image

28 Aug 2025 5:24 PM IST

Agriculture

ഏലത്തിന് അനുദിനം ഡിമാന്റ് ഉയരുന്നു

MyFin Desk

ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചതോടെ ഏലത്തിന് അനുദിനം ഡിമാന്റ് ഉയരുന്നു. ചെറുകിട - വന്‍കിട വ്യാപാര കേന്ദ്രങ്ങളിലും സുഗന്ധറാണിയെ തേടി ആവശ്യകാരെത്തുന്നുണ്ട്. വില്‍പ്പനക്കാർ ഏലക്ക പതിവിലും കൂടുതല്‍ ശേഖരിക്കുകയാണ്. ഉത്സവ ദിനങ്ങള്‍ക്ക് തുടക്കം കുറിച്ചതോടെ സുഗന്ധവ്യഞ്ജന വില്‍പ്പനയില്‍ ഏലക്കയാണ് താരം. ഓണം

വരെയുള്ള ദിവസങ്ങളില്‍ വില്‍പ്പനതോത് വര്‍ദ്ധിക്കുമെന്നാണ് വിപണി വൃത്തങ്ങളുടെ വിലയിരുത്തല്‍. ഉല്‍പാദന മേഖലയില്‍ നടന്ന ലേലത്തില്‍ 96,898 കിലോ ഏലക്ക ഇറങ്ങി. കയറ്റുമതിക്കാരും ഉല്‍പ്പന്നത്തില്‍ താല്‍പര്യം കാണിച്ചു.

കാലവര്‍ഷം വീണ്ടും കനത്തതോടെ റബര്‍ ടാപ്പിങ്ങ് നടക്കാത്തതിനാൽ ഉല്‍പാദകര്‍ രംഗത്ത് നിന്ന് പിന്‍തിരിയാന്‍ നിര്‍ബന്ധിതരായി. മഴ മറ ഒരുക്കിയ തോട്ടങ്ങളില്‍ പോലും പുലര്‍ച്ചെ മുതല്‍ തുടര്‍ന്ന മഴ മൂലം കര്‍ഷകര്‍ റബര്‍ ടാപ്പിംഗില്‍ നിന്ന് വിട്ടു നിന്നു. കൊച്ചി, കോട്ടയം വിപണികളില്‍ ഷീറ്റ് വിലയില്‍ നേരിയ ഉണര്‍വ്. നാലാം ഗ്രേഡ് റബര്‍ കിലോ 190 ല്‍ നിന്ന് 191 രൂപയായി,

അഞ്ചാം ഗ്രേഡ് 187 രൂപയിലാണ്. രാജ്യാന്തര വിപണിയിലെ മാന്ദ്യം തുടരുന്നതിനാല്‍ തിരക്കിട്ടുള്ള റബര്‍ സംഭരണത്തിന് ടയര്‍ നിര്‍മ്മാതാക്കള്‍ തയ്യാറായില്ല. റബര്‍ അവധി വ്യാപാര കേന്ദ്രങ്ങളിലും റബറില്‍ നിക്ഷപ താല്‍പര്യം കുറവായിരുന്നു. ബാങ്കോക്കില്‍ റബര്‍ വില കിലോ 188 രൂപ. നാളികേരോല്‍പ്പന്നങ്ങളുടെ വിലയില്‍ മാറ്റമില്ല.