21 May 2022 10:55 AM IST
Summary
എല്ലാ മേഖലകളിലും വികസനം കടന്നുവന്നിരിക്കുന്നു. എന്നാൽ പലപ്പോഴും അവഗണനയുടെ വക്കിലാണ് നമ്മുടെ രാജ്യത്തെ കായിക മേഖല. കായികവികസനം ഒരു രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രധാന കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നത് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും തൊഴിലും വരുമാനവും സൃഷ്ടിക്കുന്നതിനും സാമ്പത്തിക പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും സഹായിക്കും. കായിക വിനോദങ്ങളുടെ വികസനവും പ്രോത്സാഹനവും ഉറപ്പാക്കേണ്ടത് ഒരു സമൂഹത്തിന്റെ തന്നെ കാര്യമാണ്. എന്നാൽ അധികൃതർ ഇക്കാര്യത്തിൽ എപ്പോഴും ഒരുതരം താല്പര്യമില്ലായ്മയാണ് പ്രകടിപ്പിക്കാറുള്ളത്. കായിക രംഗം നേരിടുന്ന സാമ്പത്തികവും സാങ്കേതികവുമായ പ്രശ്നങ്ങളെക്കുറിച്ചു […]
എല്ലാ മേഖലകളിലും വികസനം കടന്നുവന്നിരിക്കുന്നു. എന്നാൽ പലപ്പോഴും അവഗണനയുടെ വക്കിലാണ് നമ്മുടെ രാജ്യത്തെ കായിക മേഖല. കായികവികസനം ഒരു രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രധാന കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നത് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും തൊഴിലും വരുമാനവും സൃഷ്ടിക്കുന്നതിനും സാമ്പത്തിക പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും സഹായിക്കും. കായിക വിനോദങ്ങളുടെ വികസനവും പ്രോത്സാഹനവും ഉറപ്പാക്കേണ്ടത് ഒരു സമൂഹത്തിന്റെ തന്നെ കാര്യമാണ്. എന്നാൽ അധികൃതർ ഇക്കാര്യത്തിൽ എപ്പോഴും ഒരുതരം താല്പര്യമില്ലായ്മയാണ് പ്രകടിപ്പിക്കാറുള്ളത്.
കായിക രംഗം നേരിടുന്ന സാമ്പത്തികവും സാങ്കേതികവുമായ പ്രശ്നങ്ങളെക്കുറിച്ചു കോഴിക്കോട് കിനാലൂരിലുള്ള ഉഷ സ്കൂൾ സെക്രട്ടറി അജനചന്ദ്രൻ മൈഫിന് പോയിന്റിനോട് സംസാരിക്കുകയാണിവിടെ.
1) സ്പോർട്സിന്റെ വാണിജ്യ സാധ്യതകൾ എന്തെല്ലാമാണ്?
കേരളത്തിൽ ഒരു വ്യവസായം എന്ന രീതിയിലല്ല സ്പോർട്സിനെ കാണുന്നത്. സിനിമയെ ഒരു വ്യവസായമായി അംഗീകരിച്ചതുപോലെ കായികരംഗത്തെ വ്യവസായമായി അംഗീകരിച്ചിട്ടില്ല. ഒരു വിനോദമായോ അല്ലെങ്കിൽ സാധാരണക്കാരൻ ആരോഗ്യ സംബന്ധമായി ചെയ്യുന്ന ഒരു കാര്യമോ ആണ് കായികം. ഇതിനെ ഒരു വ്യവസായമായി അംഗീകരിച്ചാൽ ആളുകൾക്ക് വ്യവസായത്തിൽ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങൾ ലഭിക്കുകയും ഈ രംഗത്ത് ജോലി ചെയ്യുന്നത് ഒരു വോളന്ററി വർക്കിനുപരിയായി ഒരു പ്രൊഫഷണൽ രീതിയിലേക്ക് മാറുകയും ചെയ്യും. അങ്ങനെ വരുമാനം ഉണ്ടാക്കാൻ സാധിക്കും.
2) നമ്മുടെ നാട്ടിൽ കായിക മേഖലയിലേക്ക് എങ്ങനെയാണ് നിക്ഷേപം വരുന്നത്?
നമ്മുടെ രാജ്യത്ത് കായികമേഖല ഒരു ഗവണ്മെന്റ് സ്പോൺസർഡ് പ്രോഗ്രാം ആണ്. സ്കൂൾ കായികം, ട്രെയിനിങ്ങുകൾ, സായി സെന്ററുകൾ, ജിവി രാജ, ഖേലോ ഇന്ത്യ മുതലായവയെല്ലാം സർക്കാർ സംവിധാനമാണ്. ഇതെല്ലാം സർക്കാർ സംവിധാനത്തിൽ നിന്നും മാറിയിട്ട് എങ്ങനെ ഒരു പ്രൈവറ്റ് ഇൻവെസ്റ്റ്മെന്റ് ആക്കാൻ സാധിക്കും, അത് സസ്റ്റൈനബിൾ ആകുമോ, അതിന്റെ സാദ്ധ്യതകൾ, അതിൽ സർക്കാർ എങ്ങനെ സഹായിക്കാം എന്നെല്ലാം ചർച്ച ഉയരണം.
സ്പോർട്സ് അസോസിയേഷനുകൾക്കൊന്നും നമ്മൾ വിചാരിക്കുന്നതുപോലെ അത്ര കാശൊന്നുമില്ല. ക്രിക്കറ്റിനൊക്കെ ഉണ്ടാവും. അത്ലെറ്റിക് അസോസിയേഷനൊക്കെ അതിനോട് താല്പര്യമുള്ള കുറെ അധ്യാപകരും ആളുകളും പഴയ കായിക താരങ്ങളുമൊക്കെ അടങ്ങിയതാണ്. അവരുടെ താല്പര്യം പോലെ ഇതിൽ നിൽക്കുക എന്നല്ലാതെ കാശ് ഉണ്ടായിട്ട് നടത്തുന്നതൊന്നുമല്ല.
3) കേരളത്തിലെ കായിക രംഗത്തിന്റെ സാമ്പത്തികം എങ്ങനെയാണ്?
കേരളത്തിന്റെ സ്പോർട്സ് വിപണിയിൽ മുഴുവനും പഞ്ചാബ്, ഹരിയാന മുതലായ സ്ഥലങ്ങളിൽ നിന്നു വരുന്ന പ്രോഡക്ടസ് ആണ് ഉപയോഗിക്കുന്നത്. നമ്മൾ പഞ്ചാബിലെ ജലന്ധറിലോ മീററ്റിലോ പോയി ഒരു കമ്പനി സന്ദർശിച്ചാൽ അവിടെയുള്ളവർക്ക് നമ്മുടെ നാട്ടിലെ സ്കൂളിലെ കായികാധ്യാപകനെ വരെ പരിചയമുണ്ടാവും. അത്ര അഗ്ഗ്രെസ്സീവ് ആയി അവർ നമ്മുടെ നാട്ടിൽ മാർക്കറ്റിംഗ് ചെയ്യുന്നുണ്ട്. ഇപ്പോൾ കേരളത്തിൽ അത്യാവശ്യം യൂണിഫോം പ്രോഡക്ടസ് എല്ലാം ഉണ്ടാക്കുന്നുണ്ടെങ്കിലും സ്പോർട്സ് ഉപകാരണങ്ങളുടെ കാര്യത്തിൽ നമ്മൾ ഇപ്പോഴും വളരെ പുറകിലാണ്. കായികരംഗത്തു നിന്നുള്ള വരുമാനം മുഴുവനും കൊണ്ടുപോകുന്നത് കേരളത്തിന് പുറത്തുള്ള കമ്പനികളാണ്. നമ്മൾ ഇവിടെ നിന്ന് കളിച്ചു കൊടുക്കുന്നു എന്നു മാത്രം.
കേരളത്തിൽ കായിക ഉപകരണങ്ങൾ ഒന്നും നിർമിക്കുന്നില്ല. ഇവിടെ ഗ്രൗണ്ടുകളിലും മൈതാനങ്ങളിലും പാർക്കുകളിലുമെല്ലാം ഔട്ട്ഡോർ ജിം എക്യുപ്മെന്റസ് ഒരു ഫാഷൻ പോലെ വരുന്നുണ്ട്. ഒന്നും കേരളത്തിൽ ഉണ്ടാക്കുന്നതല്ല. വളരെ സിംപിളായ സാധനങ്ങളാണ് ഇവയെല്ലാം. ജിഐ പൈപ്പുകൾ വെച്ച് ഒരു കോംപ്ലിക്കേഷൻ പോലുമില്ലാതെയാണ് ഇതെല്ലാം നിർമ്മിക്കുന്നത്. ഇതിനെല്ലാം ഡെല്ഹിയെയോ മീററ്റിനെയോ ആശ്രയിക്കണം.
ഇതിനെ ഒരു വ്യവസായമായി കാണുകയും ഇതിൽ നിക്ഷേപം നടത്തിയാൽ വരുമാനം ലഭിക്കും എന്ന ബോധം ഉണ്ടാവുകയും അത്തരമൊരു മേഖലയായി ഇതിനെ മാറ്റാനുള്ള ഒരു ശ്രമം സർക്കാർ കൈക്കൊള്ളുകയും വേണം. അടുത്ത കാലത്തായി കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും ഫിക്കിയുമൊക്കെ ഈ മേഖലയിൽ കുറെ ശ്രദ്ധിക്കുന്നുണ്ട്. കേരളത്തിന് പുറത്ത് പല സ്ഥലങ്ങളിലും സ്പോർട്സ് സിറ്റികൾ വരുന്നുണ്ട്. സ്പോർട്സ് ഓറിയന്റഡ് ആയ മാളുകൾ വരുന്നുണ്ട്. ഇതെല്ലാം നല്ല സൂചനകളാണ്.
4) ഇപ്പോഴുള്ള ഈ സാഹചര്യത്തിൽ നിന്നും സ്പോർട്സ് മേഖലയിൽ എന്തെല്ലാം മാറ്റങ്ങൾ വരണമെന്നാണ് താങ്കൾക്ക് തോന്നുന്നത്?
ഞാൻ ഉഷ സ്കൂളിന്റെ സെക്രട്ടറിയാണ്. ഇതുപോലെയുള്ള സ്പോർട്സ് സ്കൂളുകൾ എല്ലാം ഗവണ്മെന്റ് സപ്പോർട്ടിൽ അല്ലെങ്കിൽ പ്രൈവറ്റ് കമ്പനികളുടെ സഹായത്താലുള്ള ഫണ്ട് കൊണ്ട് നടന്നു പോകുന്നതാണ്. ഇതൊന്നും സ്വയം പര്യാപ്തമായ ഒരു മോഡൽ അല്ല. നാട്ടിൻപുറത്തെ ഒരു ക്ലബ് പോലെ സംഭാവന പിരിച്ചു കാര്യങ്ങൾ നടത്തുന്നു എന്നു മാത്രം. ആ രീതി മാറിയിട്ട് ഇതിൽ എന്തെല്ലാം സാദ്ധ്യതകൾ ഉണ്ട് എന്ന് മനസിലാക്കണം. ഈ ഗ്രൗണ്ടും ഇവിടുത്തെ ജിം എക്യുപ്മെന്റ്സും ഇവിടെയുള്ള പ്രൊഫഷണൽ കോച്ചുമാരും ഫിസിയോ തെറാപ്പിസ്റ്റ്, ഡോക്ടർമാർ, മസ്സാജ് ചെയ്യുന്നവർ എന്നിവരുടെ സേവനം പുറത്തേക്ക് കൂടെ നൽകുന്ന ഒരു മോഡൽ ഡെവലപ്പ് ചെയ്തു വന്നാലേ ഇതെല്ലാം എല്ലാകാലവും നിലനിൽക്കൂ. ഇല്ലെങ്കിൽ ഇതൊരു ഫാഷന്റെ പുറത്തോ വികാരത്തിന്റെ പുറത്തോ ആവേശത്തിന്റെ പുറത്തോ നടക്കുന്ന പരിപാടികളായി മാറും. അപ്പോൾ പല ക്ലബ്ബുകളും പൊങ്ങി വരുകയും അതുപോലെ മായുകയും ചെയ്യും.
ഇത് സ്വയം പര്യാപ്തമാകണമെങ്കിൽ ലോകം മുഴുവൻ ഉണ്ടാവുന്ന മാറ്റം നമ്മളും കൊണ്ടുവരണം. ഗ്രാസ് റൂട്ട് ലെവലിൽ നിന്ന് നല്ല കുട്ടികളെ കിട്ടണമെങ്കിൽ, ഇതിലേക്ക് നിന്നാൽ ഇതെന്റെ ജീവിതം കൂടിയാവും എന്നു കണ്ടാലേ ചെറുപ്പക്കാരെ ആകർഷിക്കാൻ സാധിക്കൂ. താൻ കായിക മേഖലയിലാണ് ജോലിക്ക് തിരഞ്ഞെടുക്കുന്നതെന്ന് ഒരു വ്യക്തി പറയണമെങ്കിൽ അതിൽ നിന്നും വരുമാനം ലഭിക്കണം. സമ്മാനത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം മാത്രമായാൽ ആരും വരില്ല.
5) കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്ന കായിക ഉപകരണങ്ങൾ ധാരാളമുണ്ടല്ലോ. ഇത് ഇവിടെത്തന്നെ നമുക്ക് നിർമിച്ചെടുക്കാൻ സാധിക്കില്ലേ?
കേരളത്തിലെ ഗ്രൗണ്ടുകൾ ഒരു ഉദാഹരണമായെടുത്താൽ സിന്തറ്റിക് ട്രാക്കുകൾ, അക്രിലെറ്റ് എന്നിങ്ങനെ പല സർഫേസുകൾ ഉണ്ട്. വേൾഡ് അസോസിയേഷന്റെ അംഗീകാരമുള്ള ഒരു വസ്‌തു പോലും ഇന്ത്യയിൽ കണ്ടെത്താൻ കഴിയില്ല. എല്ലാം ഇറക്കുമതിയാണ്. ഞങ്ങൾ തന്നെ വലിയ കാര്യത്തിൽ പറയുന്നത് 'ഇമ്പോർട്ടഡ് പ്രോഡക്ടസ്' ആണ് ഉപയോഗിക്കുന്നത് എന്നാണ്. ഇമ്പോർട്ടഡ് പ്രോഡക്ടസ് നല്ലതാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. നമുക്ക് അതിന്റെ സർട്ടിഫിക്കേഷൻ കിട്ടാനുള്ള ഒരു ശ്രമവും നടക്കുന്നില്ല. നമുക്ക് നമ്മുടേതായി ഉണ്ടാക്കാൻ സാധിക്കുന്ന സ്കോർ ബോർഡ് പോലും പുറത്തു നിന്ന് വരുത്തുകയാണ്.
ഗ്രൗണ്ടിൽ അടിക്കുന്ന പെയിന്റ് മറ്റൊരു ഉദാഹരണമാണ്. ഇന്ത്യയിൽ ഒരുപാട് പെയിന്റ് കമ്പനികൾ ഉണ്ട്; കേരളത്തിലുമുണ്ട്. പക്ഷേ ഗ്രൗണ്ടിൽ അടിക്കുന്ന പെയിന്റ് ഇറക്കുമതി ചെയ്യും. മാത്രമല്ല അത് ഗ്രൗണ്ടിൽ പ്രോപ്പർ ആയി ചെയ്യുന്ന ആളുകൾ കേരളത്തിലില്ല. അതിനു ബോംബെ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ളവരെ വിളിക്കണം.
6) എങ്ങനെയാണ് ഈ മേഖലയിൽ മാറ്റം കൊണ്ടുവരാൻ സാധിക്കുക?
വളരെ ഗൗരവത്തോടെ ഈ മേഖലയിൽ ശ്രദ്ധിക്കാൻ രാഷ്ട്രീയമായ ഇച്ഛാശക്തി വേണം; ഉദ്യോഗസ്ഥർ വേണം; കേരളത്തിലൊക്കെ ഇതിന്റെ തലപ്പത്തു ഇതിൽ താല്പര്യമുള്ള ആളുകൾ വരുമ്പോൾ ഒരുപാട് മാറ്റം വരാറുണ്ട്. ഭരണകൂടം മുൻകൈയെടുത്ത് താല്പര്യമുള്ള, കഴിവുള്ള യുവ ജനതയെ ഇതിലേക്ക് കൊണ്ടുവരണം.
കേരളത്തിൽ ഇപ്പോൾ കുറെ മാറ്റം ഉണ്ടായിട്ടുണ്ട്. സ്പോർട്സ് കേരള ഫൌണ്ടേഷൻ എന്നൊരു പുതിയ കമ്പനി രജിസ്റ്റർ ചെയ്തു. കുറെ കാര്യങ്ങൾ അവർ ചെയ്യുന്നുമുണ്ട്. പക്ഷേ റിസൾട്ട് വേണമെങ്കിൽ ഇനിയും മാറ്റങ്ങൾ വരണം. പുതിയ ടെക്നോളജി കൊണ്ടുവരണം. പഴയ താരങ്ങൾ പറയും പണ്ടത്തെക്കാൾ ഫസിലിറ്റീസ് ഇപ്പോൾ ഉണ്ടെന്ന്. പക്ഷേ ഇപ്പോൾ ഇവിടെ നിന്ന് ലഭിക്കുന്ന ഫസിലിറ്റികൾ ട്രെയിനിങ് ചെയ്യിക്കുന്ന മെക്കാനിസം വെച്ചു നോക്കുമ്പോൾ വലിയ മാറ്റമുണ്ട്. അത് ടെക്നോളജി വൈസ് ആണ്. അത് നമുക്ക് കൊണ്ടുവരാൻ കഴിഞ്ഞാലേ അങ്ങനെയുള്ള ആളുകളുമായി കോംപീറ്റ് ചെയ്യാൻ പറ്റുള്ളൂ. അത് വരാത്ത കാലത്തോളം നമ്മൾ മാമാങ്കത്തിൽ പങ്കെടുത്ത് പടവെട്ടി മരിക്കുകയേ ഉണ്ടാവൂ, ജയിക്കില്ല.