image

15 Nov 2022 12:48 PM IST

Stock Market Updates

ഇന്നും തുടക്കത്തിലെ നേട്ടം നിലനിര്‍ത്താനാകാതെ വിപണി

MyFin Desk

ഇന്നും തുടക്കത്തിലെ നേട്ടം നിലനിര്‍ത്താനാകാതെ വിപണി
X




മുംബൈ: തിങ്കളാഴ്ച്ച നേട്ടത്തില്‍ ആരംഭിച്ച് നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച വിപണി, ചൊവ്വാഴ്ച്ചയും നേട്ടത്തില്‍ ആരംഭിച്ച് നഷ്ടത്തിലേക്ക് നീങ്ങി. സെന്‍സെക്സ് 158.85 പോയിന്റ് ഉയര്‍ന്ന് 61,783 ലേക്കും, നിഫ്റ്റി 49 പോയിന്റ് നേട്ടത്തില്‍ 18,378.15 ലേക്കും ആദ്യഘട്ട വ്യാപാരത്തില്‍ എത്തിയിരുന്നു. എന്നാല്‍, പിന്നീട് വിപണി നഷ്ടത്തിലേക്ക് നീങ്ങി. രാവിലെ 11.40 ന് സെന്‍സെക്സ് 100.41 പോയിന്റ് താഴ്ന്ന് 61,523.74 ലും, നിഫ്റ്റി 23.75 പോയിന്റ് ഇടിഞ്ഞ് 18,305.40 ലുമാണ് വ്യാപാരം നടത്തുന്നത്.

അള്‍ട്രടെക്ക് സിമെന്റ്, ഐസിഐസിഐ ബാങ്ക്, എന്‍ടിപിസി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഭാരതി എയര്‍ടെല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നീ ഓഹരികളാണ് ആദ്യഘട്ട വ്യാപാരത്തില്‍ നേട്ടമുണ്ടാക്കിയത്. ഐടിസി, ടിസിഎസ്, ടെക് മഹീന്ദ്ര, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്സി എന്നീ ഓഹരികളാണ് നഷ്ടം നേരിട്ടത്. ഏഷ്യന്‍ വിപണികളായ ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നേട്ടത്തിലും, സിയോള്‍ വിപണി നഷ്ടത്തിലുമാണ് വ്യാപാരം നടത്തുന്നത്. ഇന്നലെ അമേരിക്കന്‍ വിപണികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

'ആഗോള തലത്തില്‍ വിപണികള്‍ക്കുണ്ടായ ഏറ്റവും ശക്തമായ തിരിച്ചടി അമേരിക്കയിലെ ഉയരുന്ന പണപ്പെരുപ്പവും, നിരക്കുയര്‍ത്തലിന്റെ വേഗത കുറയാനുള്ള സാധ്യതകളുമാണ്. ഇതിനൊപ്പം, ഇന്ത്യയിലെ ഉപഭോക്തൃവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഒക്ടോബറില്‍ 6.77 ശതമാനമായി കുറഞ്ഞു. സെപ്റ്റംബറില്‍ ഇത് 7.41 ശതമാനമായിരുന്നു.

ക്രൂഡോയില്‍ വില ബാരലിന് 92 ഡോളറിലേക്ക് എത്തിയത് മറ്റൊരു പോസിറ്റീവ് ഘടകമാണ്. ഈ കാര്യങ്ങളെല്ലാം നിഫ്റ്റിയെ പുതിയ റെക്കോഡിലേക്ക് എത്തിക്കും. പക്ഷേ, പൊതുവേയുള്ള വിപണി സവിശേഷത, ഇത് സംഭവിക്കുമെന്ന് ഭൂരിപക്ഷവും പ്രതീക്ഷിക്കുമ്പോള്‍ അത് സംഭവിക്കാതിരിക്കലാണ്,' ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ അഭിപ്രായപ്പെട്ടു.

തിങ്കളാഴ്ച്ച സെന്‍സെക്സ് 170.89 പോയിന്റ് താഴ്ന്ന് 61,624.15 ലും, നിഫ്റ്റി 20.55 പോയിന്റ് ഇടിഞ്ഞ് 18,329.15 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 0.13 ശതമാനം താഴ്ന്ന് 93.02 ഡോളറായി. അറ്റ നിക്ഷേപകരായി തുടരുന്ന വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ തിങ്കളാഴ്ച്ച 1.089.41 കോടി രൂപ വിലയുള്ള ഓഹരികളാണ് വാങ്ങിയത്.