19 Dec 2025 11:19 AM IST
ഈ വര്‍ഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിയ ഇലക്ട്രിക് കാറുകളുടെ പട്ടികയില്‍ ടാറ്റ മോട്ടോര്‍സിന്റെ വാഹനങ്ങള്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എം.ജി യുടെ വിന്‍ഡ്സര്‍ ഇ.വിയാണ് ടാറ്റയുടെ ജനപ്രിയ മോഡലുകളായ നക്സണ്‍ ഇ.വിയും പഞ്ച് ഇ.വിയും മറികടന്ന് ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിയ ഇലക്ട്രിക് കാറായി മാറിയത്. ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 43,139 യൂണിറ്റ് വിന്‍ഡ്സര്‍ ഇ.വി വാഹനങ്ങളാണ് എംജി വില്‍പ്പന നടത്തിയത്. അതേസമയം, ടാറ്റ നക്സണ്‍ ഇ.വി 22,878 യൂണിറ്റുകളും, പഞ്ച് ഇ.വി 14,634 യൂണിറ്റുകളും മാത്രമാണ് വില്‍പ്പന നടത്തിയത്. 2020-ല്‍ രാജ്യത്ത് ഇലക്ട്രിക് വാഹന വില്‍പ്പന ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഇത്തരമൊരു മാറ്റം സംഭവിക്കുന്നത്.
വിന്‍ഡ്സര്‍ ഇ.വിയുടെ കുതിപ്പ്
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് വിന്‍ഡ്സര്‍ ഇ.വി ഇന്ത്യന്‍ വിപണിയിലെത്തിയത്. മേയ് വരെയുള്ള കാലയളവില്‍ പ്രതിമാസം ശരാശരി 3,000 യൂണിറ്റുകള്‍ വില്‍പ്പന നടന്നിരുന്നു. പിന്നീട് വില്‍പ്പന 4,000 യൂണിറ്റായി ഉയര്‍ന്നു. സെപ്റ്റംബറില്‍ മാത്രം 4,741 യൂണിറ്റുകള്‍ വിറ്റഴിച്ച് വിന്‍ഡ്സര്‍ ഇ.വി പുതിയ റെക്കോര്‍ഡ് കുറിച്ചു.ആദ്യഘട്ടത്തില്‍ 38 സണവ ബാറ്ററി പാക്കില്‍ 332 കിലോമീറ്റര്‍ റേഞ്ചുള്ള മോഡല്‍ ആയിരുന്നു വിപണിയിലെത്തിയത്. പിന്നീട് 52.9 കെഡബ്ല്യുഎച്ച് ബാറ്ററി പാക്കും 449 കിലോമീറ്റര്‍ റേഞ്ചുമുള്ള പുതിയ പതിപ്പ് അവതരിപ്പിച്ചതോടെയാണ് വിന്‍ഡ്സര്‍ ഇ.വിയുടെ വില്‍പ്പന കുതിച്ചുയര്‍ന്നത്.
ടാറ്റ മോട്ടോര്‍സിൻ്റെ നാലുവര്‍ഷത്തെ ആധിപത്യം
കഴിഞ്ഞ നാല് വര്‍ഷമായി ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ ടാറ്റ മോട്ടോര്സിനായിരുന്നു ആധിപത്യം. 2020-ല്‍ രാജ്യത്ത് വിറ്റ 4,000 ഇലക്ട്രിക് കാറുകളില്‍ 2,600 എണ്ണം നക്സണ്‍ ഇ.വി ആയിരുന്നു. 2021-ല്‍ 9,000 യൂണിറ്റുകളും, 2022-ല്‍ 30,000 യൂണിറ്റുകളും നക്സണ്‍ ഇ.വി വില്‍പ്പന നേടി. തുടര്‍ന്ന് ടിഗോര്‍ ഇ.വി കൂടി വിപണിയിലെത്തിയതോടെ ടാറ്റയുടെ മേല്‍ക്കോയ്മ ശക്തമായി. 2023 ജനുവരിയില്‍ പുറത്തിറങ്ങിയ ടിയാഗോ ഇ.വി നക്സണിനെയും മറികടന്ന് 35,000 യൂണിറ്റുകള്‍ വില്‍പ്പന നടത്തി. അതേ വര്‍ഷം എംജിയുടെ കൊമെറ്റ് ഇ.വി, സിട്രണ്‍ EC3, മഹീന്ദ്ര XUV400, BYD Atto-3 തുടങ്ങിയവയും വിപണിയിലെത്തി. കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഇലക്ട്രിക് വാഹന വില്‍പ്പന ആദ്യമായി ഒരു ലക്ഷം യൂണിറ്റ് കടന്നു. അതേസമയം 22,724 യൂണിറ്റ് വില്‍പ്പന നടത്തി പഞ്ച് ഇ.വി ഒന്നാം സ്ഥാനത്തെത്തിയിരുന്നു.
വിപണിയിലെ സൂചന
വിന്‍ഡ്സര്‍ ഇ.വിയുടെ മുന്നേറ്റം ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ കടുത്ത മത്സരം ആരംഭിച്ചുവെന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. ടാറ്റ മോട്ടോര്‍സിൻ്റെ ഏകാധിപത്യത്തിന് വിള്ളല്‍ വീണതോടെ വരും മാസങ്ങളില്‍ വിപണി കൂടുതല്‍ ചൂടുപിടിക്കുമെന്നാണ് വാഹന വ്യവസായ വിദഗ്ധരുടെ വിലയിരുത്തല്‍.
പഠിക്കാം & സമ്പാദിക്കാം
Home