23 Feb 2026 2:34 PM IST
ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കില്‍ 590 കോടിയുടെ തട്ടിപ്പ്; തിരിമറി ഹരിയാന സര്‍ക്കാറുമായി ബന്ധപ്പെട്ട അക്കൗണ്ടുകളില്‍
MyFin Desk
ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കില്‍ ഹരിയാന സര്‍ക്കാര്‍ നടത്തിയ നിക്ഷേപത്തില്‍ തിരിമറി നടന്നതായി കണ്ടെത്തി. ബാങ്കിന്റെ ഛണ്ഡിഗഢ് ബ്രാഞ്ചില്‍ 590 കോടി രൂപയുടെ തട്ടിപ്പാണ് നടന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
അതേസമയം, കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ എത്ര കോടി രൂപയുടെ തട്ടിപ്പാണെന്നത് സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂവെന്ന് ബാങ്ക് വ്യക്തമാക്കി. ഞായറാഴ്ചയാണ് തട്ടിപ്പ് നടന്നുവെന്ന വിവരം ബാങ്ക് പുറത്തുവിട്ടത്. വിവരം ആര്‍ബിഐയെ അറിയിച്ചുവെന്നും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ബാങ്ക് റെഗുലേറ്ററി ഫയലിങ്ങില്‍ അറിയിച്ചു.
സര്‍ക്കാരിന് വേണ്ടി ചണ്ഡീഗഢ് ബ്രാഞ്ചില്‍ സൂക്ഷിച്ചിരുന്ന നിക്ഷേപങ്ങളില്‍ ബാങ്ക് ജീവനക്കാര്‍ തിരിമറി നടത്തിയെന്നാണ് ഫസ്റ്റ് ബാങ്ക് അറിയിച്ചിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് നാല് ജീവനക്കാരെ ബാങ്ക് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ഒരു സ്വതന്ത്ര ഏജന്‍സിയെ ഫോറന്‍സിക് ഓഡിറ്റിനായി നിയോഗിക്കാനുള്ള നടപടികള്‍ ബാങ്ക് ആരംഭിച്ചിട്ടുണ്ട്. കൂടാതെ സംശയാസ്പദമായ അക്കൗണ്ടുകളിലെ പണം മരവിപ്പിക്കാന്‍ ബന്ധപ്പെട്ട മറ്റ് ബാങ്കുകളോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഹരിയാന സര്‍ക്കാറിന് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കില്‍ നിരവധി അക്കൗണ്ടുകളുണ്ട്. ഇത് ക്ലോസ് ചെയ്ത് മറ്റൊരു ബാങ്കിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ അപേക്ഷ നല്‍കി. പണം മാറ്റാന്‍ നോക്കുന്നതിനിടെയാണ് പണം നഷ്ടമായ വിവരം അറിയുന്നത്.
സാമ്പത്തിക ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, എയു സ്മോൾ ഫിനാൻസ് ബാങ്ക് തുടങ്ങിയ സ്വകാര്യ ബാങ്കുകളിൽ നിന്നുള്ള നിക്ഷേപങ്ങൾ പിൻവലിക്കാനും പൊതുമേഖലാ ബാങ്കുകളിലേക്ക് മാറ്റാനും ഹരിയാന സർക്കാർ എല്ലാ വകുപ്പുകൾക്കും ബോർഡുകൾക്കും സർവകലാശാലകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇനിമുതൽ സ്വകാര്യ ബാങ്കുകളിൽ അക്കൗണ്ട് തുടങ്ങുന്നതിന് ധനകാര്യ വകുപ്പിന്റെ മുൻകൂർ അനുമതി ആവശ്യമാണ്.
പഠിക്കാം & സമ്പാദിക്കാം
Home