5 March 2026 10:13 PM IST
ഹൈ-പ്രീമിയം ഇലക്ട്രിക് വാഹന വിപണിയിൽ ശക്തമായ സാന്നിധ്യം ഉറപ്പാക്കാൻ ടാറ്റ മോട്ടോഴ്സ് പുതിയ ആഡംബര ബ്രാൻഡ് ‘അവിന്യ’ 2027-ൽ വിപണിയിലെത്തിക്കാൻ ഒരുങ്ങുന്നു. ഹൈ-എൻഡ് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പ്രത്യേക ഷോറൂമുകളും സർവീസ് സെന്ററുകളും ഒരുക്കാനുള്ള പദ്ധതിയും കമ്പനി പ്രഖ്യാപിച്ചു.
ആദ്യ മോഡൽ
പ്രൊഡക്ഷൻ-റെഡി പതിപ്പായ ‘അവിന്യ എക്സ്’ ആയിരിക്കും ഈ ബ്രാൻഡിന്റെ ആദ്യ മോഡൽ. ടാറ്റയുടെ നിലവിലെ ഐസിഇയും ഇലക്ട്രിക് വാഹന ശ്രേണികളിൽ നിന്ന് വ്യത്യസ്തമായ ഡിസൈൻ തന്ത്രം അവിന്യയിലും പിന്തുടരുമെന്ന് കമ്പനി വ്യക്തമാക്കി. തുടക്കത്തിൽ പ്രീമിയം ലൊക്കേഷനുകളിലും ടയർ-1, ടയർ-2 നഗരങ്ങളിലുമാകും പ്രത്യേക ഷോറൂമുകൾ തുടങ്ങുക.
പ്രീമിയം വിഭാഗത്തിലേക്ക് പ്രവേശനം
വില നോക്കിയാൽ ഹാരിയർ ഇവിയേക്കാൾ ഉയർന്ന ശ്രേണിയിലായിരിക്കും അവിന്യ എത്തുക. ഇതോടെ സ്‌കോഡ, ടൊയോട്ട, ബിവൈഡി, ഫോക്‌സ്വാഗൺ തുടങ്ങിയ ബ്രാൻഡുകളുമായി മത്സരം നടത്തുന്നതിനൊപ്പം മെഴ്സിഡസ്, ജീപ്പ്, ബിഎംഡബ്ല്യു, ഓഡി പോലുള്ള ആഡംബര വാഹനങ്ങളോടും നേരിട്ടുള്ള മത്സരമാണ് ലക്ഷ്യമിടുന്നത്. ഉയർന്ന മാർജിനും കുറഞ്ഞ വോളിയം വിൽപ്പനയുമുള്ള പ്രീമിയം വിഭാഗത്തിലേക്കാണ് ടാറ്റയുടെ പ്രവേശനം.
സവിശേഷതകൾ
‘ടി’ ലൈറ്റ് സിഗ്‌നേച്ചർ, ബട്ടർഫ്ലൈ ഡോറുകൾ, കറങ്ങുന്ന ഫ്രണ്ട് സീറ്റുകൾ, മുൻവശത്തെ വലിയ ബ്ലാക്ക് പാനൽ, എൽഇഡി ഡിആർഎൽ, വലിയ അലോയ് വീലുകൾ, വിശാല എൻട്രി-എക്‌സിറ്റ് ഡോറുകൾ, പിന്നിൽ സ്ലീക്ക് എൽഇഡി സ്ട്രിപ്പ് സ്പോയിലർ തുടങ്ങിയ ആകർഷക ഡിസൈൻ ഘടകങ്ങളാണ് അവിന്യയിൽ ഉൾക്കൊള്ളുന്നത്. ബീജ്-ബ്രൗൺ നിറത്തിലുള്ള ഇന്റീരിയർ കൂടുതൽ ഇടവും ഉയർന്ന സുരക്ഷയും നൽകുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
അത്യാധുനിക ടെക്‌നോളജി
വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, പ്രത്യേക രൂപത്തിലുള്ള സ്റ്റിയറിംഗ് വീൽ, പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, അരോമ ഡിഫ്യൂസർ, റിവോൾവിംഗ് ഫ്രണ്ട് സീറ്റുകൾ, പനോരാമിക് സൺറൂഫ് തുടങ്ങിയ കണക്റ്റിവിറ്റി സവിശേഷതകളും വാഹനത്തിൽ ലഭ്യമാകും.
പൂർണ്ണ ചാർജിൽ ഏകദേശം 500 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന ശേഷിയോടെയാണ് അവിന്യ വിപണിയിലെത്തുക. ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിലെ പ്രീമിയം വിഭാഗത്തിൽ ശക്തമായ സാന്നിധ്യം ഉറപ്പാക്കാനാണ് ടാറ്റ മോട്ടോഴ്സിൻ്റെ ലക്ഷ്യം.
പഠിക്കാം & സമ്പാദിക്കാം
Home