image

3 Jun 2022 2:05 PM IST

Stock Market Updates

അവസാനഘട്ട ലാഭമെടുപ്പിൽ സെൻസെക്സും, നിഫ്റ്റിയും നേരിയ നഷ്ടത്തിൽ

Bijith R

Stock Market Bear
X

Summary

​വ്യാപാരത്തിന്റെ ഭൂരിഭാഗം സമയവും മികച്ച നേട്ടത്തിലായിരുന്ന വിപണി അവസാന നിമിഷങ്ങളിൽ നേരിയ നഷ്ടം നേരിട്ടു. ആരംഭത്തിൽ ഉയർന്ന നിഫ്റ്റി 16,700 കടന്നുവെങ്കിലും പിന്നീട് നേരിയ തോതിൽ നഷ്ടം രേഖപ്പെടുത്തി. ഒപെക് ക്രൂഡ് ഓയിൽ ഉത്പാദനം കൂട്ടുമെന്ന തീരുമാനം അറിയിച്ചതോടെ നിക്ഷേപകരിൽ അന്താരാഷ്ട്ര വിപണിയിലെ ഡിമാൻഡ്-സപ്ലൈ അന്തരത്തിൽ ഉണ്ടായ ആശങ്കകൾ ദൂരീകരിച്ചു. ഇത് ആഗോള വിപണികൾ ഉയരാൻ കാരണമായി. എങ്കിലും ഉയർന്ന ലെവലിൽ ലാഭം ബുക്ക് ചെയ്യാൻ ശ്രമിച്ചതിനു പിന്നാലെ നിഫ്റ്റിയും സെൻസെക്സും നഷ്ടത്തിലേക്കു വീണു. സെൻസെക്സ് ഇന്ന് […]


​വ്യാപാരത്തിന്റെ ഭൂരിഭാഗം സമയവും മികച്ച നേട്ടത്തിലായിരുന്ന വിപണി അവസാന നിമിഷങ്ങളിൽ നേരിയ നഷ്ടം നേരിട്ടു. ആരംഭത്തിൽ ഉയർന്ന നിഫ്റ്റി 16,700 കടന്നുവെങ്കിലും പിന്നീട് നേരിയ തോതിൽ നഷ്ടം രേഖപ്പെടുത്തി. ഒപെക് ക്രൂഡ് ഓയിൽ ഉത്പാദനം കൂട്ടുമെന്ന തീരുമാനം അറിയിച്ചതോടെ നിക്ഷേപകരിൽ അന്താരാഷ്ട്ര വിപണിയിലെ ഡിമാൻഡ്-സപ്ലൈ അന്തരത്തിൽ ഉണ്ടായ ആശങ്കകൾ ദൂരീകരിച്ചു. ഇത് ആഗോള വിപണികൾ ഉയരാൻ കാരണമായി. എങ്കിലും ഉയർന്ന ലെവലിൽ ലാഭം ബുക്ക് ചെയ്യാൻ ശ്രമിച്ചതിനു പിന്നാലെ നിഫ്റ്റിയും സെൻസെക്സും നഷ്ടത്തിലേക്കു വീണു.

സെൻസെക്സ് ഇന്ന് 56,432.65 വരെ എത്തിയെങ്കിലും 48.88 പോയിന്റ് (0.09 ശതമാനം) താഴ്ന്ന് 55,769.23 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 16,793 വരെ എത്തിയെങ്കിലും 43.70 പോയിന്റ് (0.26 ശതമാനം) താഴ്ന്ന് 16,584 ലും വ്യാപാരം അവസാനിപ്പിച്ചു. അടുത്തയാഴ്ച നടക്കാനിരിക്കുന്ന ആർബിഐ യുടെ പണനയ മീറ്റിംഗിന് മുന്നോടിയായി പലിശ നിരക്ക് നേരിട്ട് ബാധിക്കുന്ന ബാങ്കുകൾ, ഓട്ടോമൊബൈൽ, റിയൽറ്റി എന്നീ മേഖലകളിലെ ഓഹരികളിൽ വൻ തോതിലുള്ള ലാഭമെടുപ്പ് നടന്നു. കൂടാതെ, ലാഭം കുറയുമെന്ന ഭീതിയിൽ സിമന്റ് മേഖലയിലെ ഓഹരികളും വില്പന സമ്മർദ്ദം നേരിട്ടു.

ധനകാര്യ മേഖലയിലെ ഓഹരികളായ ആക്സിസ് ബാങ്ക്, ബജാജ് ഫിൻസെർവ് , ഇൻഡസ്ഇൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ യഥാക്രമം 2.18 ശതമാനവും, 2.09 ശതമാനവും, 1.97 ശതമാനവും, 0.85 ശതമാനവും കുറഞ്ഞപ്പോൾ എസ്ബിഐ 1.16 ശതമാനം കുറഞ്ഞു. ഓട്ടോമൊബൈൽ മേഖലയിലെ പ്രധാന ഓഹരികളായ മാരുതി 2.71 ശതമാനവും, എം &എം 1.49 ശതമാനവും ഇടിവു രേഖപ്പെടുത്തി.

"ജൂണിലെ മീറ്റിംഗിൽ ആർബിഐ പലിശ നിരക്ക് 25-40 ബേസിസ് പോയിന്റ് വർധിപ്പിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ പണപ്പെരുപ്പം ഉയർന്നു എന്നതിൽ യാതൊരു സംശയവും ഇല്ല. ഇതിൽ ആഗോള സംഘർഷങ്ങൾ വലിയൊരു സ്വാധീനം ചെലുത്തിയിട്ടുണ്ട്. 2022 സാമ്പത്തിക വർഷത്തിൽ ജിഡിപി വളർച്ച 8.7 ശതമാനമാണ് രേഖപ്പെടുത്തിയത്. ഇത് 'ലോ ബേയ്സി'ൽ ഉണ്ടായതാണ്. ആഭ്യന്തര ഡിമാൻഡ് ഇപ്പോഴും ദുർബലമാണ്. കൂടാതെ, ഉയർന്ന പണപ്പെരുപ്പം വാങ്ങൽ ശേഷിയെ തളർത്തുന്നുണ്ട്. അതിനാൽ ആർബിഐ വലിയതോതിൽ നിരക്ക് വർധിപ്പിക്കാനുള്ള സാധ്യത കാണുന്നില്ല," ശ്രീറാം ട്രാൻസ്‌പോർട്ട് ഫിനാൻസിന്റെ വൈസ് ചെയർമാനും എം ഡി യുമായ ഉമേഷ് രേവങ്കർ പറഞ്ഞു.

ബിഎസ്ഇ യിൽ ഇന്നു വ്യാപാരത്തിനെത്തിയ ഓഹരികളിൽ 1,969 എണ്ണം നഷ്ടത്തിൽ അവസാനിച്ചപ്പോൾ 1,367 എണ്ണം ലാഭത്തിലായി. ചെറുകിട-ഇടത്തരം ഓഹരികളിൽ വൻ ഇടിവ് രേഖപ്പെടുത്തി. ബിഎസ്ഇ സ്മാൾ ക്യാപ്-മിഡ് ക്യാപ് സൂചികകൾ യഥാക്രമം 1.16 ശതമാനവും, 1.45 ശതമാനവും നഷ്ടം രേഖപ്പെടുത്തി.

"കേന്ദ്ര ബാങ്ക് പുറപ്പെടുവിക്കാനിരിക്കുന്ന നയത്തെക്കുറിച്ചുള്ള ആശങ്കകളാണ് വിപണിയിൽ ഇന്ന് നടന്ന വിറ്റഴിക്കൽ സൂചിപ്പിച്ചത്. ആഗോള വിപണിയിലാവട്ടെ, യുഎസ് പുറത്തുവിടാനിരിക്കുന്ന തൊഴിൽ കണക്കുകളെയാണ് ഉറ്റു നോക്കുന്നത്. ആർബിഐ പലിശ നിരക്ക് 25 മുതൽ 35 ബേസിസ് പോയിന്റ് വരെ ഉയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫെഡ് 50 ബേസിസ് പോയിന്റ് ഉയർത്തുമെന്നും. എങ്കിലും, സമ്പദ് വ്യവസ്ഥയുടെ മൊത്തത്തിലുള്ള വളർച്ചയും, പണപ്പെരുപ്പവുമായിരിക്കും വിപണിയുടെ ഗതി നിർണയിക്കുന്നത്. കേന്ദ്ര ബാങ്കുകൾ നയം കർശനമാക്കുകയാണങ്കിൽ വിപണി 'ബെയറിഷ് ട്രെൻഡി'ലേക്ക് കൂപ്പുകുത്തും," ജിയോജിത് ഫിനാൻഷ്യൽ സർവ്വീസസിന്റെ റിസേർച്ച് ഹെഡ് വിനോദ് നായർ പറഞ്ഞു.