24 July 2023 4:47 PM IST
Summary
വളര്‍ന്നുവരുന്ന വിപണികളില്‍ ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം നടക്കുന്നത് ഇന്ത്യയിലാണ്
നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ (2023-24) ഒന്നാം പാദത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഒരു ലക്ഷം കോടി രൂപയിലധികം നിക്ഷേപിച്ച വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍, ഹെല്‍ത്ത്കെയര്‍, ഓട്ടോമോട്ടീവ്, ഫിനാന്‍സ്, കെമിക്കല്‍സ് എന്നിവയുള്‍പ്പെടുന്ന സ്ഥാപനങ്ങളില്‍ ഗണ്യമായ നിക്ഷേപമാണു നടത്തിയത്.
ബിഎസ്ഇ500 സൂചികയുടെ ഭാഗമായ 250-ലധികം കമ്പനികളില്‍ വിദേശ നിക്ഷേപകര്‍ ഓഹരിനിക്ഷേപം വര്‍ധിപ്പിച്ചതായി എയ്‌സ് ഇക്വിറ്റിയില്‍ നിന്നുള്ള കണക്കുകള്‍ പറയുന്നു.
മാക്‌സ് ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദേശനിക്ഷേപം മുന്‍വര്‍ഷം ജൂണ്‍ പാദത്തിലെ 51.96 ശതമാനത്തില്‍നിന്ന് ഈ വര്‍ഷം ജൂണ്‍ പാദത്തില്‍ 59.80 ശതമാനമായി ഉയര്‍ന്നു.
അതുപോലെ, അവര്‍ സോന ബിഎല്‍ഡബ്ല്യു പ്രിസിഷന്‍ ഫോര്‍ജിംഗ്സ് (24.69 ശതമാനത്തില്‍ നിന്ന് 31.68 ശതമാനം), ശ്രീറാം ഫിനാന്‍സ് (49.78 ശതമാനത്തില്‍ നിന്ന് 55.36 ശതമാനം), എച്ച്ഡിഎഫ്സി എഎംസി (7.50 ശതമാനത്തില്‍ നിന്ന് 12.99 ശതമാനം) എന്നിവയില്‍ അധിക ഓഹരികളും സ്വന്തമാക്കി.
വളര്‍ന്നുവരുന്ന വിപണികളില്‍ ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം നടക്കുന്നത് ഇന്ത്യയിലാണ്.
ചൈനയിലാകട്ടെ വിദേശ നിക്ഷേപകര്‍ വില്‍പ്പന തുടരുകയാണ്.
ഇന്ത്യയില്‍ ഫിനാന്‍ഷ്യല്‍, ഓട്ടോമൊബൈല്‍, ക്യാപിറ്റല്‍ ഗുഡ്‌സ്, റിയല്‍റ്റി, എഫ്എംസിജി എന്നിവയിലാണു വിദേശനിക്ഷേപം കൂടുതല്‍ നടക്കുന്നത്. ഈ മേഖലകളില്‍ നിന്നുള്ള ഓഹരികള്‍ വിദേശനിക്ഷേപകര്‍ കൂടുതല്‍ വാങ്ങുന്നതിനാല്‍ അത്തരം ഓഹരികളുടെ വില വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്. അതോടൊപ്പം സെന്‍സെക്‌സിനും നിഫ്റ്റിക്കും റെക്കോര്‍ഡ് ഉയരങ്ങളിലെത്താനും സഹായകരമാകുന്നുണ്ടെന്ന് അനലിസ്റ്റുകള്‍ പറയുന്നു.
ചെംപ്ലാസ്റ്റ് സാന്‍മറിലെ വിദേശ നിക്ഷേപകരുടെ ഓഹരിനിക്ഷേപം 7.41 ശതമാനത്തില്‍നിന്ന് 11.45 ശതമാനമായി ഉയര്‍ത്തി.
സിയന്റ്, ആര്‍ബിഎല്‍ ബാങ്ക്, ദി ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി, ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ്, പതഞ്ജലി ഫുഡ്സ്, ഡിക്സണ്‍ ടെക്നോളജീസ് (ഇന്ത്യ), ആക്സിസ് ബാങ്ക്, ആദിത്യ ബിര്‍ള ക്യാപിറ്റല്‍, സിയറ്റ്, വേദാന്ത് ഫാഷന്‍സ്, ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ്, ടിംകെന്‍ ഇന്ത്യ, എല്‍ ആന്‍ഡ് ടി ഫിനാന്‍സ് ഹോള്‍ഡിംഗ്‌സ്, എന്‍സിസി, കെപിഐറ്റി എന്നീ കമ്പനികളിലും വിദേശ നിക്ഷേപകര്‍ വലിയ തോതില്‍ നിക്ഷേപം ഉയര്‍ത്തി.