മോദി തന്നോട് നിര്‍ദേശിച്ചെന്നും ഫാലു പറഞ്ഞു.
മില്ലറ്റ് ആരോഗ്യവും പോഷകമൂല്യവുമുള്ള ഒരു ധാന്യമായതു കൊണ്ടാണ് അതിനെ പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യ തീരുമാനിച്ചതെന്ന് മോദി തന്നോട് പറഞ്ഞതായി ഫാലു പറഞ്ഞു.
ഇന്ത്യ മുന്നോട്ട് വച്ച ഒരു നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് 2023-നെ അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷമായി പ്രഖ്യാപിച്ചത്.
സിന്ധുനദീതട നാഗരികതയുടെ കാലത്ത് മില്ലറ്റ് ഉപയോഗിച്ചതിന് നിരവധി തെളിവുകളുണ്ട്. ഇന്ത്യയില്‍ ആദ്യമായി കൃഷി ചെയ്ത വിളകളില്‍ മില്ലറ്റും ഉള്‍പ്പെടുന്നു.
നിലവില്‍ 130-ലധികം രാജ്യങ്ങളില്‍ വളരുന്ന മില്ലറ്റ് ഏഷ്യയിലും ആഫ്രിക്കയിലുമായി അര ബില്യണിലധികം ആളുകള്‍ക്ക് പരമ്പരാഗത ഭക്ഷണമായി കണക്കാക്കപ്പെടുന്നു.