image

7 Nov 2022 9:40 AM IST

Stock Market Updates

കമ്പനിഫലങ്ങളുടെ കൈപിടിച്ച് വിപണി; എഫ്ഐഐ-കൾ പ്രതീക്ഷ നൽകുന്നു

Mohan Kakanadan

Stock market pre opening analysis
X

Stock market pre opening analysis 

Summary

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ അറ്റ വാങ്ങലുകാരായി തുടരുന്നതാണ് പ്രധാന ആശ്വാസം. വെള്ളിയാഴ്ച അവർ 1,436.25 കോടി രൂപയ്ക്കു അധികം വാങ്ങി. എന്നാൽ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ പതിവ് പോലെ അന്നും -548.59 കോടി രൂപയുടെ അധിക വില്പന നടത്തി.


കൊച്ചി: നാലു ദിവസം മാത്രമുള്ള ഈയാഴ്ചത്തെ വ്യാപാരവും പ്രവചനങ്ങൾക്കു അതീതമായിരിക്കുമെന്നാണ് അനലിസ്റ്റുകളുടെ അഭിപ്രായം (നാളെ, 8-നു ഗുരുനാനാക് ജയന്തി പ്രമാണിച്ചു ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റുകൾ അവധിയാണ്). ശക്തമായ രണ്ടാം പാദ കമ്പനിഫലങ്ങളാണ് കഴിഞ്ഞാഴ്ച വിപണി നിയന്ത്രിച്ചത്. വെള്ളിയാഴ്ച ആഗോള വിപണികളെല്ലാം ശക്തമായ പ്രകടനം കാഴ്ചവെച്ചത് നല്ല ലക്ഷണമായി കരുതാം. ഏഷ്യൻ വിപണികളെല്ലാം ഇന്ന് ഉയർച്ചയിൽ തുടങ്ങിയിരിക്കുന്നത് ആഭ്യന്തര വിപണിക്കും മുന്നോട്ടുള്ള ഒരു സൂചനയാണ്.

രണ്ടാംപാദ ഫലങ്ങളുടെ അവസാനഘട്ടത്തിലുള്ള ബിപിസിഎല്‍, കോള്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ്, ഐഷര്‍ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നീ കമ്പനികളുടെ ഫലങ്ങളോട് ആഭ്യന്തര വിപണി പ്രതികരിക്കുമെന്ന്, സ്വാസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ടിന്റെ സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്ര് പ്രവേശ് ഗൗര്‍ പറയുന്നു.

വെള്ളിയാഴ്ച അവസാനഘട്ട വ്യാപാരത്തില്‍ സൂചികകൾ മുന്നേറിയത് നിക്ഷേപകർക്ക് ആശ്വാസമായി. സെന്‍സെക്‌സ് 113.95 പോയിന്റ് നേട്ടത്തില്‍ 60,956.36 ല്‍ വ്യാപാരം അവസാനിച്ചപ്പോള്‍ നിഫ്റ്റി 64.45 പോയിന്റ് ഉയര്‍ന്ന് 18,117.15 ലാണ് ക്ലോസ് ചെയ്തത്

'വിപണികള്‍ ഒരു നിശ്ചിത സ്ഥിരത പ്രതിഫലിപ്പിക്കുമ്പോഴും, വിദേശ വിപണിയിലെ സംഭവ വികാസങ്ങള്‍ വിപണിയില്‍ ആധിപത്യം സ്ഥാപിക്കുന്നത് ഈ ആഴ്ച്ചയും തുടര്‍ന്നേക്കാം,' എംകെ വെല്‍ത്ത് മാനേജ്‌മെന്റ് റിസേര്‍ച്ച് മേധാവി ജോസഫ് തോമസ് പറഞ്ഞു. "നിക്ഷേപകര്‍ രൂപയുടെയും, ഡോളറിന്റേയും പ്രവണത നിരീക്ഷിക്കുന്നതോടൊപ്പം, ബ്രെന്റ് ക്രൂഡോയില്‍ വിലയിലെ ചലനങ്ങളും വീക്ഷിക്കും".

യുഎസ് ഫെഡ് 75 ബേസിസ് പോയിന്റ് നിരക്കുയർത്തിയിട്ടും കഴിഞ്ഞയാഴ്ച്ച മൂന്നു സെഷനുകളിലായി സെന്‍സെക്‌സ് 990.51 പോയിന്റ് ഉയര്‍ന്നിരുന്നു; നിഫ്റ്റി ഉയർന്നത് 330.35 പോയിന്റാണ്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ അറ്റ വാങ്ങലുകാരായി തുടരുന്നതാണ് പ്രധാന ആശ്വാസം. വെള്ളിയാഴ്ച അവർ 1,436.25 കോടി രൂപയ്ക്കു അധികം വാങ്ങി. എന്നാൽ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ പതിവ് പോലെ അന്നും -548.59 കോടി രൂപയുടെ അധിക വില്പന നടത്തി.

ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി കെ വിജയകുമാർ പറയുന്നു: "ഉയർന്ന ബോണ്ട് യീൽഡുകളും (10 വർഷത്തെ യുഎസ് ബോണ്ട് യീൽഡ് 4.15% ആണ്) ഡോളർ സൂചികയും (112.8) ഇക്വിറ്റി മാർക്കറ്റുകളെ താഴേക്ക് വലിച്ചിടുന്നു. എന്നാൽ ഈ പ്രതികൂല സാഹചര്യത്തിലും ഇന്ത്യയിലേക്കുള്ള എഫ്ഐഐ ഒഴുക്ക് ഉയരുകയാണ്. തുടർച്ചയായ ആറാം വ്യാപാര ദിനത്തിലും എഫ്‌ഐഐകൾ ക്യാഷ് മാർക്കറ്റിൽ വാങ്ങുന്നവരാണ്. മാത്രമല്ല രണ്ടാം പാദ ഫലങ്ങളിലെ പ്രതീക്ഷ വ്യക്തിഗത ഓഹരികൾക്കു ഗുണകരമാണ്."

ഐപിഒ-കൾ അത്ര മികച്ച പ്രകടനമല്ല കാഴ്ചവെക്കുന്നത്. 2022ല്‍ ഇതുവരെ 26 കമ്പനികൾ ഐപിഒകളില്‍ നിന്നായി 48,000 കോടി രൂപ സമാഹരിച്ചു. 2021 ല്‍ 63 ഐപിഒകളില്‍ നിന്നായി 1.19 ലക്ഷം കോടി രൂപ സമാഹരിച്ചതായി ഓഹരി വിപണിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വ്യക്തമാക്കുന്നു. എങ്കിലും, ഈയാഴ്ചയിലും നാലു കമ്പനികൾ രംഗത്തുണ്ട്: ആര്‍ച്ചിയന്‍ കെമിക്കല്‍ ഇന്‍ഡസ്ട്രീസ്, ഫൈവ് സ്റ്റാര്‍ ബിസിനസ് ഫിനാന്‍സ്, കെയിന്‍സ് ടെക്‌നോളജി ഇന്ത്യ, ഐനോക്‌സ് ഗ്രീന്‍ എനര്‍ജി സര്‍വീസസ് എന്നിവയാണ് ഐപിഒയ്ക്ക് ഒരുങ്ങുന്നത്.

ലോക വിപണി

സിങ്കപ്പൂർ എസ് ജി എക്സ് നിഫ്റ്റി രാവിലെ 7.00-നു തുടങ്ങുമ്പോൾ 76.00 പോയിന്റ് ഉയർന്നു വ്യാപാരം ആരംഭിച്ചത് ഇന്ത്യ വിപണിക്കും ആശ്വാസം പകരും.

മറ്റു ഏഷ്യന്‍ വിപണികളിൽ ഹാങ്‌സെങ് (821.65), ജക്കാർത്ത കോമ്പസിറ്റ് (10.96) ഷാങ്ഹായ് (72.99), ടോക്കിയോ നിക്കെ (221.14), കോസ്‌പി (7.50), തായ്‌വാൻ (95.38) എന്നിവയും പച്ചയിലാണ്.

യൂറോപ്പിൽ ലണ്ടൻ ഫുട്‍സീയും 100 (+146.21) ഫ്രാങ്ക്ഫർട് ഡി എ എക്‌സും (+329.66) പാരീസ് യുറോനെക്സ്റ്റും (+173.16) നേട്ടത്തിൽ തന്നെ അവസാനിച്ചു.

വെള്ളിയാഴ്ച അമേരിക്കന്‍ വിപണികള്‍ തുടർച്ചയായ നാല് ദിവസത്തെ നഷ്ടത്തിനു ശേഷം പിടിച്ചു കയറി: നസ്‌ഡേക് കോമ്പസിറ്റും (-132.31) എസ് ആൻഡ് പി 500 (+50.66) ഉം ഡൗ ജോൺസ്‌ ഇന്ടസ്ട്രിയൽ ആവറേജും (+401.97) ആണ് കുതിച്ചത്. വെള്ളിയാഴ്ച പുറത്തിറങ്ങിയ തൊഴിൽ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം യുഎസ് സമ്പദ്‌വ്യവസ്ഥയിൽ ഒക്ടോബറിൽ 261,000 പുതിയ ജോലികൾ ഉണ്ടായി; 200,000 ആയിരുന്നു പ്രവചനം. അതേസമയം, തൊഴിലില്ലായ്മാ നിരക്ക് 3.7% വരെ ഉയർന്നു. അതാണ് വിപണി ഉയരാൻ കാരണമായത്.

കമ്പനി ഫലങ്ങൾ

സെപ്തംബർ പാദത്തിൽ എസ്ബിഐയുടെ അറ്റാദായം 74 ശതമാനം ഉയർന്ന് 13,265 കോടി രൂപയായി. ഇത് എക്കാലത്തെയും വലിയ ലാഭ വിഹിതമാണ്. കിട്ടാക്കടം കുറഞ്ഞതും, പലിശ വരുമാനം വര്‍ധിച്ചതുമാണ് ഈ നേട്ടത്തിനു പിന്നിലുള്ളത്.

രണ്ടാം പാദത്തില്‍ പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്കിന്റെ അറ്റാദായം 27 ശതമാനം ഉയര്‍ന്ന് 278 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 218 കോടി രൂപയായിരുന്നു ബാങ്കിന്റെ ലാഭം.

നിഷ്‌ക്രിയ ആസ്തിയിലുണ്ടായ കുറവും, പലിശ വരുമാനം വര്‍ധിച്ചതും മൂലം ബാങ്ക് ഓഫ് ബറോഡയുടെ രണ്ടാംപാദത്തിലെ അറ്റാദായം 59 ശതമാനം വർധിച്ചു 3,313 കോടി രൂപയായി.

ആദിത്യ ബിര്‍ള ഫാഷന്‍ റീട്ടെയ്ലിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം അഞ്ചു മടങ്ങ് വര്‍ധിച്ച് 29.44 കോടി രൂപയായി.

അറ്റാദായം 59 ശതമാനം വര്‍ധിച്ച് 373 കോടി രൂപയായെന്ന് ടിവിഎസ് മോട്ടോറും അറിയിച്ചു.

ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസിന്റെ സെപ്റ്റംബര്‍ പാദത്തിലെ കണ്‍സോളിഡേറ്റഡ് അറ്റാദായം 28.47 ശതമാനം വര്‍ധിച്ച് 490.58 കോടി രൂപയായപ്പോൾ മാരിക്കോയുടെ അറ്റാദായം 2.84 ശതമാനം ഇടിഞ്ഞ് 307 കോടി രൂപയായി.

റഷ്യന്‍ കമ്പനി ഗാസ്‌പ്രോമില്‍ നിന്നുള്ള ഗ്യാസ് വിതരണം നിര്‍ത്തിയതിനെത്തുടര്‍ന്ന് ഗെയിലിന്റെ അറ്റാദായം 46 ശതമാനം ഇടിഞ്ഞ് 1,537.07 കോടി രൂപയായി. ടൈറ്റന്റെ സെപ്റ്റംബര്‍ പാദ അറ്റാദായം 34 ശതമാനം വര്‍ധിച്ച് 857 കോടി രൂപയായി.

സിപ്ലയുടെ സെപ്റ്റംബര്‍ പാദ അറ്റാദായം 10.9 ശതമാനം വര്‍ധിച്ച് 788.9 കോടി രൂപയെത്തി.

അദാനി എന്റര്‍പ്രൈസസിന്റെ അറ്റാദായം ഇരട്ടിയിലധികം വർധിച്ചു 460.94 കോടി രൂപയായി.

സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 4,700 രൂപ.

യുഎസ് ഡോളർ = 82.35 രൂപ.

ബ്രെന്റ് ക്രൂഡോയില്‍ (ബാരലിന്) = 97.35 ഡോളർ

ബിറ്റ് കോയിൻ = 17,98,000 രൂപ.

ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.33 ശതമാനം ഇടിഞ്ഞ് 111.05 ആയി.

ഇന്നത്തെ ഫലങ്ങൾ

ഇന്ന് ബി പി സി എൽ, സീയറ്റ് ടയേഴ്‌സ്, കോൾ ഇന്ത്യ, ഡിവൈസ് ലാബ്, ഇന്ത്യ സിമന്റ്, പേടിഎം, ഉജ്ജീവൻ, വിനതി ഓർഗാനിക്‌സ് എന്നീ കമ്പനികളുടെ രണ്ടാംപാദ ഫലങ്ങൾ പുറത്തു വരുന്നുണ്ട്.

ഐപിഒ

ഗ്ലോബൽ ഹെൽത്തിന്റെ 2,206 കോടി രൂപ മൂല്യമുള്ള ഐപിഒ-ക്കു രണ്ടാം ദിവസം 44ശതമാനം വരിക്കാരായി. ഇന്ന് വൈകിട്ടുവരെ ഐപിഒ ക്കു അപേക്ഷിക്കാം.

ബിക്കാജി ഫുഡ്‌സ്ന്റെ 881 കോടി രൂപയുടെ ഐപിഒ രണ്ടാം ദിവസമായ വെള്ളിയാഴ്ച മുഴുവൻ സബ്‌സ്‌ക്രിപ്‌ഷൻ നേടി. ഇന്നുകൂടി ലേലം തുടരും.

ബ്രോക്കറേജ് വീക്ഷണം

രണ്ടാം പാദത്തിലെ കണക്കുകളുടെ അടിസ്ഥാനത്തിൽ എച് പി സി എല്ലും, സ്നോഫിയും റിലാക്‌സോ ഫുട്‍വെയറും വാങ്ങാമെന്നാണ് പ്രമുഖ റിസേർച് കമ്പനിയായ സെൻട്രം പറയുന്നത്.

ഹീറോ മോട്ടോകോർപ് വാങ്ങാമെന്നു എൽ കെ പി സെക്യൂരിറ്റീസ് അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ അംബുജ സിമന്റ് ഇപ്പോഴത്തെ വിലയിൽ വാങ്ങാതിരിക്കാനും അവർ പറയുന്നുണ്ട്.

സുപ്രീം ഇൻഡസ്ട്രീസും ദാബറും, ഇസാഫ് ബാങ്കും വാങ്ങാം എന്നാണ് ജിയോജിത് പറയുന്നത്.