26 Feb 2022 11:21 AM IST
Summary
വിദേശകാര്യ മന്ത്രാലയവും എംബസിയും ചേർന്ന് യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ഊർജ്ജിത ശ്രമം നടത്തിവരികയാണെന്ന് നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ. എംബസി നാല് അയൽരാജ്യങ്ങളുടെ അതിർത്തിയിൽ ക്യാമ്പ് ഓഫീസ് ആരംഭിച്ചിട്ടുണ്ടെന്നും മലയാളി വിദ്യാർഥികളുൾപ്പെടെയുള്ളവരോട് ഇവിടെ ബന്ധപ്പെടാനുള്ള നിർദ്ദേശമാണ് നൽകിയതെന്നും ഫെയ്സ്ബുക്ക് ലൈവിൽ അദ്ദേഹം അറിയിച്ചു യുക്രെയ്നിൽ കുടുങ്ങിയവർക്ക് സൗജന്യ യാത്ര കേന്ദ്ര സർക്കാർ ഉറപ്പാക്കിയിരുന്നു. ഈയവസരത്തിൽ ഡൽഹിയിലും മുംബൈയിലും എത്തുന്ന മലയാളി വിദ്യാർഥികളെ സൗജന്യമായി കേരളത്തിലെത്തിക്കാൻ ആവശ്യമായ സഹായം ഉറപ്പാക്കുമെന്ന് മുഖ്യമന്തി അറിയിച്ചതായും അദ്ദേഹം […]
വിദേശകാര്യ മന്ത്രാലയവും എംബസിയും ചേർന്ന് യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ഊർജ്ജിത ശ്രമം നടത്തിവരികയാണെന്ന് നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ.
എംബസി നാല് അയൽരാജ്യങ്ങളുടെ അതിർത്തിയിൽ ക്യാമ്പ് ഓഫീസ് ആരംഭിച്ചിട്ടുണ്ടെന്നും മലയാളി വിദ്യാർഥികളുൾപ്പെടെയുള്ളവരോട് ഇവിടെ ബന്ധപ്പെടാനുള്ള നിർദ്ദേശമാണ് നൽകിയതെന്നും ഫെയ്സ്ബുക്ക് ലൈവിൽ അദ്ദേഹം അറിയിച്ചു
യുക്രെയ്നിൽ കുടുങ്ങിയവർക്ക് സൗജന്യ യാത്ര കേന്ദ്ര സർക്കാർ ഉറപ്പാക്കിയിരുന്നു. ഈയവസരത്തിൽ ഡൽഹിയിലും മുംബൈയിലും എത്തുന്ന മലയാളി വിദ്യാർഥികളെ സൗജന്യമായി കേരളത്തിലെത്തിക്കാൻ ആവശ്യമായ സഹായം ഉറപ്പാക്കുമെന്ന് മുഖ്യമന്തി അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
യുക്രെയ്നിൽ കുടുങ്ങിയ മലയാളികളുടെ വിവര ശേഖരണത്തിനായി നോർക്ക റൂട്സ് ആരംഭിച്ച ഓൺലൈൻ രജിസ്ട്രേഷനിൽ ഇതുവരെ 1428 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. https://www.norkaroots.org/ എന്ന വെബ്സൈറ്റിൽ http://ukrainregistration.norkaroots.org/ എന്ന ലിങ്ക് വഴി ആർക്കും വിവരങ്ങൾ അപ്ലോഡ് ചെയ്യാവുന്നതാണ്. നോർക്ക ശേഖരിക്കുന്ന വിവരങ്ങൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും യുക്രെയ്നിലെ ഇന്ത്യൻ എംബസിക്കും കൈമാറും.
27 സർവകലാശാലകളിൽ നിന്നായി 1498 വിദ്യാർഥികൾ ഇതുവരെ നോർക്കയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നു നോർക്ക സിഇഒ ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു.
ഇന്നലെ വരെ 468 മലയാളി വിദ്യാർഥികളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ ഒഡീസ നാഷണൽ യൂണിവേർസിറ്റിയിൽ നിന്നാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ (200). ഖാർക്കീവ് നാഷണൽ യൂണിവേർസിറ്റി (44), ബൊഗോമോളറ്റസ് നാഷണൽ മെഡിക്കൽ യൂണിവേർസിറ്റി(11), സുമി സ്റ്റേറ്റ് മെഡിക്കൽ യൂണിവേർസിറ്റി (10) എന്നിങ്ങനെയാണ് മറ്റു യൂണിവേഴ്സിറ്റിയിൽ നിന്നു വന്ന കണക്കുകൾ. ഇവരുടെ വിശദാംശങ്ങൾ വിദേശകാര്യ മന്ത്രാലയത്തിനു നൽകിയിട്ടുണ്ടെന്ന് നോർക്ക അറിയിച്ചു.