8 July 2023 4:11 PM IST
Summary
- അനുഭൂതി, വിസ്താഡോം കോച്ചുകളുള്ള ട്രെയിനുകളിലും ഈ ഇളവ് ലഭിക്കും
- കേരളത്തില്‍ നിരക്ക് ഇളവ് ലഭ്യമാകാന്‍ സാധ്യത കുറവാണെന്ന് റിപ്പോര്‍ട്ടുണ്ട്
- അടിസ്ഥാനനിരക്കില്‍ മാത്രമായിരിക്കും ഇളവ് ലഭിക്കുക
വന്ദേഭാരത് ഉള്‍പ്പെടെ ഏസി സിറ്റിംഗ് സൗകര്യമുള്ള എല്ലാ ട്രെയിനുകളുടെയും ഏസി ചെയര്‍കാര്‍, എക്‌സിക്യുട്ടീവ് ക്ലാസുകളിലെ നിരക്ക് 25 ശതമാനം വരെ കുറയ്ക്കുമെന്ന് റെയില്‍വേ അറിയിച്ചു.
എന്നാല്‍ കേരളത്തില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളില്‍ നിരക്ക് ഇളവ് ലഭ്യമാകാന്‍ സാധ്യത കുറവാണെന്ന് റിപ്പോര്‍ട്ടുണ്ട്. കാരണം, യാത്രക്കാര്‍ കുറവായ സര്‍വീസുകള്‍ക്കാണു നിരക്ക് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
യാത്രക്കാരുടെ എണ്ണം 50 ശതമാനത്തില്‍ താഴെയാണെങ്കില്‍ യാത്രയുടെ ആദ്യ അല്ലെങ്കില്‍ അവസാന ഘട്ടത്തില്‍ കിഴിവ് ലഭിക്കും.
വന്ദേഭാരതിനു പുറമെ അനുഭൂതി, വിസ്താഡോം കോച്ചുകളുള്ള ട്രെയിനുകളിലും ഈ ഇളവ് ലഭിക്കും.
കുറഞ്ഞ നിരക്ക് ഉടനടി പ്രാബല്യത്തില്‍ വരുമെന്നും റെയില്‍വേ ബോര്‍ഡ് അറിയിച്ചു.കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ 50 ശതമാനത്തിലും താഴെ യാത്രക്കാരുള്ള ട്രെയിനുകളാകും 25 ശതമാനം വരെയുള്ള നിരക്കിളവിന് പരിഗണിക്കുക.
അവധിക്കാലം, ഉത്സവം എന്നിവയ്ക്കായി സര്‍വീസ് നടത്തുന്ന പ്രത്യേക ട്രെയിനുകളില്‍ നിരക്ക് ഇളവ് ബാധകമായിരിക്കില്ലെന്ന് റെയില്‍വേ വ്യക്തമാക്കി.
അടിസ്ഥാനനിരക്കില്‍ മാത്രമായിരിക്കും 25 ശതമാനം വരെ ഇളവ് ലഭിക്കുക. ജിഎസ്ടിയിലോ റിസര്‍വേഷന്‍ ചാര്‍ജിലോ, സൂപ്പര്‍ ഫാസ്റ്റ് സര്‍ചാര്‍ജിലോ ഇളവ് ലഭിക്കില്ല.