image

14 Jan 2022 11:56 AM IST

Learn & Earn

വാഹനം മോഡിഫൈ ചെയ്യുന്നുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

MyFin Desk

വാഹനം മോഡിഫൈ ചെയ്യുന്നുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
X

Summary

വാഹനങ്ങള്‍ മോഡിഫിഫൈ ചെയ്യുകയെന്നത് പലര്‍ക്കും ഹരമാണ്.


വാഹനങ്ങള്‍ മോഡിഫിഫൈ ചെയ്യുകയെന്നത് പലര്‍ക്കും ഹരമാണ്. സ്റ്റിക്കര്‍ വര്‍ക്കുകള്‍ നടത്തിയതും സൈലന്‍സറും നമ്പര്‍ പ്ലേറ്റുകളിലുമെല്ലാം...

വാഹനങ്ങള്‍ മോഡിഫിഫൈ ചെയ്യുകയെന്നത് പലര്‍ക്കും ഹരമാണ്. സ്റ്റിക്കര്‍ വര്‍ക്കുകള്‍ നടത്തിയതും സൈലന്‍സറും നമ്പര്‍ പ്ലേറ്റുകളിലുമെല്ലാം മാറ്റം വരുത്തിയതുമായ വാഹനങ്ങള്‍ കാണുമ്പോള്‍ ഓര്‍ക്കുക ഏതെങ്കിലും തരത്തില്‍ മാറ്റം വരുത്തുന്നത് നിയമവിരുദ്ധമാണ്.

2019 ജനുവരിയില്‍ സുപ്രീംകോടതിയാണ് വാഹനത്തിന്റെ രൂപത്തില്‍ മാറ്റം വരുത്തുന്നതിനെതിരെ ഉത്തരവിറക്കിയത്. വാഹനത്തിന്റെ അടിസ്ഥാനഘടനയില്‍ മാറ്റം വരുത്തുന്നതും ബൈക്കിന്റെ ഹാന്‍ഡിലും മറ്റും മാറ്റി വേറെ വെക്കുന്നതും കുറ്റകരമാണെന്ന് കോടതി വിധിച്ചു. ഇതോടെ ഇത്തരത്തില്‍ മാറ്റം വരുത്തിയ വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ് നടപടികള്‍ ആരംഭിച്ചു.

വാഹനത്തിന്റെ നീളം, ഉയരം, ടയര്‍, ലൈറ്റുകള്‍, ഹോണ്‍ എന്നിവയ്‌ക്കെല്ലാം നിശ്ചിതമായ അളവും നിയന്ത്രണങ്ങളും ഉണ്ട്. ഇവ കൃത്യമായി വണ്ടിയുടെ ആര്‍ സി ബുക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇതില്‍ നിന്ന് വ്യത്യസ്ഥമായി എന്ത് മാറ്റം വരുത്തിയാലും അത് നിയമലംഘനമാണ്. വാഹനത്തില്‍ നിന്ന് പുറത്തേക്ക് തള്ളി നില്‍ക്കുന്ന അലോയ് വീലുകള്‍ ഇടുന്നത്, ഉയരം കൂട്ടുന്ന വലിയ ടയറുകള്‍ ഇടുന്നത്, ശക്തമായ ലൈറ്റുകള്‍ സ്ഥാപിക്കുന്നത്, വാഹനത്തിന്റെ യഥാര്‍ത്ഥ നിറം മാറ്റി സ്റ്റിക്കര്‍ പതിക്കുന്നത്, പെട്ടെന്ന് വായിക്കാനാവാത്ത തരത്തില്‍ നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കുന്നത് ഇവയെല്ലാം നിയമലംഘനമാണ്. ഇരുചക്രവാഹനങ്ങളുടെ സൈലന്‍സറുകള്‍ മാറ്റുന്നത്, വാഹനത്തിന്റെ യഥാര്‍ത്ഥ ഹാന്‍ഡില്‍ മാറ്റി വേറെ വെക്കുന്നതും കുറ്റകരമാണ്.

നമ്പര്‍ പ്ലേറ്റ്

ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റുകളാണ് വാഹനങ്ങളില്‍ പതിപ്പിക്കേണ്ടത്. നമ്പറുകള്‍ക്ക് കൃത്യമായ വലിപ്പവും ഫോണ്ടും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. മാത്രവുമല്ല എഴുത്തുകള്‍ നമ്പര്‍ പ്ലേറ്റില്‍ നിന്ന് ഉയര്‍ന്ന് നില്‍ക്കുകയും (embossed) വേണം. നമ്പറുകള്‍ക്ക് ഹോളോഗ്രാമും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇവ ലംഘിച്ചാല്‍ ഉടമയ്ക്ക് പിഴ ഈടാക്കാം.

നിറം

വാഹനത്തിന്റെ നിറം മുഴുവനായും മാറ്റുന്നതിന് നിയന്ത്രണങ്ങള്‍ ഉണ്ട്. ആര്‍ ടി ഓഫീസിന്റെ അനുമതിയോടെ മാത്രമേ വാഹനത്തിന്റെ നിറം മുഴുവനായും മാറ്റാന്‍ സാധിക്കു. വാഹനത്തിന്റെ നിറം മാറ്റുകയാണെങ്കില്‍ ഇക്കാര്യം വണ്ടിയുടെ ആര്‍ സി ബുക്കിലും രേഖപ്പെടുത്തണം. അതേസമയം വാഹനത്തിന്റെ ബോണറ്റോ മുകള്‍ ഭാഗമോ വശങ്ങളിലോ നിറം മാറ്റുന്നതിന് തടസമില്ല.

അലോയ് വീല്‍

വാഹനം വാങ്ങുമ്പോള്‍ ഉള്ള വീലുകള്‍ മാറ്റി അലോയ് വീലുകള്‍ സ്ഥാപിക്കുന്നതിന് വിലക്കില്ല. കാര്‍ നിര്‍മാതാക്കള്‍ നിര്‍ദേശിച്ച അളവുകളിലുള്ള അലോയികള്‍ മാത്രമേ ഉപയോഗിക്കാവൂ. എക്‌സ്ട്രാവൈഡ് ടയറുകള്‍ ഉപയോഗിക്കുന്നതും നിയമലംഘനമാണ്.

ക്രാഷ് ബാര്‍

വാഹനത്തിന് മുന്നിലും പിന്നിലും ബാറുകള്‍ സ്ഥാപിക്കുന്നത് സുപ്രീംകോടതി വിലക്കിയിട്ടുണ്ട്. ക്രാഷ് ബാറുകളും ബുള്‍ ബാറുകളുമെല്ലാം സ്ഥാപിച്ചിട്ടുള്ള വാഹനം വഴിയാത്രക്കാരനെ ഇടിച്ചാല്‍ അയാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ടെന്നതിനാലാണ് വിലക്ക്. മാത്രവുമല്ല, ബുള്‍ ബാറുകള്‍ ഉള്ള വാഹനം അപകടത്തില്‍ പെട്ടാല്‍ എയര്‍ബാഗ് പ്രവര്‍ത്തിക്കുകയുമില്ല.

സൈലന്‍സര്‍

വാഹനത്തിന്റെ സൈലന്‍സറുകളില്‍ മാറ്റം വരുത്തുന്നത് കോടതി നിരോധിച്ചിട്ടുണ്ട്. സൈലന്‍സറില്‍ മാറ്റം വരുത്തുന്നത് വാഹനത്തിന്റെ ശബ്ദത്തേയും സുരക്ഷയേയും ബാധിക്കുന്ന വിഷയമാണ്. എന്നാല്‍ ഓട്ടോമോട്ടീവ് വാഹനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള അളവിലുള്ള ശബ്ദം മാത്രം പുറപ്പെടുവിക്കുന്ന സൈലന്‍സറുകള്‍ ഉപയോഗിക്കാം. സൈലന്‍സറഇലെ മോഡിഫിക്കേഷന്‍ ചിലപ്പോള്‍ വാഹനം തീപിടുത്തതിന് വരെ കാരണമായേക്കാം.

ലൈറ്റുകള്‍

ഹൈ ബീം ലൈറ്റുകള്‍, കളര്‍ ലൈറ്റുകള്‍ എന്നിവ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. വാഹനത്തിന് മുന്നിലോ പിന്നിലോ എക്‌സ്ട്രാലൈറ്റുകള്‍ ഫിറ്റ് ചെയ്യുന്നത് മറ്റ് വാഹനങ്ങള്‍ക്ക് പ്രശ്‌നമുണ്ടാക്കുന്നതാണ്. അപകടത്തിന് വരെ വഴിവെക്കുന്ന ഇത്തരം ലൈറ്റുകള്‍ നല്‍കുന്നത് കുറ്റകരമാണ്. വാഹനത്തിന് മുന്നില്‍ ഫോഗ് ലൈറ്റുകള്‍ ഘടിപ്പിക്കുന്നതിനും നിയന്ത്രണമുണ്ട്.

കുളിങ് ഫിലീം

കാറുകളില്‍ കൂളിങ് ഫിലിം ഓട്ടിക്കുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ട്. വാഹനം അപകടത്തില്‍ പെട്ടാല്‍ ചെറിയ ക്യുബുകളായി പൊടിഞ്ഞ് വീഴുന്നതരത്തിലാണ് വാഹനങ്ങളുടെ ഗ്ലാസുകള്‍ തയ്യാറാക്കിയിട്ടുള്ളത്. കൂളിങ് ഫിലിം ഒട്ടിച്ച ഗ്ലാസ് പക്ഷെ അത്തരത്തില്‍ പൊടിയില്ല എന്നതിനാല്‍ അപകടസാധ്യത കൂടുതലാണ്. ഇത് ഒഴിവാക്കുന്നതിനാണ് സണ്‍ ഫിലീം അഥവാ കൂളിങ് ഫിലീം ഒട്ടിക്കുന്നത് നിരോധിച്ചിരിക്കുന്നത്. ഇതിനുപുറമെ വാഹനങ്ങളില്‍ കര്‍ട്ടന്‍ ഉപയോഗിക്കുന്നത് സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതി വിലക്കിയിട്ടുണ്ട്.

ഹാന്‍ഡില്‍

ബൈക്കുകളുടെ ഹാന്‍ഡിലുകള്‍ മാറ്റി ഫാന്‍സി ഹാന്‍ഡിലുകള്‍ സ്ഥാപിക്കുന്ന പ്രവണത ഉണ്ട്. എന്നാലിത് വാഹനത്തിന്റെ ബാലന്‍സ് നഷ്ടപ്പെടുത്തും. ഹാന്‍ഡില്‍ മാറ്റിയതിനെ തുടര്‍ന്ന് വാഹനത്തിന്റെ ബാലന്‍സ് നഷ്ടമായി നിരവധി അപകടങ്ങള്‍ ഉണ്ടായ്തിനെ തുടര്‍ന്ന് ബൈക്കുകളുടെ ഹാന്‍ഡില്‍ മാറ്റുന്നതിനെ കോടതി നിരോധിച്ചു.

അതേസമയം ചില മോഡിഫിക്കേഷനുകള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് അനുവദിക്കാറുണ്ട്. ജീപ്പുകളുടെ മുകള്‍ഭാഗത്ത് ചില മാറ്റങ്ങള്‍ വരുത്താന്‍ അനുമതിയുണ്ട്. മുകള്‍ ഭാഗം സോഫ്റ്റ് ടോപ്പോ ഹാര്‍ഡ് ടോപ്പോ ആക്കാന്‍ അനുമതി വാങ്ങേണ്ടതില്ല. ഓട്ടോറിക്ഷകളില്‍ സൈഡ് ഡോര്‍ സ്ഥാപിക്കുന്നതിനും വിലക്കില്ല.