23 Aug 2022 3:41 PM IST
Summary
അദാനി ഗ്രൂപ്പിന്റെ നിലവിലുള്ളതും, പുതിയതുമായ ബിസിനസുകൾ വൻ തോതിലുള്ള വായ്പകളിലാണ് പടുത്തുയർത്തിയിരിക്കുന്നത് എന്ന് ക്രെഡിറ്റ് സൈറ്റ്സിന്റെ റിപ്പോർട്ട്. ഫിച്ച് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഏജൻസിയാണ് ക്രെഡിറ്റ് സൈറ്റ്സ്. പ്രതികൂല വിപണി സാഹചര്യങ്ങളിൽ കമ്പനികൾ കടക്കെണിയിലായേക്കുമെന്നും റിപ്പോർട്ട് പറയുന്നു. ഈ റിപ്പോർട്ടിനെ തുടർന്ന് അദാനിയുടെ ഓഹരികളിൽ വൻ വിൽപ്പനയാണ് ഉണ്ടായത്. അദാനിയുടെ ആറു സ്ഥാപനങ്ങളാണ് ഇന്ത്യൻ വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ളത്. അദാനി എന്റർപ്രൈസ് (എഇഎൽ), അദാനി ഗ്രീൻ എനർജി (എജിഇഎൽ), അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ (എ […]
അദാനി ഗ്രൂപ്പിന്റെ നിലവിലുള്ളതും, പുതിയതുമായ ബിസിനസുകൾ വൻ തോതിലുള്ള വായ്പകളിലാണ് പടുത്തുയർത്തിയിരിക്കുന്നത് എന്ന് ക്രെഡിറ്റ് സൈറ്റ്സിന്റെ റിപ്പോർട്ട്. ഫിച്ച് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഏജൻസിയാണ് ക്രെഡിറ്റ് സൈറ്റ്സ്. പ്രതികൂല വിപണി സാഹചര്യങ്ങളിൽ കമ്പനികൾ കടക്കെണിയിലായേക്കുമെന്നും റിപ്പോർട്ട് പറയുന്നു.
ഈ റിപ്പോർട്ടിനെ തുടർന്ന് അദാനിയുടെ ഓഹരികളിൽ വൻ വിൽപ്പനയാണ് ഉണ്ടായത്. അദാനിയുടെ ആറു സ്ഥാപനങ്ങളാണ് ഇന്ത്യൻ വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ളത്. അദാനി എന്റർപ്രൈസ് (എഇഎൽ), അദാനി ഗ്രീൻ എനർജി (എജിഇഎൽ), അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ (എ പി എസ് സി ഇസെഡ്), അദാനി പവർ, അദാനി ടോട്ടൽ ഗ്യാസ്, അദാനി ട്രാൻസ്മിഷൻ എന്നിവയാണ് ആറു സ്ഥാപനങ്ങൾ. ഇവയിൽ ചിലതിനു ഡോളർ ബോണ്ടുകളുടെ കുടിശികയുമുണ്ട്.
"സാഹചര്യം മോശമായാൽ, ഇത്തരം വലിയ വായ്പാ ബാധ്യതകളുള്ള കമ്പനികളുടെ അതിമോഹ വളർച്ച വലിയ കടക്കെണിയിലേക്ക് വീഴാം. അതിന്റെ പാരമ്യത്തിലെത്തിയാൽ ചില കമ്പനികൾക്ക് കടം തിരിച്ചടയ്ക്കാൻ സാധിക്കാത്ത അവസ്ഥയുണ്ടാവാം. അതിനാൽ ഇത്തരത്തിലുള്ള കമ്പനികളുടെ വളർച്ചാ വിപുലീകരണത്തിൽ നമ്മൾ ജാഗ്രതയോടെ കരുതിയിരിക്കേണ്ടതുണ്ട്," ക്രെഡിറ്റ് സൈറ്റ്സ് പറഞ്ഞു.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി അദാനി ഗ്രൂപ്പ് അതിന്റെ ബിസിനസുകളിൽ വലിയ വിപുലീകരണമാണ് നടത്തിയിട്ടുള്ളത്. നിലവിലുള്ള ബിസിനസുകളുടെ അതിവേഗ വളർച്ചയും (ഉദാഹരണത്തിന്, 2025 സാമ്പത്തിക വർഷമാകുമ്പോഴേക്കും അദാനി ഗ്രീൻ അതിന്റെ പുനരുപയോഗ ഊർജ്ജ ശേഷി അഞ്ചു മടങ്ങ് വർധിപ്പിക്കാനുള്ള പദ്ധതി), മുൻ പരിചയമോ വൈദഗ്ധ്യമോ ഇല്ലാത്ത പുതിയ മേഖലകളിലേക്കുള്ള പ്രവേശനവും (കോപ്പർ ശുദ്ധീകരണം, പെട്രോ കെമിക്കൽസ്, ഡേറ്റ സെന്റർ, ടെലികോം, അലുമിനിയം ഉത്പാദനം എന്നിവ) ഇതിൽ ഉൾപ്പെടുന്നു.
കമ്പനികളുടെ അതിവേഗ വളർച്ചാ പദ്ധതികൾ നിറവേറ്റുന്നതിനോടൊപ്പം അദാനി ഗ്രൂപ്പ് ഏറ്റെടുക്കലുകളും സജീവമായി നടത്തുന്നുണ്ട്. അടുത്ത കാലത്ത്, ഹോൾസിമിന്റെ നിയന്ത്രണത്തിലുള്ള അംബുജ സിമന്റ്സിന്റെയും എസിസി ലിമിറ്റഡിന്റേയും ഓഹരികൾ 10.5 ബില്യൺ ഡോളറിനു സ്വന്തമാക്കിയത് ഇതിന്റെ ഭാഗമായിട്ടാണ്. ഇതോടെ ഒറ്റ രാത്രി കൊണ്ട് രാജ്യത്തെ സിമന്റ് നിർമാതാക്കളിൽ രണ്ടാമനായി അദാനി മാറി.
ക്രെഡിറ്റ് സൈറ്റ്സിന്റെ കണക്കു പ്രകാരം, ഈ ബിസിനസുകളിൽ ഭൂരിഭാഗവും വലിയ മൂലധനം ആവശ്യമുള്ളതാണ്. ഇത്തരം പദ്ധതികൾ ദീർഘകാല പദ്ധതികളായതിനാൽ തുടർച്ചയായ നിക്ഷേപം പ്രാരംഭ വർഷങ്ങളിൽ അത്യാവശ്യമാണ്. അദാനിയുടെ ഭൂരിഭാഗം പദ്ധതികളും വായ്പയിലൂടെയാണ് ആരംഭിച്ചിട്ടുള്ളത് (മിക്കപ്പോഴും 3:1 എന്ന വായ്പാ-ഓഹരി അനുപാതത്തിൽ). ഇന്ത്യയിൽ ഇൻഫ്രാസ്‌ട്രക്ചർ പദ്ധതികൾക്കുള്ള വായ്പാ നിരക്ക് പ്രതിവർഷം 9-11 ശതമാനമാണ്. ഇത് വലിയൊരു ബാധ്യതയാണ് കമ്പനികൾക്ക് സൃഷ്ടിക്കുന്നത്.
"ബിസിനസ്സിന്റെ ആദ്യ വർഷങ്ങളിലെ ലാഭമുണ്ടാക്കാൻ കഴിയാത്ത സാഹചര്യം പരിഗണിച്ചാൽ, വായ്പകൾ ഉടനടി തിരിച്ചടക്കുന്നതിനുള്ള ശേഷി അവർക്കുണ്ടാവില്ല. ഇത്, റീ ഫൈനാൻസിങ്/ റോളിങ്ങ് ഓവർ പോലുള്ള അധിക ബാധ്യതകളെ ആശ്രയിക്കുന്നതിനു കാരണമാകും. ഇത് പൂർണമായും ബാങ്കിങ് ബന്ധങ്ങളെയും, വിപണിയുടെ അവസ്ഥയെയും കൂടി അടിസ്ഥാനമാക്കിയുള്ളതാണ്," റിപ്പോർട്ട് പറഞ്ഞു. വർധിച്ച ലിവറേജു൦, കുറഞ്ഞ പലിശ നിരക്കുമാണെങ്കിൽ കൂടിയും, അദാനി ഗ്രൂപ്പിന് മുന്നോട്ടേക്ക് വലിയ വിപുലീകരണ പദ്ധതികളാണ് ഉള്ളത്. എന്നാൽ, ഇത്തരത്തിലുള്ള പദ്ധതി പൂർത്തീകരണം സാമ്പത്തികമായി നല്ല മാർഗ്ഗമല്ല, റിപ്പോർട്ട് പറയുന്നു.
മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് പോലുള്ള കമ്പനികളോട് കിട പിടിക്കുന്നതിനായി, പുതിയ ബിസിനസുകളിലേക്കുള്ള അദാനി ഗ്രൂപ്പിന്റെ ചുവടു വയ്പ്പും മറ്റൊരു ആശങ്കയാണ്. "ഇന്ത്യൻ കോർപറേറ്റ് മേഖലയിലെ രണ്ട് മുൻനിര കമ്പനികൾ തമ്മിൽ പുതിയ ബിസിനസുകളിൽ വിപണി വിഹിതത്തിനായി മത്സരിക്കുമ്പോൾ (പുനരുപയോഗ ഊർജം, ടെലികോം) ഇത് ഇരു കൂട്ടരേയും ഉയർന്ന മൂലധന ചെലവ്, ഉയർന്ന ലേലം, ഉയർന്ന വായ്പയെടുക്കൽ മുതലായ വിവേക ശൂന്യമായ സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നതിലേക്ക് നയിക്കും," റിപ്പോർട്ട് കൂട്ടിച്ചേർത്തു.
എങ്കിലും, കമ്പനിക്ക് വിവിധങ്ങളായ ഫണ്ടിംഗ് സ്രോതസ്സുകളിൽ (ആഭ്യന്തര, വിദേശ ബാങ്കുകൾ, മൂലധന വിപണികൾ) നിന്ന് ധനം സമാഹരിക്കാനുള്ള ശേഷിയുണ്ട് എന്നത് ഒരു ശുഭ സൂചനയാണ്. താരതമ്യേന സ്ഥിരമായ തുടർ വരുമാനം ലഭിക്കുന്ന ഇൻഫ്രാസ്ട്രക്ച്ചർ ആസ്തികൾ കമ്പനിക്കുണ്ട്. സമ്പദ് ഘടനയുടെ നിർണായകമായ മേഖലകളിൽ സാന്നിധ്യവുമുണ്ട്. ഇൻഫ്രാസ്ട്രക്ച്ചറിന് അനുകൂലമായ വിശാല സാമ്പത്തിക സാഹചര്യം രാജ്യത്ത് നിലനിൽക്കുന്നു എന്നതും കമ്പനിക്ക് അനുകൂലമാണ്. മോദി ഗവൺമെന്റുമായി ഗൗതം അദാനിക്കുള്ള വ്യക്തിപരമായ അടുപ്പവും കമ്പനിക്കു മുതൽക്കൂട്ടാണ്. "ചുരുങ്ങിയത്, കമ്പനിയുടെ വളർച്ചയ്ക്ക് തടസ്സങ്ങളൊന്നും ഉണ്ടാവില്ലെന്ന് ഇത് ഉറപ്പാക്കുന്നു," റിപ്പോർട്ട് പറഞ്ഞു.