image

14 Jun 2022 1:19 PM IST

Stock Market Updates

ഫെഡ് നിരക്കിലെ ആശങ്ക: വിപണി വീണ്ടും നഷ്ടത്തിൽ

Bijith R

ഫെഡ് നിരക്കിലെ ആശങ്ക: വിപണി വീണ്ടും നഷ്ടത്തിൽ
X

Summary

തുടർച്ചയായ മൂന്നാം സെഷനിലും തകർച്ചയിൽ നിന്ന് കരകയറാനാവാതെ വിപണി. ഭൂരിഭാഗം നിക്ഷേപകരും കൂടുതൽ ജാഗരൂകരായി ഓഹരികളിൽ നിക്ഷേപിക്കാതെ മാറി നിന്നത് വിപണി കൂടുതൽ നഷ്ടത്തിലേക്ക് വീഴുന്നതിനു കാരണമായി. നാലു പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരക്ക് അമേരിക്കൻ ഉപഭോക്‌തൃ വില സൂചികയിൽ ഉണ്ടായത്, പണനയത്തിൽ കൂടുതൽ കർക്കശമായ നിലപാടുകൾ സ്വീകരിക്കാൻ യുഎസ് ഫെഡിനെ പ്രേരിപ്പിച്ചേക്കുമെന്നുള്ള ആശങ്ക നിക്ഷേപകരിൽ ശക്തമായി. യുഎസ് ഓഹരികളിൽ ഇന്നലെയുണ്ടായ വിറ്റഴിക്കൽ, സമീപകാലത്തെ ഉയർച്ചയിൽ നിന്നും 20 ശതമാനം താഴ്ച്ചയിലേക്ക് എസ് ആൻഡ് പി […]


തുടർച്ചയായ മൂന്നാം സെഷനിലും തകർച്ചയിൽ നിന്ന് കരകയറാനാവാതെ വിപണി. ഭൂരിഭാഗം നിക്ഷേപകരും കൂടുതൽ ജാഗരൂകരായി ഓഹരികളിൽ നിക്ഷേപിക്കാതെ മാറി നിന്നത് വിപണി കൂടുതൽ നഷ്ടത്തിലേക്ക് വീഴുന്നതിനു കാരണമായി. നാലു പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരക്ക് അമേരിക്കൻ ഉപഭോക്‌തൃ വില സൂചികയിൽ ഉണ്ടായത്, പണനയത്തിൽ കൂടുതൽ കർക്കശമായ നിലപാടുകൾ സ്വീകരിക്കാൻ യുഎസ് ഫെഡിനെ പ്രേരിപ്പിച്ചേക്കുമെന്നുള്ള ആശങ്ക നിക്ഷേപകരിൽ ശക്തമായി.

യുഎസ് ഓഹരികളിൽ ഇന്നലെയുണ്ടായ വിറ്റഴിക്കൽ, സമീപകാലത്തെ ഉയർച്ചയിൽ നിന്നും 20 ശതമാനം താഴ്ച്ചയിലേക്ക് എസ് ആൻഡ് പി 500 സൂചിക വീഴുന്നതിനിടയാക്കി. ഇത് ബെയർ മാർക്കറ്റിന്റെ സൂചനയാണ്. യുഎസിലും, ആഗോള തലത്തിലും പണനയങ്ങൾ കൂടുതൽ കർശനമാകുന്നത് ഉപഭോക്‌തൃ ചെലവിനെ സാരമായി ബാധിക്കും. കൂടാതെ, കോർപ്പറേറ്റുകളുടെ മൂലധന ആവശ്യങ്ങൾക്ക് ചെലവേറും. ഇവ ആഗോള മാന്ദ്യത്തിനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നു.

ആഗോള വിപണികളെ അനുകരിച്ച് ഇന്ത്യൻ വിപണിയും ഇന്ന് ഗാപ് ഡൗണിലാണ് വ്യാപാരം ആരംഭിച്ചത്. നേരിയ തോതിലുള്ള തിരിച്ചു വരവിനു ശ്രമിച്ചുവെങ്കിലും നിക്ഷേപകർ ലാഭം ബുക്ക് ചെയ്യാൻ ശ്രമിച്ചതിനാൽ വിപണി കൂടുതൽ ഇടിഞ്ഞു.

15,858 വരെ ഉയർന്ന നിഫ്റ്റി 42.30 പോയിന്റ് (0.27 ശതമാനം) താഴ്ന്ന് 15,732.10 ൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ, സെൻസെക്സ് 153.13 പോയിന്റ് (0.29 ശതമാനം) താഴ്ന്ന് 52,693.57 ലും ക്ലോസ് ചെയ്തു.

"യുഎസ് വിപണിയിലുണ്ടായ തകർച്ച ഇന്ത്യൻ വിപണിയിലും വലിയ കയറ്റിറക്കങ്ങളാണ് ഉണ്ടാക്കിയത്. യുഎസ് ഫെഡിന്റെ നിരക്കുവർധന കഠിനമായേക്കും എന്ന ഭയത്തിൽ ഡൗ ജോൺസ്‌ 17 ശതമാനവും, എസ്ആൻഡ്പി 500 22 ശതമാനവും, നാസ്ഡാക് 33 ശതമാനവും ഇടിഞ്ഞ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലകളിലേക്കെത്തി. ഇത് ബെയർ മാർക്കറ്റിന്റെ സൂചനകളാണ്. എന്നാൽ ഇന്ത്യൻ വിപണി, മെച്ചപ്പെട്ട വിശാല സാമ്പത്തിക സൂചകങ്ങളുടെ പിൻബലത്തിൽ 16 ശതമാനം മാത്രമാണ് നഷ്ടമുണ്ടാക്കിയത്. വിപണികളുടെ ഹ്രസ്വകാല ഗതി ബുധനാഴ്ച വരാനിരിക്കുന്ന യുഎസ് ഫെഡിന്റെ തീരുമാനങ്ങളെയും അതിനോടനുബന്ധിച്ച വിശദീകരണങ്ങളെയും ആശ്രയിച്ചിരിക്കും. ഉയർന്ന പണപ്പെരുപ്പ സാഹചര്യങ്ങളും, ചൈനയിലെ പുതിയ കോവിഡ് നിയന്ത്രങ്ങളും, ഉയരുന്ന ക്രൂഡ് ഓയിൽ വിലകളും ആഗോള വിപണികളെ കൂടുതൽ സമ്മർദ്ദത്തിലാഴ്ത്തുന്നുണ്ട്. ആഭ്യന്തര വിപണിയിലേക്ക്‌ വരുമ്പോൾ, വിദേശ നിക്ഷേപകരുടെ നിരന്തരമായ വിറ്റഴിക്കലും, രൂപയുടെ മൂല്യത്തകർച്ചയും നിക്ഷേപകരുടെ റിസ്ക് എടുക്കാനുള്ള താല്പര്യത്തെ ഇല്ലാതാക്കുന്നുണ്ട്," മോത്തിലാൽ ഒസ്വാൾ ഫിനാൻഷ്യൽ സർവീസസ് റീട്ടെയിൽ റിസർച്ച് ഹെഡ് സിദ്ധാർത്ഥ ഖേംക പറഞ്ഞു.

ബിഎസ്ഇയിൽ ഇന്നു വ്യാപാരത്തിനെത്തിയ ഓഹരികളിൽ 1,782 എണ്ണം നഷ്ടത്തിലായപ്പോൾ, 1,532 എണ്ണം ലാഭത്തിൽ അവസാനിച്ചു.

“നിഫ്റ്റിക്ക് വരും സെഷനുകളിൽ 15,858 കടക്കാൻ സാധിക്കാതെ വരികയും, 15,650 നു താഴേക്ക് പോവുകയും ചെയ്താൽ 15,450 വരെ എത്താനാണ് സാധ്യത. ഓഹരി കേന്ദ്രീകൃത ഇടപാടുകളും പഴയ പിന്തുണ മേഖലയോടടുത്ത് താഴ്ചകൾ അവസാനിക്കുന്നതിന്റെ സൂചനകൾ നൽകുന്നില്ല. അതിനാൽ, ഹ്രസ്വ കാലത്തേക്ക്, സൂചിക ഈ പിന്തുണ മേഖലയിൽ നിന്നും താഴേക്ക് പോവുകയും, കൂടുതൽ വില്പന സമ്മർദ്ദം നേരിടയുകയും ചെയ്തക്കാം. ഈ ഘട്ടത്തിൽ വ്യാപാരികൾ വലിയ റിസ്ക് എടുക്കാതിരിക്കുകയും 'വിപണി ഉയരുമ്പോൾ വിൽക്കുക' എന്ന നയം പിന്തുടരുകയും ചെയ്യണം," 5പൈസ.കോം റിസർച്ച് ഹെഡ് രുചിത് ജെയിൻ പറഞ്ഞു.