image

9 July 2023 11:46 AM IST

Stock Market Updates

ആദ്യപാദ വരുമാനവും പണപ്പെരുപ്പവും വിപണിയെ സ്വാധീനിക്കും

MyFin Desk

ആദ്യപാദ വരുമാനവും പണപ്പെരുപ്പവും  വിപണിയെ സ്വാധീനിക്കും
X

Summary

  • എച്ച്സിഎല്‍ ടെക്, ടിസിഎസ്, വിപ്രോ എന്നിവയുടെ ആദ്യപാദവരുമാനം ഈ ആഴ്ച
  • ക്രൂഡ് ഓയില്‍ മാര്‍ക്കറ്റ് സസൂക്ഷ്മം വീക്ഷിക്കപ്പെടുന്നു
  • ജൂണിലെ മൊത്തവില സൂചിക വെള്ളിയാഴ്ച പ്രഖ്യാപിക്കും


ഈ ആഴ്ച ഇക്വിറ്റി മാര്‍ക്കറ്റിലെ ട്രേഡിംഗിനെ നിരവധി ട്രിഗറുകള്‍ വളരെയധികം സ്വാധീനിക്കുമെന്ന് വിശകലന വിദഗ്ധര്‍ പറഞ്ഞു. ഐടി പ്രമുഖരായ ടിസിഎസ്, വിപ്രോ എന്നിവയില്‍ നിന്നുള്ള ത്രൈമാസ വരുമാനവും, ആഭ്യന്തര പണപ്പെരുപ്പവും ഐഐപി ഡാറ്റയും ഇക്വിറ്റികളിലെ ചലനം നിര്‍ണ്ണയിക്കുന്നതില്‍ പ്രധാനമാണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതുകൂടാതെ ആഗോള ഘടകങ്ങളും വിദേശ നിക്ഷേപകരുടെ വ്യാപാര പ്രവര്‍ത്തനങ്ങളും വിപണിയെ നയിക്കും.

'എച്ച്സിഎല്‍ ടെക്, ടിസിഎസ്, വിപ്രോ എന്നിവ ഈ ആഴ്ച ആദ്യപാദ വരുമാനം റിപ്പോര്‍ട്ട് ചെയ്യാന്‍ സജ്ജമായിക്കഴിഞ്ഞു. കൂടാതെ, ജൂലൈ 12-ന് പുറത്തിറക്കാന്‍ നിശ്ചയിച്ചിരിക്കുന്ന പണപ്പെരുപ്പത്തെക്കുറിച്ചും ഐഐപി (വ്യാവസായിക ഉല്‍പ്പാദന സൂചിക) ഡാറ്റകളെക്കുറിച്ചും വിപണിയിലെ പങ്കാളികള്‍ പ്രതികരിക്കും. കൂടാതെ യുഎസ് മാക്രോ ഇക്കണോമിക് സൂചകങ്ങളും ക്രൂഡ് ഓയില്‍ വിലയുടെ ചലനവും സൂക്ഷ്മമായി നിരീക്ഷിക്കും,' സ്വസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ട് ലിമിറ്റഡിന്റെ ഗവേഷണ വിഭാഗം മേധാവി സന്തോഷ് മീണ പറഞ്ഞു.

വെള്ളിയാഴ്ച പ്രഖ്യാപിക്കാന്‍ പോകുന്ന ജൂണിലെ ഡബ്ല്യുപിഐ (മൊത്തവില സൂചിക) പണപ്പെരുപ്പ ഡാറ്റയും നിക്ഷേപകര്‍ ട്രാക്ക് ചെയ്യും. വരുമാനത്തിന്റെ കാര്യത്തില്‍, ഫെഡറല്‍ ബാങ്ക്, ബന്ധന്‍ ബാങ്ക്, ജെഎസ്ഡബ്ല്യു എനര്‍ജി എന്നിവയും അവരുടെ ജൂണ്‍ പാദ ഫലങ്ങള്‍ ഈ ആഴ്ചയില്‍ പ്രഖ്യാപിക്കും. ഈസാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദ വരുമാന സീസണ്‍ ആരംഭിക്കുന്നതോടെ സ്റ്റോക്ക്-സ്‌പെസിഫിക് പ്രവര്‍ത്തനം വര്‍ധിക്കുമെന്ന് മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ റീട്ടെയില്‍ റിസര്‍ച്ച് മേധാവി സിദ്ധാര്‍ത്ഥ ഖേംക പറഞ്ഞു.

ടിസിഎസും എച്ച്സിഎല്‍ ടെക്കും ബുധനാഴ്ചയും വിപ്രോ വ്യാഴാഴ്ചയും ഫലം പ്രഖ്യാപിക്കുന്നതോടെ സാങ്കേതിക മേഖല കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധ്യതയുണ്ടെന്ന് ഖേംക കൂട്ടിച്ചേര്‍ത്തു.

'ആഗോളവും ആഭ്യന്തരവുമായ സൂചനകള്‍, വരാനിരിക്കുന്ന ത്രൈമാസ സീസണ്‍, ഇന്ത്യയുടെ പണപ്പെരുപ്പ കണക്കുകള്‍, ഐഐപി നമ്പര്‍, എഫ്‌ഐഐ, ഡിഐഐ പ്രവര്‍ത്തനങ്ങള്‍ എന്നിവ വരും ദിവസങ്ങളില്‍ വിപണിയെ നയിക്കുന്ന പ്രധാന ഘടകങ്ങളാണ്,'മാസ്റ്റര്‍ ക്യാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡ് സീനിയര്‍ വൈസ് പ്രസിഡന്റ് അരവിന്ദര്‍ സിംഗ് നന്ദ പറഞ്ഞു.

കഴിഞ്ഞ ആഴ്ച, 30-ഷെയര്‍ ബിഎസ്ഇ ബെഞ്ച്മാര്‍ക്ക് 561.89 പോയിന്റ് അല്ലെങ്കില്‍ 0.86 ശതമാനം ഉയര്‍ന്നു. ജൂലൈ 7 ന് ബിഎസ്ഇ സെന്‍സെക്സ് അതിന്റെ എക്കാലത്തെയും ഇന്‍ട്രാ-ഡേ ഉയര്‍ന്ന 65,898.98 ലെത്തുകയും ചെയ്തിരുന്നു.

ബിഎസ്ഇ-ലിസ്റ്റഡ് സ്ഥാപനങ്ങളുടെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ വ്യാഴാഴ്ച 301.70 ലക്ഷം കോടി രൂപ എന്ന എക്കാലത്തെയും ഉയരത്തിലെത്തി, ഇത് ആഭ്യന്തര ഓഹരികളിലെ മികച്ച പ്രവണതയെ പ്രതിഫലിപ്പിക്കുന്നു.

'ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റിനും പുതിയ ഉയരങ്ങള്‍ കുറിച്ച ഒരാഴ്ചയാണ് കടന്നുപോയത്. ദുര്‍ബലമായ ആഗോള സൂചനകള്‍ കാരണം കഴിഞ്ഞ ട്രേഡിംഗ് സെഷനില്‍ ലാഭ-ബുക്കിംഗ് സംഭവിച്ചു. 'മീന പറഞ്ഞു. റെക്കോര്‍ഡ് റാലിക്ക് ശേഷം വെള്ളിയാഴ്ച ബിഎസ്ഇ ബെഞ്ച്മാര്‍ക്ക് 505.19 പോയിന്റ് അല്ലെങ്കില്‍ 0.77 ശതമാനം ഇടിഞ്ഞു.

'അടുത്തിടെയുള്ള സെഷനുകളിലെ ഗംഭീരമായ റാലിയെത്തുടര്‍ന്ന് വിപണി കൂടുതല്‍ ആകര്‍ഷകമാകുകയും ലാഭമെടുപ്പ് കുറച്ചുകാലമായി നടക്കുകയും ചെയ്തു.

യുഎസ് ഫെഡ് പലിശനിരക്ക് വര്‍ധനയെക്കുറിച്ചുള്ള പുതിയ ആശങ്കകളോടെ, നിക്ഷേപകര്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞത്

വ്യാപാരത്തിന്റെ അവസാന ദിവസം വന്‍ ഇടിവിന് കാരണമായതായി കൊട്ടക് സെക്യൂരിറ്റീസ് ലിമിറ്റഡിന്റെ ടെക്‌നിക്കല്‍ റിസര്‍ച്ച് വൈസ് പ്രസിഡന്റ് അമോല്‍ അത്താവാലെ പറഞ്ഞു .