7 Feb 2022 12:42 PM IST
Summary
ആഗോള വിപണികൾ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ഇന്ന് സെന്‍സെക്സ് 1,024 പോയിന്റ് ഇടിഞ്ഞ് 58,000 താഴെ അവസാനിച്ചു. ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സ്റ്റോക്കുകളില്‍ കനത്ത വില്‍പന നടന്നു. അനിയന്ത്രിതമായ വിദേശ മൂലധന ഒഴുക്കിനെക്കുറിച്ചുള്ള ആശങ്കകള്‍ വിപണിയെ ബാധിച്ചതായി വ്യാപാരികള്‍ പറഞ്ഞു. റിസര്‍വ് ബാങ്കിന്റെ പോളിസി മീറ്റിന് മുന്നോടിയായി നിക്ഷേപകര്‍ കരുതലോടെ ഇടപെട്ടതിനാൽ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ദുര്‍ബലമായാണ് ആരംഭിച്ചത്. എന്നാല്‍ ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തില്‍ വില്‍പ്പന സമ്മര്‍ദ്ദം രൂക്ഷമായിരുന്നു. സെന്‍സെക്സ് 1,023.63 പോയിന്റ് അഥവാ 1.75 ശതമാനം താഴ്ന്ന് 57,621.19 ല്‍ […]
ആഗോള വിപണികൾ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ഇന്ന് സെന്‍സെക്സ് 1,024 പോയിന്റ് ഇടിഞ്ഞ് 58,000 താഴെ അവസാനിച്ചു. ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സ്റ്റോക്കുകളില്‍ കനത്ത വില്‍പന നടന്നു.
അനിയന്ത്രിതമായ വിദേശ മൂലധന ഒഴുക്കിനെക്കുറിച്ചുള്ള ആശങ്കകള്‍ വിപണിയെ ബാധിച്ചതായി വ്യാപാരികള്‍ പറഞ്ഞു. റിസര്‍വ് ബാങ്കിന്റെ പോളിസി മീറ്റിന് മുന്നോടിയായി നിക്ഷേപകര്‍ കരുതലോടെ ഇടപെട്ടതിനാൽ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ദുര്‍ബലമായാണ് ആരംഭിച്ചത്. എന്നാല്‍ ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തില്‍ വില്‍പ്പന സമ്മര്‍ദ്ദം രൂക്ഷമായിരുന്നു.
സെന്‍സെക്സ് 1,023.63 പോയിന്റ് അഥവാ 1.75 ശതമാനം താഴ്ന്ന് 57,621.19 ല്‍ അവസാനിക്കുകയും നിഫ്റ്റി 302.70 പോയിന്റ് അഥവാ 1.73 ശതമാനം ഇടിഞ്ഞ് 17,213.60 ആവുകയും ചെയ്തു.
സെന്‍സെക്സില്‍ എച് ഡി എഫ് സി ബാങ്ക് 3.5 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. തൊട്ടുപുറകിൽ ബജാജ് ഫിനാന്‍സ്, എല്‍ ആന്‍ഡ് ടി, ബജാജ് ഫിന്‍സെര്‍വ്, കൊട്ടക് ബാങ്ക് എന്നിവയായിരുന്നു.എന്നാല്‍ പവര്‍ഗ്രിഡ്, എന്‍ ടി പി സി, ടാറ്റ സ്റ്റീല്‍, എസ് ബി ഐ, അള്‍ട്രാടെക് സിമന്റ് എന്നിവ നേട്ടമുണ്ടാക്കി. ഇവ 1.88 ശതമാനം വരെ ഉയര്‍ന്നു. സെന്‍സെക്സില്‍ 25 ഓഹരികള്‍ നഷ്ടത്തിലായപ്പോള്‍ അഞ്ചെണ്ണം മാത്രമാണ് നേട്ടത്തില്‍ കലാശിച്ചത്.
ഏഷ്യയിലെ മറ്റിടങ്ങളായ ടോക്കിയോയിലെയും സിയോളിലെയും ഓഹരികള്‍ നഷ്ടത്തിൽ അവസാനിച്ചപ്പോള്‍ ഹോങ്കോങ്ങും ഷാങ്ഹായും നേട്ടം കൈവരിച്ചു. യൂറോപ്പിലെ ഇക്വിറ്റികള്‍ മിഡ് സെഷന്‍ ഡീലുകളില്‍ നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്.
ബ്രെന്റ് ക്രൂഡ് 1.05 ശതമാനം ഇടിഞ്ഞ് ബാരലിന് 92.29 ഡോളറിലെത്തി.
ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറിന്റെ വിയോഗത്തില്‍ ദുഃഖാചരണം ആചരിക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി 7 ന് മഹാരാഷ്ട്രയില്‍ പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ 7-9 തീയതികളില്‍ നടത്താനിരുന്ന മോണിറ്ററി പോളിസി കമ്മറ്റി പുനക്രമീകരിക്കുമെന്ന് ആര്‍ബിഐ അറിയിച്ചിരുന്നു. ഫെബ്രുവരി 8-10 നു നടക്കുന്ന മീറ്റിംഗിൽ പുതിയ തീരുമാനങ്ങൾ ഉണ്ടാവും.
2,267.86 കോടി രൂപ മൂല്യമുള്ള ഓഹരികള്‍ വെള്ളിയാഴ്ച വിറ്റഴിച്ചതിനാല്‍ വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്ഐഐ) മൂലധന വിപണിയില്‍ അറ്റ വില്‍പ്പനക്കാരായി തുടര്‍ന്നുവെന്ന് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഡാറ്റകള്‍ വ്യക്തമാക്കി.