Summary
കെ റെയില്‍ ചർച്ച ചൂട് പിടിക്കുകയാണ്. അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും നിറയുന്നു. ഭൂമി നഷ്ട്ടപ്പെടുന്നവർ അവർക്കു വേണ്ട രീതിയിലുള്ള വിവരങ്ങൾ അധികൃതർ നൽകിയില്ല എന്ന് പറയുമ്പോൾ അവർക്ക് കിടപ്പാടം നല്കാൻ ബാധ്യതപ്പെട്ടവർ മൗനം പാലിക്കുകയാണ്. ചുരുക്കത്തിൽ വ്യക്തമായ ധാരണ ആര്ക്കുമില്ലാത്ത ഒരവസ്ഥയാണ് നിലനിൽക്കുന്നത്. കെ റെയിൽ ആവശ്യമെന്നു പറയുന്നവർക്കും അതിനെക്കുറിച്ചു പറയുമ്പോൾ പലപ്പോഴും ഉത്തരം മുട്ടുന്നു. ഈ വിഷയത്തിൽ മൈഫിന് പോയിന്റിനോട് കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസിന്റെ നിലപാട് […]
കെ റെയില്‍ ചർച്ച ചൂട് പിടിക്കുകയാണ്. അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും നിറയുന്നു. ഭൂമി നഷ്ട്ടപ്പെടുന്നവർ അവർക്കു വേണ്ട രീതിയിലുള്ള വിവരങ്ങൾ അധികൃതർ നൽകിയില്ല എന്ന് പറയുമ്പോൾ അവർക്ക് കിടപ്പാടം നല്കാൻ ബാധ്യതപ്പെട്ടവർ മൗനം പാലിക്കുകയാണ്. ചുരുക്കത്തിൽ വ്യക്തമായ ധാരണ ആര്ക്കുമില്ലാത്ത ഒരവസ്ഥയാണ് നിലനിൽക്കുന്നത്. കെ റെയിൽ ആവശ്യമെന്നു പറയുന്നവർക്കും അതിനെക്കുറിച്ചു പറയുമ്പോൾ പലപ്പോഴും ഉത്തരം മുട്ടുന്നു. ഈ വിഷയത്തിൽ മൈഫിന് പോയിന്റിനോട് കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസിന്റെ നിലപാട് വ്യക്തമാക്കുകയാണ് ചേംബര്‍ പ്രസിഡന്റ് റാഫി പി ദേവസ്സി.
കെ റെയില്‍ വിഷയത്തില്‍ കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ നിലപാട് എന്താണ്?
മലബാറിന്റെ വിശേഷിച്ചും കോഴിക്കോടിന്റെ ഏതുതരത്തിലുള്ള വികസനത്തിനെയും കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് എന്നും അനുകൂലിക്കും. കാലിക്കറ്റ് ചേംബര്‍ എന്നും പുരോഗമനത്തിന് വേണ്ടി വാദിക്കുന്ന ഒരു കൂട്ടരാണ്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ വേണം പുരോഗമനം നടത്താന്‍. എല്ലാ ജനങ്ങളുടെയും ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കികൊണ്ട്, അവരുടെ വീടുകളും പുരയിടങ്ങളും കൃഷിയിടങ്ങളുമെല്ലാം ഏറ്റെടുക്കുമ്പോള്‍ തക്കതായ നഷ്ടപരിഹാരം നല്‍കിക്കൊണ്ട് പുനരധിവാസം കൂടെ ആസൂത്രണം ചെയ്തുകൊണ്ടായിരിക്കണം ഇതെല്ലാം നടത്താന്‍ എന്നാണ് കാലിക്കറ്റ് ചേബറിന്റെ അഭിപ്രായം.
കെ റെയില്‍ നമ്മുടെ നാടിന്റെ പുരോഗതിയ്ക്ക് കുതിപ്പേകുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. പക്ഷേ അത് എങ്ങനെ നടപ്പാക്കുന്നു എന്ന കാര്യത്തില്‍ മാത്രമാണ് ചില തര്‍ക്കം ഇവിടെ കാണുന്നത്. ഏതു പ്രവര്‍ത്തനം വരുമ്പോഴും, എന്തു രീതിയിലുള്ള പുരോഗമനം വരുമ്പോഴും ജനങ്ങള്‍ എതിര്‍ക്കുക എന്നത് സ്വാഭാവികമാണ്. കാരണം എല്ലാവരിലും ആശങ്കകള്‍ ഉണ്ട്. എന്റെ സ്ഥലം ഇനി വില്‍ക്കാന്‍ സാധിക്കുകയില്ലേ? ഇതിന് വില ലഭിക്കില്ലേ? മുതലായ ആശങ്കകള്‍ എന്നുമുണ്ടാവും. അത് ദുരീകരിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. അത് വേണ്ടപ്പെട്ടവര്‍ വേണ്ടപ്പെട്ട രീതിയില്‍ ദൂരീകരിക്കുമെന്നാണ് കരുതുന്നത്. എങ്കില്‍ മാത്രമേ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ടു കൊണ്ടുപോവാന്‍ സാധിക്കൂ. പ്രകൃതിയ്ക്ക് ദോഷം വരാത്ത രീതിയില്‍, നഷ്ടങ്ങള്‍ സഹിക്കേണ്ടി വരുന്നവര്‍ക്ക് തക്കതായ നഷ്ടപരിഹാരം നല്‍കി ഇത് മുന്നോട്ടു കൊണ്ടു പോവാനാണ് ചേംബര്‍ ആഗ്രഹിക്കുന്നത്.
ചേംബര്‍ മെമ്പേഴ്‌സ് അല്ലെങ്കില്‍ വ്യാപാരികള്‍ ലോകത്തിന്റെ പല ഭാഗത്തും യാത്ര ചെയ്യുന്നവരാണ്. വിദേശ രാജ്യങ്ങളിലെല്ലാം ഇതുപോലെ റെയില്‍വേ ലൈനുകളും എക്‌സ്പ്രസ് വേകളുമെല്ലാം കാണാം. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് ഇവയെല്ലാം അവിടങ്ങളില്‍ പരിപാലിക്കുന്നത് കണ്ടാല്‍ നമുക്ക് അത്ഭുതം തോന്നും. ഇവിടുത്തെക്കാള്‍ മനോഹരമായ സ്ഥലങ്ങളിലെല്ലാം അതിമനോഹരമായ രീതില്‍ ഇവയെല്ലാം നടപ്പിലാക്കിയിട്ടുണ്ട്.

മലബാറിന്റെ വിശേഷിച്ചും കോഴിക്കോടിന്റെ വികസനത്തിന് ഇത് ഗുണപരമാകുമോ?
തീര്‍ച്ചയായും. കെ റെയില്‍ വരുമ്പോള്‍ ഏറ്റവുമധികം ഗുണം ലഭിക്കുുക മലബാറിലുള്ളവര്‍ക്കാണ്. ടൂറിസം മേഖല നോക്കുകയാണെങ്കില്‍, തൃശ്ശൂര്‍ കഴിഞ്ഞാല്‍ മലബാറിലേക്ക് ടൂറിസ്റ്റുകള്‍ വരുന്നത് വളരെ കുറവാണ്. അതിനൊരു പ്രധാന കാരണം യാത്രാ സൗകര്യം വളരെ കുറവാണ് എന്നതു തന്നെയാണ്. ഇടുങ്ങിയ റോഡുകള്‍, ട്രെയിനുകളുടെ അഭാവം എന്നിവയെല്ലാം ഇതിന് കാരണമാവുന്നു. കേരളത്തിന്റെ ടൂറിസം മാപ്പില്‍ കൃത്യമായ സ്ഥാനം രേഖപ്പെടുത്താന്‍ കെ റെയിലിലൂടെ സാധിക്കും എന്നതാണ് ചേംബറിനുള്ള അഭിപ്രായം.
അതുപോലെ നിര്‍മ്മാണ മേഖലയിലായാലും ഇക്വിറ്റി മേഖലയിലായാലും മലബാറിനെ സംബന്ധിച്ചിടത്തോളെ വികസനം കുറവാണ്. ഇവിടെ യാത്രാ സൗകര്യം മെച്ചപ്പെടുമ്പോള്‍ ഇവിടെയുള്ള ജനങ്ങള്‍ക്ക് മറ്റു സ്ഥലങ്ങളിലേക്ക് പോവാനും ആളുകള്‍ക്ക് ഇവിടേക്ക് വരാനും എളുപ്പത്തില്‍ സാധിക്കും. കണക്ടിവിറ്റി ഒരു പ്രധാനപ്പെട്ട ഘടകമാണ്. വ്യവസായ മേഖലയിലുള്ളവര്‍ക്കും ആരോഗ്യ മേഖലയിലുള്ളവര്‍ക്കും എല്ലാം സുഗമമായും പെട്ടെന്നും അത്യാവശ്യ യാത്രകള്‍ നടത്താന്‍ കെ റെയില്‍ നടപ്പിലാവുന്നതിലൂടെ സാധിക്കും.
എതിര്‍പ്പുകളെ എങ്ങനെ കാണുന്നു? കോഴിക്കോട് നഗരത്തിലൂടെ ഇത് ഭൂഗര്‍ഭ മാതൃകയിലാണ് കടന്നുപോവുക എന്ന് പറയുന്നു. കോഴിക്കോട്ടെ ഗ്രാമപ്രദേശങ്ങളിലുള്ളവരില്‍ ആശങ്കകള്‍ നിറയുന്നു. പ്രക്ഷോഭങ്ങള്‍ ഉണ്ടാവുന്നു. എന്താണ് ഇതിനെക്കുറിച്ച് പറയാനുള്ളത്?
എല്ലാവരിലും ആശങ്കകള്‍ ഉണ്ട്. ഇത് ദുരീകരിക്കേണ്ടത് സര്‍ക്കാരിന്റെയോ ഇത് നടപ്പാക്കുന്ന ഏജന്‍സിയുടെയോ ചുമതലയാണ്. അവ്യക്തതയിലൂടെയാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നീങ്ങുന്നത്. കൃത്യമായി പറയുകയാണെങ്കില്‍ കെ റെയിലിന് അനുമതി ലഭിക്കുമോ എന്ന കാര്യം പോലും ഇപ്പോഴും തീര്‍ച്ചയല്ല. സെന്‍ട്രല്‍ ഗവണ്‍മെന്റിന്റെ അനുമതിക്കപ്പുറം റെയില്‍വേ ബോര്‍ഡിന്റെ സെക്യൂരിറ്റി ബോര്‍ഡിന്റെ അനുമതി ലഭിക്കണം. ഇതൊക്കെ സാധിക്കണമെങ്കില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരുപാട് കാര്യങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഇവയൊന്നും ദുരീകരിക്കാതെ പെട്ടന്നൊരു ദിവസം സര്‍വ്വേക്കല്ല് ഇട്ടതുകൊണ്ട് ഒരു കാര്യവുമില്ല. എന്തിനാണ് ഇത്ര തിടുക്കത്തില്‍ സര്‍വ്വേക്കല്ല് പാകി ജനങ്ങളില്‍ ആശങ്ക നിറയ്ക്കുന്നതെന്ന് മനസ്സിലാവുന്നില്ല.
ജനങ്ങളെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി അവരെ ബോധ്യപ്പെടുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഇത് കേള്‍ക്കാന്‍ ജനങ്ങള്‍ ബാധ്യസ്ഥരാണ്. പറയുന്ന കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാണോ എന്ന് നോക്കേണ്ടതും ക്രോസ് ചെക്ക് ചെയ്യേണ്ടതും ജനങ്ങളുടെ ഉത്തരവാദിത്തമായാണ് എനിക്ക് തോന്നുന്നത്. സര്‍ക്കാര്‍ എതിര്‍പ്പുകള്‍ അംഗീകരിക്കണം. ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ശ്രമിക്കണം.
ബഫര്‍ സോണ്‍ ആണ് ഏറ്റവും മുഖ്യമായ കാര്യം. 20 മീറ്റര്‍ ബഫര്‍ സോണിലുള്ളവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുകയുമില്ല, അവരുടെ സ്ഥലങ്ങള്‍ വില്‍പ്പന നടത്താനോ അവിടങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനോ സാധിക്കുകയുമില്ല. ചേംബറിന്റെ അഭിപ്രായത്തില്‍ ബഫര്‍ സോണിലുള്ളവരും നഷ്ടപരിഹാരത്തിന് അര്‍ഹരാണ്. അവര്‍ക്കും ചെറിയ രീതിയില്‍ ഒരു തുക നഷ്ടപരിഹാരമായി സര്‍ക്കാര്‍ നല്‍കണം. ഇത് തീര്‍ച്ചയായും സര്‍ക്കാര്‍ പരിഗണിക്കണം.
ഭാവിയിലേക്ക് കെ റെയില്‍ ഒരു മുതല്‍ക്കൂട്ടാവുമോ?
കെ റെയില്‍ ഭാവിയിലേക്കുള്ള ഒരു ഇന്‍വെസ്റ്റ്‌മെന്റ് ആണ്. ഇത് അതിന്റെ ഡെലിവെറി ടൈം ആയാണ് ഞാന്‍ കാണുന്നത്. നല്ല കാര്യം വരുമ്പോള്‍ വേദനകള്‍ സഹിക്കേണ്ടി വരും. ഭാവിയില്‍ ഉള്ള കുഞ്ഞുങ്ങള്‍ക്ക് ഒരുപക്ഷേ കെ റെയില്‍ ഇല്ലാത്തതിനെക്കുറിച്ച് സങ്കല്‍പ്പിക്കാന്‍ സാധിക്കില്ല്. അതാണ് യാഥാര്‍ത്ഥ്യം. ഇത് കാലത്തിന്റെ അനിവാര്യതയാണ്. ഭാവി തലമുറയ്ക്ക് ഏറ്റവും അത്യാവശ്യമുള്ള കാര്യവുമാണ് ഇത്തരം സ്പീഡി ട്രാന്‍പോര്‍ട്ട് സിസ്റ്റംസ്. മാറ്റങ്ങള്‍ വരുമ്പോള്‍ അതിനെ പ്രതിരോധിക്കുക എന്നത് മനുഷ്യസഹജമായ കാര്യമാണ്. അതിനെയെല്ലാം മറികടന്നുകൊണ്ട് മുന്നോട്ടു പോവണം.
എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചുകൊണ്ട് എല്ലാവര്‍ക്കും സ്വീകാര്യമായ രീതിയില്‍ ഇതിനെ മുന്നോട്ട് കൊണ്ടുപോവണം. ഇത്തരം പ്രസ്ഥാനങ്ങള്‍ അടുത്ത തലമുറയ്ക്ക് വേണ്ടി ഇപ്പോഴത്തെ തലമുറ ചെയ്യുന്ന ഒരു നല്ല കാര്യമാണ്. കൂടാതെ പ്രവൃത്തി തുടങ്ങിയാല്‍ സമയബന്ധിതമായി തീര്‍ക്കണം. അല്ലെങ്കില്‍ ഇതൊരു സ്മാരകമായി അവിടെ കിടക്കും. ലേറ്റസ്റ്റ് ടെക്‌നോളജി ഉപയോഗിച്ചാവണം അതിവേഗ റെയില്‍പാത നിര്‍മ്മിക്കാനും അത് പ്രാവര്‍ത്തികമാക്കാനും. അതിന്റെ നടത്തിപ്പും പ്രഫഷനലി മനേജ്‌ഡ് ആയിരിക്കണം.