image

31 July 2022 11:30 AM IST

Business

ശതകോടികള്‍ കൊയ്ത വനിതാ സംരംഭകർ, പട്ടികയിൽ മൂന്ന് മലയാളികളും

MyFin Desk

ശതകോടികള്‍ കൊയ്ത വനിതാ സംരംഭകർ, പട്ടികയിൽ മൂന്ന് മലയാളികളും
X

Summary

രാജ്യത്തെ അതിസമ്പന്നരായ വനിതകളുടെ പട്ടികയില്‍ ഷീല കൊച്ചൗസേപ്പ് ഉള്‍പ്പടെ മൂന്നു മലയാളികള്‍ ഇടം നേടി. കൊട്ടക് പ്രൈവറ്റ് ബാങ്കിംഗും ഹുറൂണ്‍ ഇന്ത്യയും ചേര്‍ന്നാണ് പട്ടിക പുറത്തിറക്കിയത്. ഇതു പ്രകാരം എച്ച്‌സിഎല്‍ ടെക്‌നോളജീസ് ചെയര്‍പേഴ്‌സണ്‍ റോഷ്‌നി നാടാര്‍ മല്‍ഹോത്രയാണ് ഒന്നാം സ്ഥാനത്ത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് റോഷ്‌നി പട്ടികയില്‍ ഇടം നേടുന്നത്. 84,330 കോടിയാണ് റോഷ്‌നി നാടാരുടെ ആസ്തി. നൈക്ക സ്ഥാപകയായ ഫാല്‍ഗുനി നയ്യാറാണ് രണ്ടാം സ്ഥാനത്ത്. 57,520 കോടി രൂപ ആസ്തിയാണ് ഫാല്‍ഗുനി നയ്യാര്‍ക്കുള്ളത്. ബയോകോണ്‍ സി […]


രാജ്യത്തെ അതിസമ്പന്നരായ വനിതകളുടെ പട്ടികയില്‍ ഷീല കൊച്ചൗസേപ്പ് ഉള്‍പ്പടെ മൂന്നു മലയാളികള്‍ ഇടം നേടി. കൊട്ടക് പ്രൈവറ്റ് ബാങ്കിംഗും ഹുറൂണ്‍ ഇന്ത്യയും ചേര്‍ന്നാണ് പട്ടിക പുറത്തിറക്കിയത്. ഇതു പ്രകാരം എച്ച്‌സിഎല്‍ ടെക്‌നോളജീസ് ചെയര്‍പേഴ്‌സണ്‍ റോഷ്‌നി നാടാര്‍ മല്‍ഹോത്രയാണ് ഒന്നാം സ്ഥാനത്ത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് റോഷ്‌നി പട്ടികയില്‍ ഇടം നേടുന്നത്. 84,330 കോടിയാണ് റോഷ്‌നി നാടാരുടെ ആസ്തി. നൈക്ക സ്ഥാപകയായ ഫാല്‍ഗുനി നയ്യാറാണ് രണ്ടാം സ്ഥാനത്ത്. 57,520 കോടി രൂപ ആസ്തിയാണ് ഫാല്‍ഗുനി നയ്യാര്‍ക്കുള്ളത്. ബയോകോണ്‍ സി ഇ ഒയും സ്ഥാപകയുമായ കിരണ്‍ മസുംദാര്‍ ഷായാണ് മൂന്നാമത്. 29,030 കോടി രൂപയാണ് ഇവരുടെ ആസ്തി.
2021 ഡിസംബര്‍ 31 വരെയുള്ള മൊത്തം ആസ്തിയെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. പട്ടികയിലുള്ള മലയാളികളില്‍ വി സ്റ്റാര്‍ ക്രിയേഷന്‍സ് സ്ഥാപക ഷീല കൊച്ചൗസേപ്പ് 54ാം സ്ഥാനത്താണ്. 540 കോടി രൂപയാണ് ഷീലയുടെ ആസ്തി. ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റഡി വേള്‍ഡ് എജ്യുക്കേഷന്‍ കമ്പനിയുടെ സ്ഥാപകയും സിഇഒയുമായ വിദ്യ വിനോദ്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി എംഡിയാണ് അലീഷാ മൂപ്പന്‍ എന്നിവരാണ് മറ്റ് രണ്ട് മലയാളികള്‍. വിദ്യവിനോദിന്റെ ആസ്തി 2,780 കോടിയാണ്. പട്ടികയില്‍ 27ാം സ്ഥാനത്താണ്. 410 കോടി രൂപയുടെ ആസ്തിയുമായി ലിസ്റ്റില്‍ അറുപത്തി രണ്ടാം സ്ഥാനത്താണ് അലിഷാ മൂപ്പന്റെ സ്ഥാനം.
4 വര്‍ഷത്തിനകം 122 യൂണികോണുകള്‍
കോവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറി വളര്‍ച്ചയുടെ പാതയിലേക്ക് നാം തിരികെ വരുന്ന സമയത്ത് സ്റ്റാര്‍ട്ടപ്പ് മേഖലയ്ക്ക് ആത്മവിശ്വാസം പകരുകയാണ് ഹുറൂണ്‍ ഇന്ത്യാ ഫ്യുച്ചര്‍ യൂണികോണ്‍ ഇന്‍ഡക്സ് 2022. വരുന്ന രണ്ടോ നാലോ വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 25 നഗരങ്ങളിലായി 122 പുതിയ യൂണികോണുകളുണ്ടാകുമെന്നാണ് ഹുറൂണിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇതില്‍ നല്ലൊരു ഭാഗവും ബെംഗലൂരുവിലായിരിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
റിപ്പോര്‍ട്ട് പ്രകാരം രണ്ട് വര്‍ഷത്തിനുള്ളില്‍ യൂണീകോണ്‍ ആകാന്‍ സാധ്യതയുള്ളവയെ ഗസല്‍ എന്നും നാല് വര്‍ഷത്തിനുള്ളില്‍ യൂണികോണ്‍ ആകാന്‍ സാധ്യതയുള്ള സ്റ്റാര്‍ട്ടപ്പുകളെ ചീറ്റകള്‍ എന്നും പ്രത്യേകം തരംതിരിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് യൂണികോണുകളുടെ എണ്ണം 65 ശതമാനം വര്‍ധിച്ചു.
ഗസലുകളുടെ എണ്ണം 59 ശതമാനം വര്‍ധിച്ച് 51 ആയി, ചീറ്റകളുടെ എണ്ണം 31 ശതമാനം വര്‍ധിച്ച് 71 ആയെന്നും ഹുറൂണ്‍ ഇന്ത്യയുടെ എംഡിയും ചീഫ് ഗവേഷകനുമായ അനസ് റഹ്മാന്‍ ജുനൈദ് വ്യക്തമാക്കിയിരുന്നു. ഇനി ഉയര്‍ന്നു വരുന്ന യൂണികോണുകളില്‍ നല്ലൊരു ഭാഗവും സോഫ്റ്റ് വെയര്‍ രംഗത്ത് നിന്നായിരിക്കും. 37 ശതമാനം കമ്പനികള്‍ ബിസിനസ്-ടു-ബിസിനസ് വില്‍പ്പനക്കാരാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.