image

12 Jun 2022 12:59 PM IST

Stock Market Updates

ഫെഡ് തീരുമാനം കാത്ത് വിപണികള്‍; ഐഐപി വളര്‍ച്ച പിടിവള്ളിയായേക്കും

Bijith R

ഫെഡ് തീരുമാനം കാത്ത് വിപണികള്‍; ഐഐപി വളര്‍ച്ച പിടിവള്ളിയായേക്കും
X

Summary

ആഗോള ഓഹരി വിപണികള്‍ ഈയാഴ്ച്ച കാത്തുനില്‍ക്കുന്നത് യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റിയുടെ നിര്‍ണ്ണായക തീരുമാനത്തിനു വേണ്ടിയാണ്. ജൂണ്‍ 14 നാണ് എഫ്ഒഎംസി യുടെ ദ്വിദിന യോഗം ആരംഭിക്കുന്നത്. പലിശനിരക്കില്‍ 50 ബേസിസ് പോയിന്റ് വര്‍ധന എല്ലാവരും പ്രതീക്ഷിക്കുന്നതാണെങ്കിലും, യുഎസിലെ ഏറ്റവും പുതിയ പണപ്പെരുപ്പ സംഖ്യകള്‍ വിപണി പ്രതീക്ഷിച്ചതിലും ഉയര്‍ന്നതാണ്. ഉയരുന്ന പണപ്പെരുപ്പം കുറയ്ക്കാന്‍ ഫെഡ് കൂടുതല്‍ കർശനമായ പണനയ നടപടികളെടുക്കുമോയെന്ന ഉത്കണ്ഠ ഇപ്പോഴും വിപണികളെ അലട്ടുന്നുണ്ട്. വെള്ളിയാഴ്ച്ച യുഎസ് പുറത്തുവിട്ട കണക്കുകള്‍ കാണിക്കുന്നത് ഊര്‍ജ്ജത്തിന്റെയും, […]


ആഗോള ഓഹരി വിപണികള്‍ ഈയാഴ്ച്ച കാത്തുനില്‍ക്കുന്നത് യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റിയുടെ നിര്‍ണ്ണായക തീരുമാനത്തിനു വേണ്ടിയാണ്.
ജൂണ്‍ 14 നാണ് എഫ്ഒഎംസി യുടെ ദ്വിദിന യോഗം ആരംഭിക്കുന്നത്.
പലിശനിരക്കില്‍ 50 ബേസിസ് പോയിന്റ് വര്‍ധന എല്ലാവരും പ്രതീക്ഷിക്കുന്നതാണെങ്കിലും, യുഎസിലെ ഏറ്റവും പുതിയ പണപ്പെരുപ്പ സംഖ്യകള്‍ വിപണി പ്രതീക്ഷിച്ചതിലും ഉയര്‍ന്നതാണ്. ഉയരുന്ന പണപ്പെരുപ്പം കുറയ്ക്കാന്‍ ഫെഡ് കൂടുതല്‍ കർശനമായ പണനയ നടപടികളെടുക്കുമോയെന്ന ഉത്കണ്ഠ ഇപ്പോഴും വിപണികളെ അലട്ടുന്നുണ്ട്.

വെള്ളിയാഴ്ച്ച യുഎസ് പുറത്തുവിട്ട കണക്കുകള്‍ കാണിക്കുന്നത് ഊര്‍ജ്ജത്തിന്റെയും, ഭക്ഷ്യ വസ്തുക്കളുടേയും വിലക്കയറ്റം പണപ്പെരുപ്പത്തെ നാല് പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്നനിലയിലേക്ക് എത്തിച്ചുവെന്നാണ്. ഉപഭോക്തൃ വില സൂചിക മെയ് മാസത്തില്‍ 8.6 ശതമാനം വര്‍ധിച്ചു. 1981 ഡിസംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് രേഖപ്പെടുത്തിയത്. 8.3 ശതമാനമാണ് അന്ന് രേഖപ്പെടുത്തിയത്.

വര്‍ധിച്ചുവരുന്ന പണപ്പെരുപ്പം, പലിശനിരക്കിനെക്കുറിച്ചുള്ള മുന്‍കാല പ്രവചനങ്ങള്‍ തള്ളിക്കളയാനും വിലകൾ നിയന്ത്രണവിധേയമാക്കാന്‍ കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിക്കാനും യുഎസ് ഫെഡിനെ പ്രേരിപ്പിക്കുമോയെന്ന ഭയം വെള്ളിയാഴ്ച്ച അമേരിക്കന്‍ ഓഹരികളിൽ വന്‍തോതിലുള്ള വിറ്റഴിക്കലിന് കാരണമായി.

ഡൗ ജോണ്‍സ് 2.73 ശതമാനവും, എസ് ആന്‍ഡ് പി 500 2.91 ശതമാനവും, നാസ്ഡാക്ക് സൂചിക 3.52 ശതമാനവും ഇടിഞ്ഞു. മെയ് മാസത്തില്‍ പലിശനിരക്കില്‍ 50 ബേസിസ് പോയിന്റ് വര്‍ധനവ് പ്രഖ്യാപിക്കുമ്പോള്‍, യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോമി പവല്‍ ജൂണ്‍, ജൂലൈ മീറ്റിംഗുകളില്‍ സമാനമായ വര്‍ധന ഉണ്ടായേക്കുമെന്ന് സൂചന നല്‍കിയിരുന്നു.

യുഎസ് പണപ്പെരുപ്പ കണക്കുകള്‍ പുറത്തുവരുന്നതിന് മുന്നോടിയായി വെള്ളിയാഴ്ച ഇന്ത്യന്‍ വിപണികള്‍ ഓഹരി വിറ്റഴിക്കലിനാണ് സാക്ഷ്യം വഹിച്ചത്. തിങ്കളാഴ്ച്ച വ്യാപാരത്തിനായി ഇന്ത്യന്‍ വിപണികള്‍ തുറക്കുമ്പോള്‍, സമ്മര്‍ദ്ദത്തില്‍ തന്നെ തുടരാനാണ് സാധ്യത. പലിശനിരക്കു വര്‍ധന സൂചിപ്പിക്കുന്ന ഏതൊരു നീക്കവും ഇന്ത്യന്‍ വിപണിയിൽ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ (എഫ്പിഐ) തീവ്ര വില്‍പ്പനയ്ക്ക് കാരണമാകും. ഇത് യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം കൂടുതല്‍ താഴ്ത്തും. രൂപ 77.93 ൽ എക്കാലത്തേയും താഴ്ന്ന നിരക്കിലാണ് വെള്ളിയാഴ്ച്ച വ്യാപാരം അവസാനിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ഇനിയും ഉയരുന്നത് ആഭ്യന്തര വിപണിയുടെ പ്രതീക്ഷകള്‍ തകര്‍ത്തേക്കാം.

സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ പുറത്തുവിട്ട താല്‍ക്കാലിക കണക്കുകള്‍ പ്രകാരം, വെള്ളിയാഴ്ച്ച വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ 3,974 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു. ഇതോടെ, ജൂണിലെ മൊത്തം വില്‍പ്പന 17,900 കോടി രൂപയായി. ഈവര്‍ഷം ഇതുവരെ 1.81 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് അവർ വിറ്റഴിച്ചത്.

വെള്ളിയാഴ്ച വിപണി അവസാനിച്ചതിന് ശേഷം പുറത്തുവന്ന ഏപ്രിലിലെ ഇന്ത്യയുടെ വ്യവസായ ഉല്‍പ്പാദന (ഐഐപി) കണക്കുകൾ കഴിഞ്ഞ എട്ടു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. വ്യവസായ വളര്‍ച്ച 7.1 ശതമാനമാണ്. അതിനാല്‍, ആഭ്യന്തര ഓഹരികള്‍ക്ക് മുന്നേറാൻ ഇതൊരു കാരണമായേക്കാം.

എയ്ഞ്ചല്‍ വണ്‍ അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്, അമേരിക്കന്‍ വിപണിയില്‍ യാതൊരു പ്രതീക്ഷയ്ക്കും ഇപ്പോള്‍ വകയില്ല എന്നാണ്. കാരണം, ഉയര്‍ച്ചയുടേതായ ഏതൊരു നീക്കവും ലാഭമെടുപ്പിലാണ് അവസാനിക്കുന്നത്. ഇത് സമാനമായ ചലനങ്ങള്‍ മറ്റ് വിപണികളിലും സൃഷ്ടിക്കുന്നുണ്ട്. "നമ്മള്‍ 16,300-16,260 നിലകളിലെ സപ്പോര്‍ട്ടിനെ പ്പറ്റി പറയാറുണ്ടായിരുന്നു. എന്നാല്‍ ആ നിലയും ഇപ്പോള്‍ തകര്‍ന്നിരിക്കുകയാണ്. 16,400 മറികടന്ന് കഴിഞ്ഞാഴ്ച്ചയുണ്ടായ നേരിയ മുന്നേറ്റത്തി​ന്റെ നേട്ടവും അത് ഇല്ലാതാക്കി. ഉയര്‍ന്ന തലത്തില്‍ യാതൊരു ശക്തിയും പ്രകടിപ്പിക്കാന്‍ വിപണിയ്ക്ക് ഇപ്പോള്‍ കഴിയുന്നില്ല. എങ്കിലും, വിപണിയുടെ ദൗര്‍ബല്യത്തെ സംബന്ധിച്ച് നമുക്കൊരു ധാരണയിലെത്താന്‍ കഴിയുന്നില്ല. അടുത്തയാഴ്ച്ച പകുതിയോടെ നമുക്ക് ഒരു പുനരവലോകനത്തിന് ശ്രമിക്കാം. എല്ലാ കണ്ണുകളും നിര്‍ണ്ണായക നിലകളായ 16,000 ത്തിലും (താഴ്ന്ന നിലയിൽ), 16,400 ലും (ഉയര്‍ന്ന നിലയിൽ) കേന്ദ്രീകരിച്ചാണിരിക്കുന്നത്."

യുഎസ് ഫെഡറല്‍ റിസര്‍വിന് പുറമെ ബാങ്ക് ഓഫ് ഇംഗ്ലണ്ടും ബാങ്ക് ഓഫ് ജപ്പാനും അടുത്തയാഴ്ച അവരുടെ ധനനയ തീരുമാനം പ്രഖ്യാപിക്കും.
അടുത്തയാഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് 25 ബേസിസ് പോയിന്റ് വര്‍ധിപ്പിക്കുമെന്നാണ് നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നത്. ഇത് നിരക്ക് 1.25 ശതമാനത്തിലേക്ക് ഉയര്‍ത്തും. ഈ വര്‍ധനയാണ് പ്രഖ്യാപിക്കുന്നതെങ്കില്‍ 2009 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയായിരിക്കുമിത്.