image

17 March 2026 10:34 AM IST

Business and Trade

വെനിസ്വേല ഇനി അമേരിക്കയുടെ 51-ാം സംസ്ഥാനമോ? ട്രംപിന്റെ ഞെട്ടിക്കുന്ന പ്രഖ്യാപനം; ആഗോള എണ്ണ വിപണിയിൽ വൻ ചലനങ്ങൾ

MyFin Desk

അമേരിക്കയുടെ അന്‍പത്തിയൊന്നാം സംസ്ഥാനമായി വെനിസ്വേല മാറുമോ? ലോകത്തെ ഞെട്ടിച്ചുകൊണ്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉയര്‍ത്തിയ ചോദ്യമാണിത്. വെറുമൊരു തമാശയല്ല, മറിച്ച് ആഗോള എണ്ണ വിപണിയെയും ഭൗമരാഷ്ട്രീയത്തെയും മാറ്റിമറിക്കാനുള്ള ഒരു വന്‍ നീക്കത്തിന്റെ സൂചനയാണ്. എന്താണ് വെനിസ്വേലയില്‍ സംഭവിക്കുന്നത്?

വേള്‍ഡ് ബേസ്‌ബോള്‍ ക്ലാസിക് സെമിഫൈനലില്‍ ഇറ്റലിയെ വെനിസ്വേല പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലൂടെ ട്രംപ് ഈ വിവാദ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. സ്റ്റേറ്റ്ഹുഡ്, നമ്പര്‍ 51, ആര്‍ക്കെങ്കിലും താല്‍പ്പര്യമുണ്ടോ? എന്നായിരുന്നു ട്രംപിന്റെ ചോദ്യം. അതായത് വെനിസ്വേലയെ അമേരിക്കയുടെ 51-ാം സംസ്ഥാനമായി മാറ്റാന്‍ താല്‍പ്പര്യമുണ്ടോ എന്നാണ് ട്രംപ് ചോദിച്ചത്.നേരത്തെ കാനഡയെയും ഗ്രീന്‍ലാന്‍ഡിനെയും ലക്ഷ്യം വെച്ചിരുന്ന ട്രംപ്, ഇതാദ്യമായാണ് സ്റ്റേറ്റ്ഹുഡ്' അഥവാ സംസ്ഥാന പദവി എന്ന വാക്ക് വെനിസ്വേലയുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്നത്. ഈ പ്രസ്താവനയ്ക്ക് പിന്നില്‍ വ്യക്തമായ ചില രാഷ്ട്രീയ നീക്കങ്ങളുണ്ട്. വെറും രണ്ട് മാസം മുന്‍പ്, ജനുവരി 3-ന് അമേരിക്ക നടത്തിയ'ഓപ്പറേഷന്‍ അബ്‌സല്യൂട്ട് റിസോള്‍വ് എന്ന സൈനിക നീക്കത്തിലൂടെ വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടി ന്യൂയോര്‍ക്കിലെത്തിച്ചിരുന്നു. മയക്കുമരുന്ന് കടത്ത് ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് അദ്ദേഹത്തിന് മേല്‍ ചുമത്തിയിരിക്കുന്നത്. നിലവില്‍ വെനിസ്വേലയുടെ ഭരണം നിയന്ത്രിക്കുന്നത് വൈറ്റ് ഹൗസാണ്.

താല്‍പര്യത്തിന് പിന്നില്‍?

എന്തുകൊണ്ടാണ് അമേരിക്കയ്ക്ക് വെനിസ്വേലയില്‍ ഇത്ര താല്‍പ്പര്യമെന്ന ചോദ്യത്തിന് ട്രംപ് തന്നെ മറുപടി നല്‍കിക്കഴിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ നിക്ഷേപമുള്ള രാജ്യമാണ് വെനിസ്വേല. ഞങ്ങള്‍ അവിടുത്തെ എണ്ണ തിരിച്ചുപിടിക്കാന്‍ പോകുകയാണ് എന്നാണ് ട്രംപ് പരസ്യമായി പ്രഖ്യാപിച്ചത്. അമേരിക്കന്‍ എണ്ണക്കമ്പനികള്‍ അവിടെ കോടിക്കണക്കിന് ഡോളര്‍ നിക്ഷേപിക്കുമെന്നും ഭൂമിക്കടിയിലെ വന്‍ സമ്പത്ത് പുറത്തെടുക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു.

ജനാധിപത്യം പുനഃസ്ഥാപിക്കാല്‍ എങ്ങോട്ട്?

ഇതൊരു അധിനിവേശമാണോ അതോ സാമ്പത്തിക ഏകീകരണമാണോ എന്ന ചര്‍ച്ചകള്‍ ആഗോള വിപണിയില്‍ സജീവമാണ്. വെനിസ്വേലയുടെ എണ്ണ വില്‍പനയും വരുമാനവും ഇപ്പോള്‍ അമേരിക്കയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. ഇത് വരും ദിവസങ്ങളില്‍ അന്താരാഷ്ട്ര എണ്ണവിലയിലും ഓഹരി വിപണിയിലും വലിയ ചലനങ്ങള്‍ ഉണ്ടാക്കുമെന്നുറപ്പാണ്. ജനാധിപത്യം പുനഃസ്ഥാപിക്കാനെന്ന പേരില്‍ തുടങ്ങിയ നീക്കം ഇപ്പോള്‍ ഒരു രാജ്യം തന്നെ ഏറ്റെടുക്കുന്നതിലേക്ക് നീങ്ങുകയാണ്.