ലോകത്തെ ഏറ്റവും മലിനീകരണപ്പെട്ട നഗരങ്ങളുടെ പട്ടികയിൽ ഇന്ത്യയിൻ നിന്ന് ഡൽഹി, ബംഗലൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളൊക്കെ ഉൾപ്പട്ടു...
ലോകത്തെ ഏറ്റവും മലിനീകരണപ്പെട്ട നഗരങ്ങളുടെ പട്ടികയിൽ ഇന്ത്യയിൻ നിന്ന് ഡൽഹി, ബംഗലൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളൊക്കെ ഉൾപ്പട്ടു കഴിഞ്ഞു. വായുമലിനീകരണത്തിന്റെ കനത്ത പ്രതിസന്ധി കണക്കിലെടുത്താണ് എമിഷൻ സ്റ്റാൻഡേർഡ്സിൽ സർക്കാർ പുതിയ മാറ്റങ്ങൾ കൊണ്ടുവന്നത്.
കംപ്രഷൻ ഇഗ്നിഷൻ എഞ്ചിൻ, സ്പാർക്ക്-ഇഗ്നിഷൻ എഞ്ചിൻ, മോട്ടോർ വാഹനങ്ങൾ തുടങ്ങിയവയിൽ നിന്നുള്ള വായു മലിനീകരണം നിയന്ത്രിക്കുന്നതിന് ഇന്ത്യാ ഗവൺമെന്റ് ഏർപ്പെടുത്തിയിട്ടുള്ള എമിഷൻ മാനദണ്ഡങ്ങളാണ് ഭാരത് സ്റ്റേജ് എമിഷൻ സ്റ്റാൻഡേർഡുകൾ (BSES).
ഒരു മോട്ടോർ വാഹനങ്ങളിൽ നിന്നോ ഇരുചക്രവാഹന എക്‌സ്‌ഹോസ്റ്റിൽ നിന്നോ പുറന്തള്ളുന്ന മലിനീകരണത്തിന് ഏറ്റവും അനുവദനീയമായ അളവ് നിശ്ചയിക്കുന്നതാണ് ഈ മാനദണ്ഡങ്ങൾ. BS 4ൽ നിന്ന് BS 6ലേക്ക് എമിഷൻ സ്റ്റാൻഡേർഡ് മാറുമ്പോൾ നിർമ്മാതാക്കൾ തങ്ങളുടെ വാഹനങ്ങളെ പുതിയ ഓപ്ഷനുകളും സുരക്ഷാ മാനദണ്ഡങ്ങളും ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്യാൻ നിർബന്ധിതരാകുന്നു.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് ആണ് ഇതിനാവശ്യമായ മാനദണ്ഡങ്ങളും പാലിക്കപ്പെടേണ്ട സമയക്രമവും നിശ്ചയിച്ചിരിക്കുന്നത്. വനം പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിലാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് പ്രവൃത്തിക്കുന്നത്. 1991 മുതൽ പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് രാജ്യത്ത് മാലിനീകരണനിയന്ത്രണ മാനദണ്ഡങ്ങൾ നിലവിലുണ്ടായിരുന്നു. എന്നാൽ 1999 ലെ സുപ്രീംകോടതി ഇടപെടലിനെ തുടർന്നാണ് വാഹനങ്ങൾ പുറന്തള്ളുന്ന കാർബണിൻറെ അളവിൽ കർശനം നിയന്ത്രണം കൊണ്ടുവരാൻ സർക്കാരും വാഹന നിർമാതാക്കളും നിർബന്ധിതരായത്. 1999 ജൂൺ 1 ഓടെ ഇന്ത്യയിലെ വാഹനങ്ങൾ യൂറോ 1 സ്റ്റേജ് മാനദണ്ഡങ്ങളും ഡൽഹി ഉൾപ്പെടുന്ന നാഷണൽ ക്യാപിറ്റൽ റീജിയണിൽ 2000 ഏപ്രിലോടെ യൂറോ 2 സ്റ്റേജ് മാനദണ്ഡങ്ങളും കർശനമായി നടപ്പാക്കണമെന്ന് കോടതിയുടെ ഉത്തരവ്. ഇതോടെ 2000ത്തിലാണ് യൂറോപ്യൻ നിയന്ത്രണങ്ങളെ അടിസ്ഥാനമാക്കിയുള്ള മാനദണ്ഡങ്ങൾ രാജ്യത്ത് ആദ്യമായി അവതരിപ്പിച്ചത്. അതിനുശേഷം സമയബന്ധിതമായി ഭാരത് 1 മുതൽ 6 വരെയുള്ള സ്റ്റേജ് മാനദണ്ഡങ്ങൾ രാജ്യത്ത് നടപ്പാക്കി.
2010 ഒക്ടോബർ മുതൽ ഭാരത് സ്റ്റേജ് (BS) III മാനദണ്ഡങ്ങൾ രാജ്യത്തുടനീളം നടപ്പിലാക്കി. 13 പ്രധാന നഗരങ്ങളിൽ, ഭാരത് സ്റ്റേജ് IV എമിഷൻ മാനദണ്ഡങ്ങൾ 2010 ഏപ്രിൽ മുതൽ നിലവിലുണ്ട്. പിന്നീട് 2017 ഏപ്രിലിൽ ഇത് രാജ്യത്തുടനീളം നടപ്പിലാക്കി. 2020 ഏപ്രിൽ 1 മുതൽ രാജ്യം മുഴുവൻ എമിഷൻ സ്റ്റാൻഡേർഡ് സ്റ്റേജ് 4 അനുസരിച്ചുള്ള മോട്ടോർ വാഹനങ്ങളുടെ വിൽപ്പനയും രജിസ്ട്രേഷനും സുപ്രീം കോടതി നിരോധിക്കുകയും ചെയ്തു.
കാലാവസ്ഥ വ്യതിയാനത്തിനെതിരെ പോരാടാനായി രാജ്യങ്ങൾക്കിടയിൽ ഉണ്ടാക്കിയ പാരീസ് ഉടമ്പടി പ്രകാരം ഇന്ത്യയിലെ കാർബൺ എമിഷൻ 12 വർഷം കൊണ്ട് 33 മുതൽ 55 ശതമാനം വരെ കുറയ്ക്കാൻ ഇന്ത്യ ബാധ്യസ്ഥരായിരുന്നു. എന്നാൽ നേരത്തെ തയ്യാറാക്കിയ ടൈംലൈൻ പ്രകാരം ഭാരത് 5 2021 ലും ഭാരത് 6 2024 ലുമായിരുന്നു രാജ്യത്ത് നടപ്പാക്കേണ്ടിയിരുന്നത്. എന്നാലിത് പാരീസ് ഉടമ്പടി പ്രകാരമുള്ള ധാരണയുടെ ലംഘനമാകുമെന്നതിനെ തുടർന്ന്
രാജ്യത്ത് ഭാരത് 5 ഒഴിവാക്കിയ കേന്ദ്രം 2020 മുതൽ ഭാരത് 6 രാജ്യത്ത് നടപ്പാക്കി.
ഭാരത് സ്റ്റേജ്-6 മാനദണ്ഡങ്ങൾ അനുസരിച്ച്, കാർബൺ മോണോക്സൈഡിന്റെ പുറന്തള്ളൽ 30% ഉം നൈട്രസ് ഓക്സൈഡിൻറെ അളവ് 80% വും കുറയ്ക്കണം. BS-6 മാനദണ്ഡങ്ങൾ ഹൈഡ്രോകാർബണിന്റെ പുറന്തള്ളലിനും പരിധി നിശ്ചയിക്കുന്നു, ഇതൊന്നും മുന്നേയുള്ള മാനദണ്ഡങ്ങളിൽ വ്യക്തമാക്കിയിരുന്നില്ല. ഭാരത് സ്റ്റേജ്-6-ന്റെ എമിഷൻ ആവശ്യകതകൾ നിറവേറ്റുന്നതിന്, പെട്രോൾ എഞ്ചിനുകളിലെ കാർബ്യൂറേറ്ററുകൾ പ്രോഗ്രാം ചെയ്ത ഫ്യുവൽ ഇൻജക്ടറുകൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കേണ്ടതുണ്ട്. ടെയിൽ പൈപ്പ് എമിഷൻ കൂടുതൽ കുറയ്ക്കുന്നതിന്, എക്‌സ്‌ഹോസ്റ്റ് സിസ്റ്റത്തിൽ ത്രീ വേ കാറ്റലറ്റിക് കൺവെർട്ടറുകൾ ഘടിപ്പിക്കാം. എല്ലാ BS-6 കംപ്ലയിന്റ് വാഹനങ്ങൾക്കും ഓൺ-ബോർഡ് ഡയഗ്നോസ്റ്റിക് സിസ്റ്റവും (OBD) നിർബന്ധമാക്കുന്നു.
ഡീസൽ എഞ്ചിനുകളിലേക്ക് വരുമ്പോൾ ഭാരത് സ്റ്റേജ്-6 മാനദണ്ഡങ്ങൾ അനുസരിച്ച് നൈട്രസ് ഓക്സൈഡിൻറെ അളവ് 70% വും പർട്ടിക്കുലേറ്റുകൾ 80% വും കുറയ്ക്കണം. ഇതിനായി എഞ്ചിനുകളിൽ യൂറോ-6 കംപ്ലയിന്റ് ടെക്നോളജികൾ സജ്ജീകരിക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രധാന സാങ്കേതിക മാറ്റങ്ങൾ താഴെ പറയുന്നവയാണ്.
* എക്‌സ്‌ഹോസ്റ്റ് സിസ്റ്റത്തിൽ ഡീസൽ പർട്ടിക്കുലേറ്റുകൾ ഉള്ള ഫിൽട്ടറുകൾ ഘടിപ്പിക്കുന്നു.
* പുറന്തള്ളലിലെ നൈട്രസ് ഓക്സൈഡിന്റെ അളവ് കുറയ്ക്കുന്നതിന് സെലക്ടീവ് കാറ്റലിറ്റിക് റിഡക്ഷൻ (SCR) അല്ലെങ്കിൽ എക്‌സ്‌ഹോസ്റ്റ് ഗ്യാസ്
റീസർക്കുലേഷൻ ടെക്‌നിക്കുകൾ ഉപയോഗിക്കുന്നു.
* പുറന്തള്ളലുമായി ബന്ധപ്പെട്ട പാർട്സുകളുടെ തെറ്റായ പ്രവർത്തനം നിരീക്ഷിക്കാൻ ഒരു ഓൺ-ബോർഡ് ഡയഗ്നോസ്റ്റിക് സിസ്റ്റം ഘടിപ്പിക്കുന്നു.
വായു മലിനീകരണം കുറയ്ക്കുക എന്ന വലിയൊരു ലക്ഷ്യമാണ് ഇതുവഴി മുന്നിൽ കാണുന്നത്. ഇതിനായി കൂടുതൽ നിയന്ത്രണങ്ങൾ സമയോചിതമായി കൊണ്ടുവരേണ്ടത് അനിവാര്യമാണ്.