image

24 Feb 2026 7:35 PM IST

Auto

Toyota Fortuner-പുതിയ ഫോർച്യൂണർ എത്തുന്നു: ടൊയോട്ടയുടെ അടുത്ത നീക്കം

Vidhya N k

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍ പുതുതലമുറ ടൊയോട്ട ഫോര്‍ച്ച്യൂണര്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. അടുത്തിടെ പുറത്തിറങ്ങിയ ടൊയോട്ട ഹൈലക്‌സ് അടിസ്ഥാനമാക്കിയുള്ള മാറ്റങ്ങളാണ് ഫോര്‍ച്യൂണറിലും പ്രതീക്ഷിക്കുന്നത്.

പുതുക്കിയ ഡിസൈന്‍ ഭാഷ

പുതിയ മോഡലിൻ്റെ മുന്‍വശത്ത് 2026 ഹിലക്‌സില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനാണ്. ഹണികോംബ് പാറ്റേണിലുള്ള ലംബ ഫ്രണ്ട് ഗ്രില്‍, ആംഗിള്‍ഡ് എയര്‍ ഇന്‍ടേക്കുകള്‍, സ്ലീക്ക് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ എന്നിവ ശ്രദ്ധേയമാണ്. പിന്നില്‍ പുനര്‍രൂപകല്‍പ്പന ചെയ്ത ടെയില്‍ഗേറ്റും ബമ്പറും, ലൈറ്റ് ബാറിലൂടെ ബന്ധിപ്പിച്ച എല്‍ഇഡി ടെയില്‍ലാമ്പുകളും ഉള്‍പ്പെടും. അല്പം ചരിഞ്ഞ മേല്‍ക്കൂരയും പുതിയ ഷാര്‍ക്ക്-ഫിന്‍ ആന്റിനയും ഡിസൈനില്‍ മാറ്റം വരുത്തും.

പുതിയ ഫോര്‍ച്യൂണര്‍ ഹൈലക്‌സിൻ്റെ ഐഎംവി പ്ലാറ്റ്‌ഫോമിലാണ് നിര്‍മ്മിക്കുന്നത്. ഹൈഡ്രജന്‍, ഹൈബ്രിഡ്, ബാറ്ററി ഇലക്ട്രിക് ഓപ്ഷനുകള്‍ക്ക് പിന്തുണ നല്‍കുന്ന രീതിയില്‍ പ്ലാറ്റ്‌ഫോം നവീകരിച്ചിട്ടുണ്ട്. എങ്കിലും, ഫോര്‍ച്യൂണറിന്റെ പൂര്‍ണ ഇലക്ട്രിക് പതിപ്പ് സംബന്ധിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. നിലവില്‍ 2.7 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും 2.8 ലിറ്റര്‍ മൈല്‍ഡ്-ഹൈബ്രിഡ് ഡീസല്‍ എഞ്ചിനുമാണ് ലഭ്യമാകുന്നത്. പെട്രോള്‍ എഞ്ചിന്‍ 165 ബിഎച്ച്പിയും 245 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുമ്പോള്‍, ഡീസല്‍ എഞ്ചിന്‍ 203 ബിഎച്ച്പിയും 500 എന്‍എം വരെ ടോര്‍ക്കും നല്‍കുന്നു. 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഗിയര്‍ബോക്‌സ് ഓപ്ഷനുകളും ലഭ്യമാണ്.

ഇൻ്റീരിയറില്‍ സാങ്കേതിക നവീകരണം

ഇന്റീരിയറില്‍ 12.3 ഇഞ്ച് വലുപ്പമുള്ള രണ്ട് സ്‌ക്രീനുകള്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട് - ഒന്ന് ഡിജിറ്റല്‍ ഇന്‍സ്ട്രുമെൻ്റ് ക്ലസ്റ്ററിനും മറ്റൊന്ന് ഇന്‍ഫോടെയിന്‍മെൻ്റ് സംവിധാനത്തിനും. വയര്‍ലെസ് ചാര്‍ജിംഗ്, വെന്റിലേറ്റഡ്-പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, ഓട്ടോ എസി, അഡാസ്, 360-ഡിഗ്രി ക്യാമറ തുടങ്ങിയ ആധുനിക സവിശേഷതകളും പുതിയ മോഡലില്‍ പ്രതീക്ഷിക്കുന്നു.