6 March 2026 10:21 AM IST
ആഗോള ഏലയ്ക്കാ ഉല്പാദനത്തിൻ്റെ പകുതിയില്‍ അധികവും മധ്യ അമേരിക്കന്‍ രാജ്യമായ ഗ്വാട്ടിമാലയില്‍ നിന്നാണ്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനവും കീടബാധയും ഉല്പാദനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു. ഇത് നേട്ടമായതാകട്ടെ ഇന്ത്യയ്ക്കും.
ഗ്വാട്ടിമാലയില്‍ നിന്നുള്ള ഏലത്തിനായിരുന്നു ഗള്‍ഫ് രാജ്യങ്ങളില്‍ കൂടുതല്‍ സ്വീകര്യത. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുന്നു. ഗ്വാട്ടിമാലയില്‍ 40,000 മുതല്‍ 50,000 ടണ്‍ വരെ ഉണ്ടായിരുന്ന ഏലത്തിൻ്റെ ഉല്പാദനം ഈവര്‍ഷം 17,000 ടണ്ണില്‍ കൂടില്ല എന്നാണ് വിലയിരുത്തല്‍. 70 ശതമാനമായിരുന്ന ഗ്വാട്ടിമാലയുടെ ആഗോള ഏലം വിപണി വിഹിതം നേര്‍പകുതിയാകുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഗ്വാട്ടിമാലയ്ക്ക് എന്തുപറ്റി?
കുറഞ്ഞ ഉല്‍പാദന ചെലവും അനുകൂലമായ കയറ്റുമതി നയങ്ങളും ഗ്വാട്ടിമാലയ്ക്ക് ഗുണകരമായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതലാണ് സ്ഥിതിയാകെ മാറി മറിയുന്നത്. എല്‍നിനോ പ്രതിഭാസം മൂലമുള്ള വരള്‍ച്ചയില്‍ ഗ്വാട്ടിമാലയിലെ ഏലത്തോട്ടങ്ങള്‍ പലതും കരിഞ്ഞു. ത്രിപ്‌സ് എന്ന കീടം ഏലക്കായുടെ പുറം തൊലിയുടെ നിറം കെടുത്തിയതോടെ ഗ്വാട്ടിമലയുടെ ഏലക്കയോട് വിപണി പുറം തിരിഞ്ഞു. ഗൾഫ് മേഖല അടക്കമുള്ള വിദേശ രാജ്യങ്ങൾക്ക് ഗ്വാട്ടിമാലയുടെ ഏലക്കായോടുള്ള പ്രിയം കുറഞ്ഞു.
നേട്ടം ഇന്ത്യയ്ക്ക്
ഗ്വാട്ടിമാലയുടെ വീഴ്ച ഇന്ത്യന്‍ ഏലം വിപണിക്ക് നേട്ടമാകും എന്നാണ് വിലയിരുത്തല്‍. ഗ്വാട്ടിമാലയില്‍ നിന്നുള്ള കുറവ് നികത്താന്‍ വിദേശ രാജ്യങ്ങള്‍ക്ക് ഇന്ത്യയെ ആശ്രയിക്കേണ്ടി വരും. ആഗോള വിപണിയിലേക്ക് ഇന്ത്യയില്‍ നിന്ന് കൂടുതല്‍ കയറ്റുമതിക്ക് ഇതു വഴിയൊരുക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി 12,000-14,000 ടണ്‍ ആയി വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍. സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളാണ് ഇന്ത്യന്‍ ഏലക്കായുടെ പ്രധാന ഉപഭോക്താക്കള്‍. ഏലം ഉല്‍പാദനത്തില്‍ ആഗോള തലത്തില്‍ രണ്ടാംസ്ഥാനത്തുള്ള ഇന്ത്യയ്ക്ക് ഒന്നാസ്ഥാനത്തേക്ക് എത്താനുള്ള സുവര്‍ണാവസരമാണിത്. ഇന്ത്യന്‍ ഏലക്കായ്ക്ക് ആഗോള വിപണിയില്‍ പ്രിയമേറുമ്പോള്‍ കേരളത്തിനും അത് ഗുണമാണ്. ഡിമാന്‍ഡ് കൂടിയതോടെ കേരളത്തിലെ ഏലക്കര്‍ഷകര്‍ക്ക് നല്ല വിലയാണ് ഇപ്പോള്‍ ലഭിക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home