image

11 July 2022 1:29 PM IST

Stock Market Updates

ഐടി ഓഹരികളുടെ വീഴ്ച വിപണിയുടെ മുന്നേറ്റം തടഞ്ഞു

Bijith R

ഐടി ഓഹരികളുടെ വീഴ്ച വിപണിയുടെ മുന്നേറ്റം തടഞ്ഞു
X

Summary

ആഴ്ചയുടെ ആരംഭത്തിൽ വിപണി താഴ്ന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത ടിസിഎസ്സിന്റെ ജൂൺപാദ ഫലം ഐടി ഓഹരികളിൽ വൻ വിറ്റഴിക്കലിന് കാരണമായി. ഇത് വിപണിയെ തളർത്തിയെങ്കിലും ഓട്ടോമൊബൈൽ, എഫ്എംസിജി, ഓയിൽ ആൻഡ് ഗ്യാസ് ഓഹരികളിലുണ്ടായ വാങ്ങലുകൾ ഒരു പരിധി വരെ വിപണി തിരിച്ചു വരുന്നതിനു സഹായിച്ചു. സെൻസെക്സ് 86.61 പോയിന്റ് താഴ്ന്നു (0.16 ശതമാനം) 54,395.23 ൽ അവസാനിച്ചപ്പോൾ, നിഫ്റ്റി 4.60 പോയിന്റ് (0.03 ശതമാനം) താഴ്ന്നു 16,216 ലും ക്ലോസ് ചെയ്തു. ബിഎസ്ഇ യുടെ […]


ആഴ്ചയുടെ ആരംഭത്തിൽ വിപണി താഴ്ന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത ടിസിഎസ്സിന്റെ ജൂൺപാദ ഫലം ഐടി ഓഹരികളിൽ വൻ വിറ്റഴിക്കലിന് കാരണമായി. ഇത് വിപണിയെ തളർത്തിയെങ്കിലും ഓട്ടോമൊബൈൽ, എഫ്എംസിജി, ഓയിൽ ആൻഡ് ഗ്യാസ് ഓഹരികളിലുണ്ടായ വാങ്ങലുകൾ ഒരു പരിധി വരെ വിപണി തിരിച്ചു വരുന്നതിനു സഹായിച്ചു.

സെൻസെക്സ് 86.61 പോയിന്റ് താഴ്ന്നു (0.16 ശതമാനം) 54,395.23 ൽ അവസാനിച്ചപ്പോൾ, നിഫ്റ്റി 4.60 പോയിന്റ് (0.03 ശതമാനം) താഴ്ന്നു 16,216 ലും ക്ലോസ് ചെയ്തു.

ബിഎസ്ഇ യുടെ സെക്ടറൽ സൂചികകളിൽ ബിഎസ്ഇ ടെക്ക് ഇൻഡക്സ് 3.08 ശതമാനം ഇടിവോടെ ഏറ്റവും വലിയ നഷ്ടം രേഖപ്പെടുത്തി. ടിസിഎസ്സിന്റെ പാദഫലം ഐടി ഓഹരികളിൽ വൻ തോതിലുള്ള ലാഭമെടുപ്പിന് കാരണമായതിനാലാണ് നഷ്ടമുണ്ടായത്. ടിസിഎസ്സിന്റെ ഓഹരികൾ 4.64 ശതമാനം ഇടിഞ്ഞു. ഈയാഴ്ച ഫലങ്ങൾ പുറത്തു വിടാനിരിക്കുന്ന എച്ച്സിഎൽ ടെക് 4.10 ശതമാനവും, ഇൻഫോസിസ്, വിപ്രോ, മൈൻഡ് ട്രീ, ടെക് മഹിന്ദ്ര എന്നിവ യഥാക്രമം 2.72 ശതമാനവും, 1.91 ശതമാനവും, 2.68 ശതമാനവും, 1.83 ശതമാനവും നഷ്ടം രേഖപ്പെടുത്തി.

"ആഭ്യന്തര വിപണി ഇപ്പോൾ ത്രൈമാസ ഫലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ, ദുർബലമായ ഐടി വരുമാനക്കണക്ക് നിരാശയുണ്ടാക്കിയിട്ടുണ്ട്. എങ്കിലും ബാങ്കിങ്, മെറ്റൽ, ഊർജ്ജ ഓഹരികളിലെ നേട്ടം മൂലം തിരിച്ചു വന്ന വിപണി മാറ്റമില്ലാതെ അവസാനിച്ചു. നാളെ വരാനിക്കാനിരിക്കുന്ന ജൂണിലെ പണപ്പെരുപ്പ നിരക്ക്, മെയ് മാസത്തിലെ 7.04 ശതമാനത്തിനോടടുപ്പിച്ച് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ബുധനാഴ്ച വരാനിക്കാനിരിക്കുന്ന യുഎസിലെ പണപ്പെരുപ്പ നിരക്ക് മെയ് മാസത്തിലെ 8.6 ശതമാനത്തിൽ നിന്ന് വീണ്ടും വർധിക്കാനാണ് സാധ്യത," ജിയോജിത്ത് ഫിനാൻഷ്യൽ സർവ്വീസസ് റിസർച്ച് ഹെഡ് വിനോദ് നായർ പറഞ്ഞു.

സെൻസെക്സിലെ പ്രധാന ഓഹരികളിൽ, ടാറ്റ സ്റ്റീൽ 3.04 ശതമാനം നേട്ടമുണ്ടാക്കി. എം ആൻഡ് എം 2.86 ശതമാനവും, ഡോ റെഡ്‌ഡീസ് 2.25 ശതമാനവും, ഐസിഐസിഐ ബാങ്ക് 1.83 ശതമാനവും, ഏഷ്യൻ പെയിന്റ് 1.80 ശതമാനവും ഉയർന്നു. വിപണിയിൽ ഇന്ന് വ്യാപാരത്തിനെത്തിയ ഓഹരികളിൽ 2,096 എണ്ണം ലാഭത്തിലായപ്പോൾ, 1,328 എണ്ണം നഷ്ടത്തിലായി.