23 Feb 2023 4:19 PM IST
Summary
- 2021 ലാണ് സോണിയുമായി ലയിക്കുന്നതിനു സീ എന്റർടൈൻമെന്റ് തീരുമാനിക്കുന്നത്.
- കമ്പനിക്ക് വായ്പ നൽകിയിട്ടുള്ള ഇൻഡസ് ഇൻഡ് ബാങ്ക്, ആക്സിസ് ബാങ്ക്, ഐഡിബിഐ ബാങ്ക് എന്നിവർ സോണിയുമായുള്ള ലയനത്തിനെതിരെ എൻസിഎൽടിയിൽ ഹർജി സമർപ്പിച്ചു.
ഇൻഡസ് ഇൻഡ് ബാങ്ക് പ്രമുഖ മാധ്യമ സ്ഥാപനമായ സീ എന്റർടൈൻമെന്റ് എന്റർപ്രൈസസിനെതിരെ(സീൽ) നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന് നൽകിയ പാപ്പരത്വ ഹർജി അംഗീകരിച്ചു. ഇൻസോൾവൻസി & പാപ്പരത്ത കോഡ്, 2016 ലെ സെക്ഷൻ 7 പ്രകാരമാണ് ബാങ്ക് ഹർജി സമർപ്പിച്ചത്.
ഇതിനെ തുടർന്ന് ഇന്ന് സീയുടെ ഓഹരികൾ വ്യപാരത്തിനിടയിൽ 14 ശതമാനത്തോളം ഇടിഞ്ഞ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി.
റിപ്പോർട്ടുകളനുസരിച്ച്, പാപ്പരത്വ നടപടികൾ സ്വീകരിക്കുന്നത്, നിലവിലുള്ള കമ്പനികളുടെ പദ്ധതികൾക്ക് വെല്ലുവിളിയുയർത്തും. കമ്പനിയുടെ, കൾവെർ മാക്സ് എന്റർടൈൻമെൻറ് (സോണി)യുമായുള്ള ലയനത്തെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്.
2021 ലാണ് സോണിയുമായി ലയിക്കുന്നതിനു സീ എന്റർടൈൻമെന്റ് തീരുമാനിക്കുന്നത്. എന്നാൽ ലയനവുമായി ബന്ധപ്പെട്ട പ്രഖ്യാപനത്തിനു പിന്നാലെയാണ് ഇൻഡസ് ഇൻഡ് ബാങ്ക്, ബാങ്കിന് നൽകാനുള്ള 89 കോടി രൂപയുടെ ബാധ്യത അടച്ചു തീർക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയത്.
ഇൻഡസ് ഇൻഡ് ബാങ്കിന് പുറമെ കമ്പനിക്ക് വായ്പ നൽകിയിട്ടുള്ള ആക്സിസ് ബാങ്ക്, ഐഡിബിഐ ബാങ്ക് എന്നിവരും സോണിയുമായുള്ള ലയനത്തിനെതിരെ എൻസിഎൽടിയിൽ ഹർജി സമർപ്പിച്ചു. ലയനം പൂർത്തിയാകുന്നതിനു മുൻപ് ബാധ്യതകൾ തീർക്കണമെന്നാണ് ബാങ്കുകളുടെ ആവശ്യം.
കൂടാതെ, മറ്റൊരു എസ്സൽ ഗ്രൂപ്പ് കമ്പനിയായ സിറ്റി നെറ്റ്‌വർക്ക്സിന് ഇൻഡസ്ഇൻഡ് ബാങ്ക് നൽകിയ 150 കോടി രൂപയുടെ വായ്പയുടെ ഗ്യാരണ്ടറാണ് സീ ലിമിറ്റഡ്. ഈ കമ്പനിക്കെതിരെയും പാപ്പരത്വ നടപടികൾ ആരംഭിക്കാനുള്ള പ്രത്യേക അപേക്ഷയും എൻസിഎൽടി അംഗീകരിച്ചിട്ടുണ്ട്.
എന്നാൽ കമ്പനി ലയനവുമായി മുന്നോട്ടു പോകുക തന്നെ ചെയ്യുമെന്നും, സമയ ബന്ധിതമായി ലയനം പൂർത്തിയാകുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സീ ലിമിറ്റഡിന്റെ എംഡി പുനീത് ഗോയങ്ക വ്യക്തമാക്കി.