ഒരു ഹ്രസ്വകാല (short-term) വാണിജ്യ വായ്പയാണ് ബയേഴ്സ് ക്രെഡിറ്റ്. ഒരു സാധനം ഇറക്കുമതി (import) ചെയ്യുന്ന വ്യാപാരിയ്ക്ക് വിദേശ ബാങ്കുകള്‍ നല്‍കുന്നതാണിത്....
ഒരു ഹ്രസ്വകാല (short-term) വാണിജ്യ വായ്പയാണ് ബയേഴ്സ് ക്രെഡിറ്റ്. ഒരു സാധനം ഇറക്കുമതി (import) ചെയ്യുന്ന വ്യാപാരിയ്ക്ക് വിദേശ ബാങ്കുകള്‍ നല്‍കുന്നതാണിത്. ഇവിടെ ഇറക്കുമതിക്കാരനാണ് സാധനങ്ങള്‍ വാങ്ങുന്നത് (buyer). കയറ്റുമതി ചെയ്യുന്നയാള്‍ (exporter) വില്‍പ്പനക്കാരനാണ് (seller/ supplier). ബയേഴ്സ് ക്രെഡിറ്റിലൂടെ ഇറക്കുമതിക്കാരന് പലിശ കുറഞ്ഞ വായ്പ ലഭിക്കുന്നു.
ബയേഴ്സ്ക്രെഡിറ്റ് എന്നു വിളിക്കാന്‍ കാരണം ഇവിടെ ഇറക്കുമതിക്കാരന്റെ ബാങ്ക് (buyer's bank) ആണ് വിദേശ ബാങ്കുമായി ക്രെഡിറ്റ് ലഭിക്കാനായി ചര്‍ച്ചകള്‍ നടത്തുന്നത്. കയറ്റുമതിക്കാരന്റെ ഏറ്റവും വലിയ റിസ്‌ക് കൃത്യസമയത്ത് ഇറക്കുമതിക്കാരനില്‍ നിന്നും പണം ലഭിക്കുക എന്നതാണ്. ഇറക്കുമതിക്കാരന്റെ ബാങ്കും, എക്സ്പോര്‍ട്ട് ഫിനാന്‍സ് ഏജന്‍സികളും (export finance agencies) ഇറക്കുമതിക്കാരന്‍ കൃത്യസമയത്ത് പണം നല്‍കുമെന്ന് വിദേശ ബാങ്കിന് ഉറപ്പു നല്‍കുന്നു. വിദേശ ബാങ്ക് കയറ്റുമതിക്കാരന് (seller) ഉടന്‍ പണം നല്‍കുന്നു. അതിനു ശേഷം മുന്‍ധാരണയനുസരിച്ച് ഇറക്കുമതിക്കാരന്‍ (buyer) തന്റെ ബാങ്കിന് പണം നല്‍കുകയും അവര്‍ അത് വിദേശ ബാങ്കിന് നല്‍കുകയും ചെയ്യും. ഇങ്ങനെയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.
ബയേഴ്സ് ക്രെഡിറ്റും ലെറ്റര്‍ ഓഫ് ക്രെഡിറ്റും (Letter of Credit) വ്യത്യസ്ത ഉല്‍പ്പന്നങ്ങളാണ്. 'ബയേഴ്സ് ക്രെഡിറ്റ്' ഒരു വായ്പയാണ്. 'ലെറ്റര്‍ ഓഫ് ക്രെഡിറ്റ്' (എല്‍ സി) ഒരു ഉറപ്പാണ് (Guarantee). ഒരാള്‍ പണം നല്‍കിയില്ലെങ്കില്‍ അയാള്‍ക്കു വേണ്ടി ബാങ്ക് പണം നല്‍കിക്കൊള്ളാം എന്ന് മറ്റൊരു സ്ഥാപനത്തെ അല്ലെങ്കില്‍ ബാങ്കിനെ അറിയിക്കുന്ന രേഖയാണ് എല്‍ സി.