image

8 Oct 2025 11:54 AM IST

India

ഇളകുമോ ടാറ്റ സാമ്രാജ്യം? ടാറ്റ ​ഗ്രൂപ്പിലെ തുറന്ന പോരിൻ്റെ തുടക്കം ഇങ്ങനെ

MyFin Desk

ഇളകുമോ ടാറ്റ സാമ്രാജ്യം? ടാറ്റ ​ഗ്രൂപ്പിലെ തുറന്ന പോരിൻ്റെ തുടക്കം ഇങ്ങനെ
X

Summary

രാജ്യത്തെ ഏറ്റവും പഴക്കമുള്ള ബിസിനസ് ​ഗ്രൂപ്പുകളിലൊന്ന്. ടാറ്റ ​ഗ്രൂപ്പിലെ തർക്കം എന്താണ്?


രാജ്യത്തെ പരമ്പരാഗത ബിസിനസ് ഗ്രൂപ്പായ ടാറ്റ ​ഗ്രൂപ്പിലെ തുറന്ന പോര് ചർച്ചയാകുകയാണ്. പ്രശ്ന പരിഹാരത്തിന് ടാറ്റ ​ഗ്രൂപ്പ് പ്രതിനിധികൾ കേന്ദ്ര സർക്കാരിനെ സമീപിച്ചത് ടാറ്റ ട്രസ്റ്റിലെ ഭിന്നതകളുടെ മറ കൂടുതൽ നീങ്ങാൻ കാരണമായി. കേന്ദ്ര മന്ത്രിമാരായ അമിത് ഷായേയും ധനമന്ത്രി നിർമലാ സീതാരാമനെയുമാണ് ടാറ്റ പ്രതിനിധികൾ കണ്ടത്. ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരനും ടാറ്റ ട്രസ്റ്റ് ചെയർമാൻ നോയൽ ടാറ്റ, വൈസ് ചെയർമാൻ വേണു ശ്രീനിവാസൻ എന്നിവർക്കൊപ്പം മന്ത്രിമാരുമായി ചർച്ച നടത്തിയിരുന്നു.

ടാറ്റ ട്രസ്റ്റിനാണ് ടാറ്റ ​ഗ്രൂപ്പുകളുടെ പാരൻ്റ് കമ്പനിയായ ടാറ്റ സൺസിൽ ഭൂരിപക്ഷ ഓഹരികൾ ഉള്ളത്. ടാറ്റ ട്രസ്റ്റിലെ ഭിന്നത ടാറ്റ ​സൺസിൻ്റെയും മറ്റ് ​ഗ്രൂപ്പ് കമ്പനികളുടെയും പ്രവ‍ർത്തനങ്ങളെ ബാധിക്കുന്നതായുള്ള സൂചനയുണ്ട്. ടാറ്റ ​ഗ്രൂപ്പ് കമ്പനികളെ നയിക്കുന്നത് ടാറ്റ ട്രസ്റ്റാണ്. എന്നാൽ ജീവകാരുണ്യ ട്രസ്റ്റായി രജിസ്റ്റർ ചെയ്തിരിക്കുന്ന ട്രസ്റ്റിന് ടാറ്റ ​ഗ്രൂപ്പ് കമ്പനികളെ എങ്ങനെ നയിക്കാനാകുമെന്ന ഒരു ആശയക്കുഴപ്പം നേരത്തെ തന്നെ നിലനിന്നിരുന്നു. ടാറ്റയുടെ മരണ ശേഷം ട്രസ്റ്റിൻ്റെ ചുമതലയേറ്റ നോയൽ ടാറ്റയുടെ ചില നിലപാടുകളും ഡയറക്ർ ബോർഡ് അം​ഗങ്ങൾക്കിടയിൽ തർക്ക വിഷയമായിരുന്നു.

പോരിൻ്റെ തുടക്കം എങ്ങനെ?

ടാറ്റ ഗ്രൂപ്പിന്റെ നേതൃ രം​ഗത്ത് നേരത്തെ മുതൽ പിളർപ്പുണ്ട്. രണ്ട് ചേരിയാണുള്ളതെന്നാണ് സൂചനകൾ. ഒന്ന് നോയൽ ടാറ്റയുമായി ചേർന്ന് നിൽക്കുന്ന വിഭാ​ഗമാണ്. മറ്റൊന്ന് ടാറ്റയുടെ മറ്റൊരു അർദ്ധ സ​ഹോദരനായ മൊഹ്‌ലി മിസ്ട്രിയുമായി ചേർന്ന് നിൽക്കുന്ന വിഭാ​ഗവും. ടാറ്റ സൺസ് എടുത്ത നിരവധി തന്ത്രപരമായ തീരുമാനങ്ങളിൽ നിന്ന് മിസ്ട്രി വിഭാഗം ഒഴിവാക്കപ്പെടുന്നതായി തുടക്കം മുതൽ തന്നെ ആക്ഷേപം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഡയറക്ടർ ബോർഡ് അം​ഗങ്ങളുടെ പ്രായപരിധിയിലെ നയം മാറ്റം ഉൾപ്പെടെയുള്ള പുതിയ തർക്കങ്ങൾ ഉടലെടുത്തത്.

ഈ പ്രശ്നത്തിൽ സർക്കാർ എന്ത് നയം സ്വീകരിക്കും എന്നത് ശ്രദ്ധേയമാകും. സ്വകാര്യ കമ്പനികളുടെ ഭരണപരമായ തർക്കങ്ങളിൽ സർക്കാരുകൾ ഇടപെടാറില്ല എന്നതും ടാറ്റ ​ഗ്രൂപ്പിലെ തുറന്ന പോര് വ്യത്യസ്തമാക്കുന്നു.