തിരഞ്ഞെടുപ്പ് കാലത്ത് ടെലിവിഷൻ ന്യൂസ് ചാനലുകളിൾ നേതാക്കളും, മറ്റു സ്ഥലങ്ങളിലുള്ള റിപ്പോർട്ടർമാരുമെല്ലാം അവതാരകൻറെ മുന്നിലും...
തിരഞ്ഞെടുപ്പ് കാലത്ത് ടെലിവിഷൻ ന്യൂസ് ചാനലുകളിൾ നേതാക്കളും, മറ്റു സ്ഥലങ്ങളിലുള്ള റിപ്പോർട്ടർമാരുമെല്ലാം അവതാരകൻറെ മുന്നിലും വശത്തുമായി പ്രത്യക്ഷപ്പെടുന്നത് കണ്ടിട്ടില്ലേ. കാട്ടിലെ മൃഗങ്ങൾ ചാനൽ സ്റ്റുഡിയോയിൽ നടക്കുന്നതും യുദ്ധവിമാനങ്ങളും മറ്റും സ്റ്റുഡിയോ ഫ്ലോറിന് മുകളിൽ പറന്നുനടക്കുന്നതുമെല്ലാം പലപ്പോഴും കാണാറില്ലേ. ഇതെല്ലാം എങ്ങനെയാണ് സാധിക്കുന്നത് എന്ന് അത്ഭുതപ്പെടാത്തവർ കുറവായിരിക്കും. ഇതെല്ലാം വെറും മാജിക്കോ ഗ്രാഫിക്സുകളോ അല്ല. ഓഗ്മെൻറഡ് റിയാലിറ്റി (AR) എന്ന ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള അവതരണമാണ് ഇത്.
യഥാർതഥ അനുഭവങ്ങളെ കമ്പ്യൂട്ടർ ഉപയോഗിച്ച് മെച്ചപ്പെട്ട രീതിയിൽ അവതരിപ്പിക്കുന്ന സാങ്കേതിക സംവിധാനമാണ് ഓഗ്‌മെന്റഡ് റിയാലിറ്റി. വിഷ്വൽ, ഓഡിറ്ററി, ഹാപ്‌റ്റിക്, സോമാറ്റോസെൻസറി എന്നിങ്ങനെ എല്ലാ തലത്തിലും മികച്ച അനുഭവമായിരിക്കും ഇതു നൽകുക. ഒന്നിലധികം സെൻസറി രീതികളിൽ ഉപയോഗിക്കപ്പെടുന്നതു കൊണ്ടു തന്നെ വിവരങ്ങൾ മെച്ചപ്പെട്ട രീതിയിൽ ആവിഷ്ക്കരിക്കാൻ കഴിയുന്നു.
മൂന്ന് പ്രധാന സവിശേഷതകളുള്ള ഒരു സിസ്റ്റമായി ഓഗ്‌മെന്റഡ് റിയാലിറ്റിയെ കണക്കാക്കാം. യഥാർത്ഥവും, വെർച്വൽ ലോകങ്ങളും തമ്മിലുള്ള ബന്ധം, റിയൽ-ടൈം ഇന്ററാക്ഷൻ, ഇല്ലാത്തതും ഉള്ളതുമായ വസ്തുക്കളുടെ മികച്ച 3D സംയോജനം.
ഓഗ്‌മെന്റഡ് റിയാലിറ്റി യഥാർത്ഥത്തിൽ ഒരു കാര്യത്തെ കുറിച്ച് നിലവിലുള്ള ധാരണ മാറ്റുകയാണ് ചെയ്യുന്നതെങ്കിൽ, വെർച്വൽ റിയാലിറ്റി ഉപയോക്താവിന്റെ യഥാർത്ഥ സങ്കൽപ്പത്തെ തന്നെ പൂർണ്ണമായും മാറ്റി ചിത്രീകരിക്കുന്നു . ഇതാണ് ഈ രണ്ടു ടെക്നോളജി തമ്മിലുള്ള പ്രധാന വ്യത്യാസം.
ഓഗ്മെന്റഡ് റിയാലിറ്റിയിൽ സാധാരണയായി കേൾക്കുന്ന പ്രധാനപ്പെട്ട രണ്ട് പദങ്ങളാണ്: മിക്സഡ് റിയാലിറ്റിയും കമ്പ്യൂട്ടർ-മെഡിയേറ്റഡ് റിയാലിറ്റിയും. മിക്സഡ് റിയാലിറ്റി (എംആർ) എന്നത് പുതിയ ഒരു സൃഷ്ടിക്കായി യഥാർത്ഥവും വെർച്വൽ ലോകങ്ങളും തമ്മിൽ സംയോജിപ്പിക്കുന്നതാണ്. ഫിസിക്കൽ- ഡിജിറ്റൽ വസ്തുക്കൾ ഒരുമിച്ച് തത്സമയം സംവദിക്കുന്നു . മിക്സഡ് റിയാലിറ്റി ഭൗതിക ലോകത്തിലോ വെർച്വൽ ലോകത്തിലോ മാത്രമായി നടക്കുന്നില്ല.
കമ്പ്യൂട്ടർ-മീഡിയേറ്റഡ് റിയാലിറ്റി എന്നത് കമ്പ്യൂട്ടറോ സ്മാർട്ട്ഫോണോ പോലെ കൈയിലുള്ള സാങ്കേതിക ഉപകരണം ഉപയോഗിച്ച് യാഥാർത്ഥ്യത്തെക്കുറിച്ചുള്ള ഒരുവന്റെ ധാരണയിൽ വിവരങ്ങൾ കൂട്ടിച്ചേർക്കാനോ, കുറയ്ക്കാനോ അല്ലെങ്കിൽ കൈകാര്യം ചെയ്യാനോ ഉള്ള കഴിവാണ്.ഉദാഹരണത്തിന്, ഷോപ്പിംഗ് അനുഭവം വർദ്ധിപ്പിക്കാൻ കാറ്റലോഗ് ആപ്പുകളിൽ ഓഗ്‌മെന്റഡ് റിയാലിറ്റി ഉൾപ്പെടുത്തുന്നതിലൂടെ വ്യത്യസ്‌ത സാഹചര്യങ്ങളിൽ വ്യത്യസ്‌ത ഉൽപ്പന്നങ്ങൾ എങ്ങനെയായിരിക്കുമെന്ന് ഉപഭോക്താക്കൾക്ക് കാണാൻ അവസരം ലഭിക്കുന്നു. ഫർണിച്ചറുകൾ വാങ്ങാൻ നോക്കുമ്പോൾ, ഇത്തരം ആപ്പുകൾ ഓഗ്‌മെന്റഡ് റിയാലിറ്റി വഴി ഉചിതമായ മുറിയിലേക്ക് ഫർണിച്ചറുകൾ സെറ്റ് ചെയ്ത് കാണിച്ചു കൊടുക്കുന്നു.