9 Feb 2022 3:09 AM IST
Summary
ഓഹരി വിപണി ഇന്നും അനിശ്ചിതത്വത്തില്‍ തുടരാനാണ് സാധ്യത. റിസര്‍വ് ബാങ്കിന്റെ പണ നയത്തിനായി കാത്തിരിക്കുകയാണ് വ്യാപാരികള്‍. പലിശ നിരക്ക് ഉയരുമോ എന്ന ആകാംക്ഷയിലാണ് എല്ലാവരും. തുടക്കത്തില്‍ നഷ്ടത്തിലായിരുന്നെങ്കിലും ഇന്നലെ വിപണി ചെറിയ നേട്ടത്തോടെയാണ് അവസാനിച്ചത്. ബജറ്റിന് ശേഷം എല്ലാ ദിവസവും വിപണി ചാഞ്ചാട്ടത്തിലായിരുന്നു. പണനയ തീരുമാനം വരുന്നത് വരെയും ഈ അനിശ്ചിതത്വം തുടര്‍ന്നേക്കാം. ആഗോള വിപണിയില്‍ നിന്നുള്ള സൂചനകളും അത്ര നല്ലതല്ല. അതിനാല്‍ കരുതലോടെയുള്ള വ്യാപാരമാണ് ഈ സമയത്ത് അഭികാമ്യം. അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍ നാല് ദിവസത്തെ വീഴ്ചയ്ക്ക് […]
ഓഹരി വിപണി ഇന്നും അനിശ്ചിതത്വത്തില്‍ തുടരാനാണ് സാധ്യത. റിസര്‍വ് ബാങ്കിന്റെ പണ നയത്തിനായി കാത്തിരിക്കുകയാണ് വ്യാപാരികള്‍. പലിശ നിരക്ക് ഉയരുമോ എന്ന ആകാംക്ഷയിലാണ് എല്ലാവരും.
തുടക്കത്തില്‍ നഷ്ടത്തിലായിരുന്നെങ്കിലും ഇന്നലെ വിപണി ചെറിയ നേട്ടത്തോടെയാണ് അവസാനിച്ചത്.
ബജറ്റിന് ശേഷം എല്ലാ ദിവസവും വിപണി ചാഞ്ചാട്ടത്തിലായിരുന്നു. പണനയ തീരുമാനം വരുന്നത് വരെയും ഈ അനിശ്ചിതത്വം തുടര്‍ന്നേക്കാം.
ആഗോള വിപണിയില്‍ നിന്നുള്ള സൂചനകളും അത്ര നല്ലതല്ല. അതിനാല്‍ കരുതലോടെയുള്ള വ്യാപാരമാണ് ഈ സമയത്ത് അഭികാമ്യം.
അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍ നാല് ദിവസത്തെ വീഴ്ചയ്ക്ക് ശേഷമാണ് ഇന്നലെ വിപണി തിരിച്ചു കയറിയത്. ഈ തിരച്ചുവരവ് സൂചിപ്പിക്കുന്നത് വാങ്ങല്‍ നടക്കാനുള്ള സാധ്യതകള്‍ ശക്തമാണ് എന്നാണ്. നിഫ്റ്റിയില്‍ ചടുലമായ ഒരു തിരിച്ചുവരവിനുള്ള സാധ്യതകളുണ്ട്. ബുള്ളുകള്‍ക്ക് മേല്‍ക്കൈ ലഭിക്കണമെങ്കില്‍ പ്രതിരോധ നിലയായ 17,330-17,350 ന് മുകളിലേക്ക് ഒരു സമ്മര്‍ദ്ദമുണ്ടാകണം. ഈ നീക്കം വിപണിയെ 17,500-17,600 നിലയില്‍ എത്തിച്ചേക്കാം.
അമേരിക്കന്‍ വിപണി ഇന്നലെ ലാഭത്തിലായിരുന്നു. ഡൗ ജോണ്‍സ് 1.06 ശതമാനം, എസ് ആന്‍ഡ് പി 500 0.84 ശതമാനം, നാസ്ഡാക് 1.28 ശതമാനം ഉയര്‍ന്നു.
സിംഗപ്പൂര്‍ എസ് ജി എക്‌സ് നിഫ്റ്റി ഇന്നുരാവിലെ ലാഭത്തിലാണ് ആരംഭിച്ചത്.
ഇന്നലെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 1,967.89 കോടി രൂപയ്ക്കുള്ള ഓഹരികള്‍ അധിക വില്‍പ്പന നടത്തി. എന്നാല്‍, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 1,115 കോടി രൂപ വിലയുള്ള ഓഹരികള്‍ അധിക വാങ്ങല്‍ നടത്തി.
എല്‍ കെ പി സെക്യൂരിറ്റീസിന്റെ സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റ് രൂപക് ദേയുടെ അഭിപ്രായത്തില്‍ ബുള്ളുകള്‍, ബെയറുകളുമായുള്ള യുദ്ധത്തില്‍, നിര്‍ണ്ണായകമായ 17,000 ലെവലില്‍ പിടിച്ച് നിന്നു. പ്രതിദിന ചാര്‍ട്ടില്‍ നിഫ്റ്റി ഗ്രാഡണ്‍ഫ്‌ളൈ ഡോജി പാറ്റേണ്‍ കാണിക്കുന്നു. ഇതിന്റെ അര്‍ത്ഥം, വിപണി താഴുമ്പോള്‍ ഓഹരി വാങ്ങല്‍ നടക്കുന്നു എന്നാണ്.
സൂചിക 17,000 ന് മുകളില്‍ നില്‍ക്കുന്നിടത്തോളം തിരിച്ചുവരവ് സാധ്യമാകും. ഉയര്‍ന്ന നിലയില്‍, 17,330 ല്‍ തൊട്ടടുത്ത പ്രതിരോധം കാണപ്പെടുന്നു. ഈ നിലയില്‍ വ്യാപാരം നിലനിന്നാല്‍, വിപണി കൂടുതല്‍ ഉയരാനുള്ള സാധ്യതയുമുണ്ട്.
കമ്പനി ഫലങ്ങള്‍
പവര്‍ ഗ്രിഡ്, ടാറ്റാ പവര്‍, എ സി സി, ബോഷ്, എഫ് എസ് എന്‍ ഇ-കൊമേഴ്‌സ് വെഞ്ച്വേഴ്‌സ് (നൈക്ക), അരബിന്ദോ ഫാര്‍മ, ബെര്‍ജര്‍ പെയ്ന്റ്‌സ്, 3i ഇന്‍ഫോടെക്ക്, അബോട്ട് ഇന്ത്യ, ഏരീസ് അഗ്രോ, ബി എ എസ് എഫ് ഇന്ത്യ, ഭാരത് ബിജിലി, ഡി സി ബി ബാങ്ക്, എഞ്ചിനീയേഴ്‌സ് ഇന്ത്യ എന്നിവയുടെ ഫലങ്ങള്‍ ഇന്ന് പ്രതീക്ഷിക്കാം.
കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,540 രൂപ (ഫെബ്രുവരി 8)
ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് ബാരലിന് 0.21% താഴ്ന്ന് 91.04 ഡോളറിലെത്തി (8.11 am)
ഒരു ബിറ്റ് കോയിന്റെ വില 34,03,658 രൂപ (8.04 am, wazirx)
ഒരു ഡോളറിന് 74.62 രൂപ (ഫെബ്രുവരി 8)