13 July 2022 1:56 PM IST
Summary
വ്യാപാരത്തിന്റെ തുടക്കത്തിൽ നേട്ടമുണ്ടാക്കിയ വിപണി, രണ്ടാം ഘട്ടത്തിൽ നഷ്ടത്തിൽ അവസാനിച്ചു. വരാനിരിക്കുന്ന യുഎസ് ഉപഭോക്തൃ പണപ്പെരുപ്പ നിരക്കിനെപ്പറ്റിയുള്ള ആശങ്കയിൽ നിക്ഷേപകർ ലാഭമെടുപ്പ് നടത്തിയതിനെ തുടർന്നാണ് മൂന്നാം ദിവസവും വിപണി നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 100 ഡോളറിനു താഴേക്കു പോയതിനെത്തുടർന്ന് ഏഷ്യൻ ഓഹരി വിപണികളോടൊപ്പം ആഭ്യന്തര വിപണിയിലും മുന്നേറ്റം ദൃശ്യമായിരുന്നു. എന്നാൽ ഐടി ഓഹരികളിൽ തുടരുന്ന ദുർബ്ബലാവസ്ഥയും, സ്വകാര്യ ബാങ്കുകളുടെ ഓഹരികളിലുണ്ടായ ലാഭമെടുപ്പും സെൻസെക്‌സും നിഫ്റ്റിയും നഷ്ടത്തിൽ അവസാനിക്കുന്നതിനു കാരണമായി. നിഫ്റ്റി […]
വ്യാപാരത്തിന്റെ തുടക്കത്തിൽ നേട്ടമുണ്ടാക്കിയ വിപണി, രണ്ടാം ഘട്ടത്തിൽ നഷ്ടത്തിൽ അവസാനിച്ചു. വരാനിരിക്കുന്ന യുഎസ് ഉപഭോക്തൃ പണപ്പെരുപ്പ നിരക്കിനെപ്പറ്റിയുള്ള ആശങ്കയിൽ നിക്ഷേപകർ ലാഭമെടുപ്പ് നടത്തിയതിനെ തുടർന്നാണ് മൂന്നാം ദിവസവും വിപണി നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 100 ഡോളറിനു താഴേക്കു പോയതിനെത്തുടർന്ന് ഏഷ്യൻ ഓഹരി വിപണികളോടൊപ്പം ആഭ്യന്തര വിപണിയിലും മുന്നേറ്റം ദൃശ്യമായിരുന്നു. എന്നാൽ ഐടി ഓഹരികളിൽ തുടരുന്ന ദുർബ്ബലാവസ്ഥയും, സ്വകാര്യ ബാങ്കുകളുടെ ഓഹരികളിലുണ്ടായ ലാഭമെടുപ്പും സെൻസെക്‌സും നിഫ്റ്റിയും നഷ്ടത്തിൽ അവസാനിക്കുന്നതിനു കാരണമായി.
നിഫ്റ്റി അതിന്റെ നിർണ്ണായക നിലയായ 16,000 ലെവലിൽ നിന്നു താഴ്ന്ന് 91.65 പോയിന്റ് നഷ്ടത്തിൽ (0.57 ശതമാനം) 15,966.65 ൽ അവസാനിച്ചപ്പോൾ, സെൻസെക്സ് 372.46 (0.69 ശതമാനം) പോയിന്റ് താഴ്ന്നു 53,514.15 ലും ക്ലോസ് ചെയ്തു.
സ്വകാര്യ ധനകാര്യ സ്ഥാപന ഓഹരികൾ വൻ തോതിലുള്ള വില്പന സമ്മർദ്ദം നേരിട്ടു. സെൻസെക്സിലെ പ്രധാന ഓഹരികളിലൊന്നായ ഇൻഡസ്ഇൻഡ് ബാങ്ക് 3.42 ശതമാനം ഇടിഞ്ഞ് ഏറ്റവും വലിയ നഷ്ടം രേഖപ്പെടുത്തി. എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി എന്നിവ യഥാക്രമം 2.35 ശതമാനവും, 2.53 ശതമാനവും ഇടിഞ്ഞപ്പോൾ, ഐസിഐസിഐ ബാങ്ക് 0.89 ശതമാനവും ബജാജ് ഫിൻസേർവ് 0.77 ശതമാനവും ഇടിഞ്ഞു.
എച്ച്സിഎൽ ടെക്കിന്റെ ഫലങ്ങളും നിക്ഷേപകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതിനാൽ ഐടി ഓഹരികളോടുള്ള സമീപനം കൂടുതൽ നെഗറ്റീവായി തുടർന്നു. എച്ച്സിഎൽ ടെക്കിന്റെ ഓഹരികൾ 1.11 ശതമാനം നഷ്ടത്തിലായപ്പോൾ, ടിസിഎസ് 1.49 ശതമാനവും, ടെക് മഹീന്ദ്ര 0.77 ശതമാനവും, വിപ്രോ 0.53 ശതമാനവും നഷ്ടത്തിലായി.
"ഇന്ത്യയുടെ പണപ്പെരുപ്പം നേരിയ തോതിൽ കുറഞ്ഞ് 7.01 ശതമാനമായതും, ഐഐപി ശക്തമായി വളർന്ന് 19.6 ശതമാനമായതും നിക്ഷേപകരുടെ താല്പര്യത്തെ പ്രചോദിപ്പിച്ചില്ല. എങ്കിലും, നിക്ഷേപകർ ഇന്നു വരാനിരിക്കുന്ന യുഎസ് പണപ്പെരുപ്പ കണക്കുകളുടെ കാര്യത്തിൽ വളരെ ശ്രദ്ധാലുക്കളാണ്. നിലവിൽ, ഐടി മേഖലയുടെ ദുർബ്ബലമായ വരുമാന ഫലപ്രഖ്യാപനങ്ങളോടു കൂടിയാണ് വരുമാന സീസൺ ആരംഭിച്ചിട്ടുള്ളത്. മുന്നോട്ടു പോകുമ്പോൾ, കമ്പനി ഫലങ്ങളുടെ കാര്യത്തിൽ വ്യക്തത വരികയും, വിപണിയുടെ ഗതി കൂടുതൽ ദൃശ്യമാവുകയും ചെയ്യും. ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിൽ താഴെയെത്തി. ഈ നില തുടർന്നാൽ, പെയിന്റ്, എഫ്എംസിജി, സിമന്റ്, ടയർ, ഏവിയേഷൻ എന്നീ മേഖലകൾക്ക് ഗുണമുണ്ടാകും. ദുർബ്ബലമായിരുന്ന മേഖലകൾ തിരിച്ചുവരവു കാണിക്കുന്നതിനാൽ ഞങ്ങൾ വിപണിയിൽ ഒരു 'സെക്ടർ റൊട്ടേഷൻ' കാണുന്നുണ്ട്," മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവ്വീസസിന്റെ റീട്ടെയിൽ റിസേർച്ച് ഹെഡ് സിദ്ധാർത്ഥ ഖേംക പറഞ്ഞു.
ഇന്ന് വിപണിയിൽ വ്യാപാരത്തിനെത്തിയ ഓഹരികളിൽ 1,673 എണ്ണം ലാഭത്തിലായപ്പോൾ, 1,647 എണ്ണം നഷ്ടത്തിലായി.
"തുടർച്ചയായ രണ്ടാം സെഷനിലും നിഫ്റ്റി അതിന്റെ ‘എക്സ്പൊണെൻഷ്യൽ മൂവിങ് ആവറേജി'നടുത്ത് പ്രതിരോധം നേരിട്ടു. ഡെയിലി ചാർട്ടുകളിൽ, വിലയുടെ ട്രെൻഡിൽ തുടർച്ചയായുണ്ടാകുന്ന 'ബെയറിഷ് ഫോർമേഷൻ' ഹ്രസ്വകാലത്തേക്ക് നിഫ്റ്റി ദുർബ്ബലമാകുന്നതിന്റെ സൂചനയാണ് നൽകുന്നത്. താഴത്തെ നിലയിൽ, നിഫ്റ്റി 15,850 വരെ എത്തിയേക്കാം. മുകളിലേക്കു പോയാൽ, 16,200 ൽ പ്രതിരോധം കാണാനാകും," എൽകെപി സെക്യൂരിറ്റീസിന്റെ സീനിയർ ടെക്‌നിക്കൽ അനലിസ്റ്റ് രൂപക് ദേ പറഞ്ഞു.